ദമാം – കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഫാദിലി ഗ്യാസ് പ്ലാന്റ് വികസനത്തിന് 770 കോടി ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ അറിയിച്ചു. വികസന പദ്ധതിയിലൂടെ അല്‍ഫാദിലിയിലെ പ്രതിദിന ഗ്യാസ് സംസ്‌കരണ ശേഷി 250 കോടി ഘനയടിയില്‍ നിന്ന് 400 കോടി ഘനയടിയായി ഉയരും.
2021 നെ അപേക്ഷിച്ച് 2030 ഓടെ ഗ്യാസ് ഉല്‍പാദനം 60 ശതമാനത്തിലേറെ ഉയര്‍ത്താനുള്ള സൗദി അറാംകൊ തന്ത്രം കൈവരിക്കാന്‍ അല്‍ഫാദിലി പ്ലാന്റ് വികസന പദ്ധതി സഹായിക്കും. അല്‍ഫാദിലി ഗ്യാസ് പ്ലാന്റ് വിപുലീകരണം പ്രതിദിന സള്‍ഫര്‍ ഉല്‍പാദനത്തില്‍ 2,700 ടണ്‍ അധികമായി ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വികസന പദ്ധതി 2027 ഓടെ പൂര്‍ത്തിയാകും.
സൗദി അറാംകൊയുടെ പ്രകൃതി വാതക ഉല്‍പാദനം വര്‍ധിപ്പിക്കുക, ഹരിതഗൃഹ വാതക ഉദ് വമനം കുറക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുക, സംസ്‌കരണ, കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്ക് അധിക മൂല്യം കൈവരിക്കുന്നതിന് കൂടുതല്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കല്‍ എന്നീ അറാംകൊ ലക്ഷ്യങ്ങളെ പുതിയ കരാറുകള്‍ പ്രതിഫലിപ്പിക്കുന്നതായി സൗദി അറാംകൊയിലെ ടെക്‌നിക്കല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വാഇല്‍ അല്‍ജഅ്ഫരി പറഞ്ഞു. സാംസംഗ് എന്‍ജിനീയറിംഗ് കമ്പനി, ജി.എസ് എന്‍ജിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി, നെസ്മ ആന്റ് പാര്‍ട്‌ണേഴ്‌സ് കമ്പനി എന്നിവക്കാണ് കരാറുകള്‍ അനുവദിച്ചത്.
ക്യാപ്.
കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഫാദിലി ഗ്യാസ് പ്ലാന്റ് വികസന കരാറുകള്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ സൗദി അറാംകൊ, സാംസംഗ് എന്‍ജിനീയറിംഗ് കമ്പനി, ജി.എസ് എന്‍ജിനീയറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി, നെസ്മ ആന്റ് പാര്‍ട്‌ണേഴ്‌സ് കമ്പനി പ്രതിനിധികള്‍.