ജിദ്ദ – ഈദുല്‍ഫിത്ര്‍ നമസ്‌കാരത്തിനായി സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖകള്‍ 15,948 മസ്ജിദുകളും 3,939 തുറസ്സായ ഈദ് ഗാഹുകളും ഒരുക്കി. മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും പൂര്‍ത്തിയാക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം സൂര്യോദയം പിന്നിട്ട് കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സൗദിയില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് മസ്ജിദ് ജീവനക്കാരോട് മന്ത്രാലയം നിര്‍ദേശിച്ചു.
പള്ളികളും ഈദ് ഗാഹുകളും നിരീക്ഷിക്കാനും തയ്യാറെടുപ്പുകള്‍ ഉറപ്പാക്കാനും 6,000 ലേറെ പുരുഷ, വനിതാ സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി. മസ്ജിദുകളിലും ഈദ് ഗാഹുകളിലുമുള്ള സേവനങ്ങളില്‍ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ ഉണ്ടെങ്കില്‍ അതേ കുറിച്ച് 1933 എന്ന നമ്പറില്‍ ഗുണഭോക്തൃ സേവന കേന്ദ്രം വഴി അറിയിക്കണമെന്ന് മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.