റിയാദ്: ‘മദീനത്തീ’ ആപ്പ് വഴി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച, ഭക്ഷ്യസുരക്ഷയും ഉൽപ്പന്ന ഗുണനിലവാരവും ലംഘിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, റിയാദ് നഗരസഭ, സുരക്ഷാ വകുപ്പുകളുമായും മറ്റ് സർക്കാർ വകുപ്പുകളുമായും സഹകരിച്ച് മൻഫൂഹ ഡിസ്ട്രിക്ടിൽ നടത്തിയ ഊർജിത പരിശോധനകളിൽ 84 വ്യാപാര സ്ഥാപനങ്ങൾ ഗുരുതര നിയമലംഘനങ്ങൾക്ക് അടച്ചുപൂട്ടി. ഭക്ഷ്യ സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കഫേകൾ, തെരുവ് കച്ചവട കേന്ദ്രങ്ങൾ, ഭക്ഷ്യ സംഭരണ വെയർഹൗസുകളായി മാറ്റിയ വീടുകൾ, പുകയില ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ നടത്തിയത്. റിയാദിലെ ഉയർന്ന ജനസാന്ദ്രതയും വാണിജ്യ പ്രവർത്തനങ്ങളുമുള്ള ഒരു സജീവ ജനവാസ മേഖലയാണ് മൻഫൂഹ ഡിസ്ട്രിക്ട്.
പരിശോധനകളിൽ 84 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, 531 സ്ഥാപനങ്ങൾക്ക് വിവിധ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുകയും, 11 സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും, 31,620 പാക്കറ്റ് ഉപയോഗശൂന്യമായ ഉൽപ്പന്നങ്ങൾ കണ്ടുകെട്ടുകയും, 25 കിലോഗ്രാം പുകയിലയും 5,322 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയും, 16 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മറ്റ് സർക്കാർ വകുപ്പുകളുടെ അധികാര പരിധിയിൽ പെട്ട 402 നിയമലംഘനങ്ങളും കണ്ടെത്തി.
കണ്ടെത്തിയ നിയമലംഘനങ്ങളിൽ അജ്ഞാത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന, കേടായ ഭക്ഷ്യവസ്തുക്കൾ, കാലഹരണപ്പെട്ട വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, മോശം ശുചിത്വം, മലിനീകരണത്തിനോ കേടുപാടുകൾക്കോ കാരണമാകുന്ന ഭക്ഷ്യ സംഭരണ രീതികൾ, വീടുകൾ ഭക്ഷ്യ വെയർഹൗസുകളാക്കി മാറ്റൽ, കേടായ ഇറച്ചിയുടെ വിൽപ്പന, വ്യാജ പുകയില ഉൽപ്പന്നങ്ങളുടെ പ്രദർശനം, ലൈസൻസ്, നഗരസഭാ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നത് തടയാനും, മുന്നറിയിപ്പ് നോട്ടീസ്, പിഴ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ എന്നിവ ഉൾപ്പെടെ കർശന നടപടികൾ നഗരസഭ സ്വീകരിച്ചു.


ഉയർന്ന വാണിജ്യ പ്രവർത്തനങ്ങളുള്ള മേഖലകളിൽ ദൈനംദിന, ആനുകാലിക പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായാണ് മൻഫൂഹയിൽ ഊർജിത പരിശോധന നടത്തിയത്. പരിശോധനകൾക്ക് ശേഷം, നിയമലംഘനങ്ങൾ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നഗരസഭ സ്ഥാപനങ്ങൾ നിരീക്ഷിക്കുന്നു. നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്താനും നിരീക്ഷിക്കാനും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു, ഇത് പോരായ്മകൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.
‘മദീനത്തീ’ ആപ്പ് വഴി പൊതുജനങ്ങൾക്ക് നിയമലംഘനങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാം. സ്ഥാപനങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, നിയമലംഘനങ്ങളുടെ ഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തി പരാതികൾ സമർപ്പിക്കാൻ ആപ്പിൽ സൗകര്യമുണ്ട്. ഫീൽഡ് ടീമുകൾ പരാതികൾ ഉടനടി കൈകാര്യം ചെയ്യുന്നു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സ്വദേശികളുടെയും വിദേശികളുടെയും സഹകരണം പരിശോധനാ കാമ്പെയ്നുകളുടെ വിജയത്തിന്റെ പ്രധാന ഘടകമാണെന്ന് നഗരസഭ വ്യക്തമാക്കി.