ജിദ്ദ – കഴിഞ്ഞ വർഷം നാലാം പാദത്തിൽ സൗദിയിൽ ട്രെയിൻ യാത്രക്കാർ 4.67 കോടി കവിഞ്ഞതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. നാലാം പാദത്തിൽ ട്രെയിൻ സർവീസുകൾ റെക്കോർഡ് നേട്ടം കൈവരിച്ചു. 2024 നാലാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 199 വളർച്ച രേഖപ്പെടുത്തി.
മൂന്നു മാസത്തിനിടെ ഇന്റർസിറ്റി ട്രെയിൻ സർവീസുകളിൽ യാത്രക്കാരുടെ എണ്ണം 29 ലക്ഷം കവിഞ്ഞു. ഇതിൽ 23 ലക്ഷം പേർ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയും 3,67,000 യാത്രക്കാർ ഈസ്റ്റേൺ റെയിൽവേയും 2,34,000 യാത്രക്കാർ ഉത്തര സൗദി റെയിൽവേയുമാണ് ഉപയോഗപ്പെടുത്തിയത്.
നഗരങ്ങൾക്കുള്ളിൽ ട്രെയിനുകൾ ഉപയോഗിച്ച് 4.38 കോടിയിലേറെ പേർ യാത്ര ചെയ്തു. റിയാദ് മെട്രോ 3.21 കോടി യാത്രക്കാരും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് മൂവർ 1.06 കോടി യാത്രക്കാരും പ്രയോജനപ്പെടുത്തി. റിയാദിലെ പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്‌മാൻ സർവകലാശാലയിലെ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ 9,82,000 ലേറെ യാത്രക്കാർ ഉപയോഗപ്പെടുത്തി.
മൂന്നു മാസത്തിനിടെ 40.9 ലക്ഷത്തിലേറെ ടൺ ചരക്കും 2,27,000 ലേറെ കണ്ടെയ്‌നറുകളും റെയിൽവേ ശൃംഖല വഴി നീക്കം ചെയ്തു. ദശീയ ഗതാഗത, ലോജിസ്റ്റിക്സ് സർവീസ് തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായി, സൗദി സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും പ്രത്യേകിച്ച് വ്യാവസായിക, ഖനന മേഖലകളിൽ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ട്രെയിനുകൾ വഹിക്കുന്ന നിർണായക പങ്ക് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നു. ഈസ്റ്റേൺ റെയിൽവേ ശൃംഖല വഴി 2,18,000 കണ്ടെയ്‌നറുകളും 4,39,000 ലേറെ ടൺ ചരക്കുകളും നീക്കം ചെയ്തു. ഉത്തര റെയിൽവേ ശൃംഖല വഴി 35 ലക്ഷം ടൺ ചരക്കുകളും ധാതുക്കളും നീക്കം ചെയ്തതായും ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.



