ജിദ്ദ– റമദാന്‍ ഉല്‍പന്നങ്ങള്‍ അടക്കം നിത്യോപയോഗ വസ്തുക്കളടെയും മറ്റു ഉല്‍പന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്താന്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 37,0000 ലേറെ സ്ഥാപനങ്ങളില്‍ രണ്ടു മാസത്തിനിടെ വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ 30,476 സ്ഥാപനങ്ങളിലും ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 6,896 സ്ഥാപനങ്ങളിലുമാണ് രണ്ടു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. റമദാന്‍, ഉംറ, സിയാറത്ത് എന്നിവക്കുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണിത്. ഉംറ തീര്‍ഥാടകര്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്ന മീഖാത്തുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലും മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്രക്ക് തീര്‍ഥാടകരും സന്ദര്‍ശകരും ഉപയോഗിക്കുന്ന റോഡുകളിലും സ്ഥിതിചെയ്യുന്ന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, മൊത്ത വ്യാപാര കേന്ദ്രങ്ങള്‍, ജ്വല്ലറികള്‍, പെട്രോള്‍ ബങ്കുകള്‍, സര്‍വീസ് സെന്ററുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്.
ലഭ്യതയെയും ഡിമാന്റിനെയും ബാധിക്കുന്ന ഘടകങ്ങള്‍ വാണിജ്യ മന്ത്രാലയം നിരീക്ഷിക്കുകയും ഡിമാന്റിലെ വര്‍ധിച്ച ആവശ്യങ്ങള്‍ നിറവേറ്റാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വിതരണക്കാരുടെ ലഭ്യത ഉറപ്പാക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. റമദാന്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വിലയില്‍ കൃത്രിമം കാണിക്കാനുള്ള ഏതൊരു ശ്രമവും തടയാനും മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ സമഗ്ര പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.
വില്‍പ്പന നിയമങ്ങള്‍ക്കും ഉല്‍പ്പന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി, വിലകള്‍ പ്രദര്‍ശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള അംഗീകൃത വില്‍പ്പന നിയമങ്ങള്‍ വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് സെന്ററുകളും പാലിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുന്നു. റമദാന്‍ മാസത്തോടനുബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമായ പ്രമോഷണല്‍ ഓഫറുകളും മന്ത്രാലയം കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഔദ്യോഗിക ചാനലുകളിലൂടെ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.



