മക്ക – ഈ വര്‍ഷം രണ്ടാം പാദത്തില്‍ 54,43,393 പേര്‍ ഉംറ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കി. ഇതില്‍ 33,52,506 പുരുഷന്മാരും (61.6 ശതമാനം) 20,90,887 സ്ത്രീകളുമാണ് (38.4 ശതമാനം). വിദേശത്ത് നിന്ന് എത്തിയ തീര്‍ഥാടകരുടെ എണ്ണം 13,24,418 ആയി. ഇവരിൽ 6,53,513 പേര്‍ പുരുഷന്മാരും (49.3 ശതമാനം) 6,70,905 പേര്‍ സ്ത്രീകളുമാണ് (50.7 ശതമാനം) വിദേശ തീര്‍ഥാടകരില്‍ 71.6 ശതമാനം പേര്‍ വിമാനങ്ങള്‍ വഴിയും 28.2 ശതമാനം പേര്‍ കര മാര്‍ഗവും 0.2% പേര്‍ കപ്പല്‍ മാര്‍ഗവുമാണ് രാജ്യത്തെത്തിയതെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീര്‍ഥാടകരില്‍ ഭൂരിഭാഗവും സൗദി അറേബ്യയിൽ നിന്നുള്ളവർ തന്നെയാണ്. 41,18,975 ആഭ്യന്തര തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിച്ചത്. ഇതില്‍ 26 ലക്ഷത്തിലേറെ പേര്‍ പുരുഷന്മാരും 16 ലക്ഷത്തിലേറെ പേര്‍ വനിതകളുമാണ്. ആഭ്യന്തര തീര്‍ഥാടകരില്‍ 51.6 ശതമാനം സൗദികളാണ്. 21 ലക്ഷം സൗദികള്‍ രണ്ടാം പാദത്തില്‍ ഉംറ നിര്‍വഹിച്ചു. ഇവരിൽ 62.9 ശതമാനവും കുടുംബത്തോടൊപ്പമാണ് ഉംറ നിര്‍വഹിച്ചത്. 28.7 ശതമാനം പേര്‍ തനിച്ചും ഉംറ നിര്‍വഹിച്ചു. 8.4 ശതമാനം പേര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പുണ്യഭൂമിയിലെത്തി ഉംറ നിര്‍വഹിച്ചത്.
ആഭ്യന്തര തീര്‍ഥാടകരില്‍ ഏറ്റവും കൂടുതല്‍ മക്ക പ്രവിശ്യയില്‍ നിന്നുള്ളവരായിരുന്നു. മക്ക പ്രവിശ്യയില്‍ നിന്നുള്ള 17,73,820 പേരാണ് ഉംറ നിര്‍വഹിച്ചത്. ആകെ ആഭ്യന്തര തീര്‍ഥാടകരില്‍ 43.1 ശതമാനവും മക്ക പ്രവിശ്യയില്‍ നിന്നുള്ളവരാണ്. റിയാദ് പ്രവിശ്യയില്‍ നിന്നുള്ള ആറു ലക്ഷം പേരും (14.6 ശതമാനം) ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ നിന്നുള്ള ഒമ്പതിനായിരം പേരും (0.2 ശതമാനം) ഉംറക്കെത്തി. ആഭ്യന്തര തീര്‍ഥാടരില്‍ 40 ലക്ഷത്തിലേറെ പേര്‍ ഒരു തവണയും, 24,000 പേര്‍ ഒന്നിലേറെ തവണയും ഉംറ കര്‍മം നിര്‍വഹിച്ചു.
ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശ തീര്‍ഥാടകര്‍ എത്തിയത്. വിദേശ തീര്‍ഥാടകരില്‍ 62.8 ശതമാനവും (എട്ടു ലക്ഷത്തിലേറെ പേര്‍) ഏപ്രിലിലാണ് പുണ്യഭൂമിയിലെത്തിയത്. ഏറ്റവും കുറവ് മെയ് മാസത്തിലായിരുന്നു. മെയ് മാസത്തില്‍ 1,98,000 തീര്‍ഥാടകര്‍ മാത്രമാണ് വിദേശങ്ങളില്‍ നിന്ന് എത്തിയത്. ആഭ്യന്തര തീര്‍ഥാടകരും ഏറ്റവും കൂടുതല്‍ ഏപ്രില്‍ മാസത്തിലായിരുന്നു. ഏപ്രില്‍ 20 ലക്ഷത്തിലേറെ (52.1 ശതമാനം) ആഭ്യന്തര തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിച്ചു. ജൂണിലായിരുന്നു ആഭ്യന്തര തീര്‍ഥാടകര്‍ ഏറ്റവും കുറവ്. ജൂണില്‍ 9,08,000 ഓളം ആഭ്യന്തര തീര്‍ഥാടകരാണ് ഉംറ നിര്‍വഹിച്ചത്.
രണ്ടാം പാദത്തില്‍ 37,67,666 പേര്‍ മദീന സിയാറത്തും നടത്തി. വിദേശങ്ങളില്‍ നിന്നുള്ള 21,02,425 പേരാണ് ഇക്കാലയളവില്‍ മദീന സിയാറത്ത് നടത്തിയത്. ഇവരിൽ 46.1 ശതമാനം പുരുഷന്മാരും 53.9 ശതമാനം സ്ത്രീകളുമാണ്. ഇതേ കാലയളവില്‍ രാജ്യത്തിനുള്ളില്‍ നിന്ന് മദീനയിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 16,65,341 ആണ്. ഇതില്‍ 7,66,165 പേര്‍ (46 ശതമാനം) സൗദികളാണ്. രാജ്യത്തിനുള്ളില്‍ നിന്നുള്ള 8,99,176 പ്രവാസികള്‍ (54 ശതമാനം) രണ്ടാം പാദത്തില്‍ മദീന സിയാറത്ത് നടത്തി. ആഭ്യന്തര സന്ദര്‍ശകരില്‍ 68.5 ശതമാനം പേര്‍ പുരുഷന്മാരും 31.5 ശതമാനം പേര്‍ വനിതകളുമാണെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.



