ജിദ്ദ – സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ പ്രവാസികള്‍ അടക്കം 60 പേരെ പ്രത്യേക കോടതികള്‍ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമ ലംഘകര്‍ക്ക് 5,000 റിയാല്‍ മുതല്‍ രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തി. അറുപതു പേര്‍ക്കും കൂടി ആകെ 20 ലക്ഷത്തിലേറെ റിയാലാണ് പിഴ ചുമത്തിയത്. വിദേശ നിക്ഷേപക ലൈസന്‍സ് നേടാതെയും രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചും സ്വന്തം നിലക്ക് ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയ എട്ടു പ്രവാസികളെയും ബിനാമി സ്ഥാപനങ്ങള്‍ നടത്താന്‍ വിദേശികള്‍ക്ക് കൂട്ടുനിന്ന 52 സൗദി പൗരന്മാരെയുമാണ് കോടതികള്‍ ശിക്ഷിച്ചത്.
കുറ്റക്കാരില്‍ ചിലര്‍ക്ക് തടവ് ശിക്ഷകളും വിധിച്ചിട്ടുണ്ട്. ബിനാമി ബിസിനസിലൂടെ സമ്പാദിച്ച പണവും സമ്പത്തും കണ്ടുകെട്ടാനും നിയമ വിരുദ്ധ സ്ഥാപനങ്ങള്‍ അടപ്പിക്കാനും ലൈസന്‍സുകളും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളും റദ്ദാക്കാനും വിധിയുണ്ട്. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസകളില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതികള്‍ ഉത്തരവിട്ടു. കുറ്റക്കാരായ സ്വദേശികള്‍ക്ക് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
റിയാദ്, മദീന, മക്ക, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, തബൂക്ക് എന്നിവിടങ്ങളില്‍ കോണ്‍ട്രാക്ടിംഗ്, റിയല്‍ എസ്റ്റേറ്റ്, സ്‌പെയര്‍ പാര്‍ട്‌സ്, വര്‍ക്ക് ഷോപ്പ്, മിനിമാര്‍ക്കറ്റുകള്‍, കന്നുകാലി കച്ചവടം, ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, അലൂമിനിയം, സ്റ്റീല്‍, ആക്രി, സ്റ്റേഷനറി, ഫര്‍ണിച്ചര്‍, ക്യാമറ, ടെക്‌സ്റ്റൈല്‍സ്, ജനറല്‍ സര്‍വീസ് അടക്കമുള്ള മേഖലയില്‍ ബിനാമി സ്ഥാപനങ്ങള്‍ നടത്തിയവരെയും ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്തവരെയുമാണ് കോടതികള്‍ ശിക്ഷിച്ചത്.
കോണ്‍ട്രാക്ടിംഗ് മേഖലയില്‍ ബിനാമി സ്ഥാപനം നടത്തിയ സിറിയക്കാരന്‍ അക്‌റം മഹ്‌മൂദ് മൂസ അല്‍കുറൈസ്, ജനറല്‍ സര്‍വീസ് മേഖലയില്‍ ബിനാമി സ്ഥാപനം നടത്തിയ ഈജിപ്തുകാരന്‍ അബ്ദുല്ല അബ്ദുറഊഫ് സലാമ, കോണ്‍ട്രാക്ടിംഗ് മേഖലയില്‍ ബിനാമി സ്ഥാപനം നടത്തിയ യെമനി മാസിന്‍ മന്‍സൂര്‍ നാജി, ഗ്യാസ് ഉപകരണങ്ങള്‍ വില്‍ക്കുന്ന മേഖലയില്‍ സ്വന്തം നിലക്ക് സ്ഥാപനം നടത്തിയ സിറിയക്കാരന്‍ മുഹമ്മദ് അല്‍മുഹമ്മദ്, ബിനാമിയായി ഇലക്‌ട്രോണിക്‌സ് കട നടത്തിയ യെമനി ജിബ്‌റാന്‍ ഹുസൈന്‍ അഹ്‌മദ് അല്‍ഹദാരി, ബിനാമിയായി കോണ്‍ട്രാക്ടിംഗ് സ്ഥാപനം നടത്തിയ സിറിയക്കാരന്‍ അലി മുഹമ്മദ് ഖൈര്‍ അബ്ദുല്‍ഹമീദ്, ജനറല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ബിനാമി സ്ഥാപനം നടത്തിയ ഫലസ്തീനി അബ്ദുല്‍ഖാലിഖ് ഈദാ അബ്ദുല്ല സഅ്‌റബ്, കന്നുകാലി വ്യാപാര മേഖലയില്‍ ബിനാമിയായി ബിസിനസ് നടത്തിയ സുഡാനി അല്‍ദു അലി അല്‍സുബൈര്‍ അഹ്‌മദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രവാസികള്‍.
സ്വന്തം നിലക്ക് ജ്വല്ലറി നടത്താന്‍ വിദേശിക്ക് കൂട്ടുനിന്ന സൗദി പൗരന്‍ സാമി അബ്ദുല്‍ഹാദി അല്‍ഖുലൈബ് അല്‍മിന്‍ഹാലിക്കും കെട്ടിട നിര്‍മാണ വസ്തുക്കളുടെ വില്‍പന മേഖലയില്‍ ബിനാമി സ്ഥാപനം നടത്താന്‍ വിദേശിക്ക് ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ സുലൈമാന്‍ സിന്ദ് മുഹമ്മദ് അല്‍റശീദിക്കും രണ്ടു ലക്ഷം റിയാല്‍ തോതില്‍ പിഴ ചുമത്തി. ശേഷിക്കുന്നവര്‍ക്ക് 1,00,000 റിയാല്‍, 60,000 റിയാല്‍, 50,000 റിയാല്‍, 40,000 റിയാല്‍, 30,000 റിയാല്‍, 20,000 റിയാല്‍, 15,000 റിയാല്‍, 10,000 റിയാല്‍, 5,000 റിയാല്‍ തോതിലാണ് പിഴ ചുമത്തിയത്.
സൗദിയില്‍ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമവിരുദ്ധമായി സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കല്‍, ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കല്‍, ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സ്വദേശികളായ നിയമ ലംഘകര്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കല്‍, നിയമ ലംഘകരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തല്‍ എന്നീ ശിക്ഷാ നടപടികളും നിയമ ലംഘകര്‍ക്കെതിരെ സ്വീകരിക്കും.



