റിയാദ്: റിയാദ് മെട്രോയിലും പൊതു ബസ് സർവീസുകളിലും 6 വയസ്സിന് മുകളിലുള്ള സ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കുടുംബങ്ങളെ പിന്തുണയ്ക്കാനും ജീവിതചെലവ് കുറയ്ക്കാനും ആധുനിക പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും ഈ നടപടി ലക്ഷ്യമിടുന്നു.
സൗദി വിദ്യാർഥികൾ സ്കൂൾ തിരിച്ചറിയൽ കാർഡും വിദേശ വിദ്യാർഥികൾ ഇഖാമയും സ്കൂളിൽ നിന്നുള്ള സ്ഥിരീകരണ കത്തും ഹാജരാക്കണം. യൂണിവേഴ്സിറ്റി വിദ്യാർഥികൾ യൂണിവേഴ്സിറ്റി തിരിച്ചറിയൽ കാർഡ് കാണിക്കണം. റിയാദിലെ പൊതുഗതാഗത ഓഫീസുകളിൽ ഈ രേഖകൾ സമർപ്പിച്ച് ഇളവ് പ്രയോജനപ്പെടുത്താം. സുരക്ഷിതവും താങ്ങാവുന്നതുമായ ഗതാഗതം ഉറപ്പാക്കാൻ, നഗരത്തിന്റെ വിപുലമായ പൊതുഗതാഗത ശൃംഖലയുടെ വികസനത്തിന്റെ ഭാഗമായാണ് ഈ ഇളവെന്ന് അതോറിറ്റി വ്യക്തമാക്കി.