ജിദ്ദ– കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ പ്രതിദിനം ഡെലിവറി ചെയ്തത് 7,90,000 ലേറെ ഓര്‍ഡറുകള്‍. 2024 ല്‍ സൗദിയില്‍ ഡെലിവറി ഓര്‍ഡറുകളില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം 28.8 കോടിയിലേറെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 26 ശതമാനം വർധനവുണ്ട്. ഉപഭോക്തൃ പെരുമാറ്റത്തിലെ മാറ്റങ്ങളും ഡിജിറ്റല്‍ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നതിലുള്ള വര്‍ധനവും കാരണം എക്‌സ്പ്രസ് സര്‍വീസ് സമ്പദ്വ്യവസ്ഥയുടെ തുടര്‍ച്ചയായ വികാസമാണ് ഇത് വ്യക്തമാക്കുന്നത്.
റിയാദ് പ്രവിശ്യ മൊത്തം ഓര്‍ഡറുകളുടെ 45 ശതമാനം നേടി പട്ടികയില്‍ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം റിയാദില്‍ 13 കോടിയിലേറെ ഓര്‍ഡറുകളാണ് ഡെലിവറി ചെയ്തത്. പ്രതിദിനം ശരാശരി 3,57,000 ഓര്‍ഡറുകള്‍ തോതില്‍ റിയാദില്‍ ഡെലിവറി ചെയ്തു. മക്ക പ്രവിശ്യ 23 ശതമാനം ഓര്‍ഡറുകളുമായി രണ്ടാം സ്ഥാനത്തെത്തി. മക്ക പ്രവിശ്യയില്‍ 6.54 കോടി ഓര്‍ഡറുകള്‍ ഡെലിവറി ചെയ്തു. മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 4.3 കോടി ഓര്‍ഡറുകളും നാലാം സ്ഥാനത്തുള്ള മദീനയില്‍ 1.2 കോടി ഓര്‍ഡറുകളും അഞ്ചാം സ്ഥാനത്തുള്ള അസീറില്‍ ഒരു കോടി ഓര്‍ഡറുകളും ഡെലിവറി ചെയ്തു. സൗദിയില്‍ ആകെ ഡെലിവറി ചെയ്ത ഓര്‍ഡറുകളുടെ 91 ശതമാനം ഈ അഞ്ച് പ്രവിശ്യകളിലായിരുന്നു. പ്രതിദിനം ശരാശരി 7,15,000 ഓര്‍ഡറുകള്‍ ഈ പ്രവിശ്യകളില്‍ ഡെലിവറി ചെയ്തു.
ഡെലിവറികള്‍ക്കായി ഉപയോഗിക്കുന്ന മോട്ടോര്‍സൈക്കിളുകളുടെ എണ്ണത്തിലും വർധനവുണ്ട്. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 299 ശതമാനം തോതില്‍ വര്‍ധിച്ച് മോട്ടോര്‍സൈക്കിളുകളുടെ എണ്ണം 19,000 ആയി. വര്‍ഷാരംഭത്തില്‍ ഇത് 5,000 ആയിരുന്നു. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഡെലിവറി രീതികളിലേക്കുള്ള മാറ്റത്തെ ഇത് എടുത്തുകാണിക്കുന്നു.
എന്നാൽ ഡെലിവറി കാറുകളുടെ എണ്ണം നാലാം പാദത്തില്‍ 75,000 ആയി കുറഞ്ഞു. ആദ്യ പാദത്തില്‍ 91,000 ഡെലിവറി കാറുകള്‍ രാജ്യത്തുണ്ടായിരുന്നു. നാലാം പാദാവസാനത്തോടെ ഡ്രൈവര്‍മാരുടെ എണ്ണം 13 ശതമാനം തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ഡെലിവറി മേഖലയില്‍ 181,000 ഡ്രൈവര്‍മാരാണുള്ളത്. ആകെ ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞെങ്കിലും സൗദി ഡ്രൈവര്‍മാരുടെ എണ്ണം 55,000 ല്‍ നിന്ന് 60,000 ആയി ഉയര്‍ന്നു. അതേസമയം, വിദേശ ഡ്രൈവര്‍മാരുടെ എണ്ണം 1,52,000 ല്‍ നിന്ന് 121,000 ആയി കുറഞ്ഞു. ഈ മാറ്റം സൗദി പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള വ്യക്തമായ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു.



