പത്ത് സി.ജിമാര്‍ക്കൊപ്പം ജോലിയെന്ന അപൂര്‍വഭാഗ്യം
ഈ തിരുവനന്തപുരത്തുകാരന് സ്വന്തം
ജിദ്ദ: 1991 ല്‍ – കൃത്യമായി 33 കൊല്ലം മുമ്പൊരു വേനല്‍ക്കാലത്താണ് – തിരുവനന്തപുരം മുടവന്‍മുകള്‍ സ്വദേശി ജയകുമാര്‍ കൃഷ്ണന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജോലിയ്‌ക്കെത്തുന്നത്. കുവൈത്തിലുള്‍പ്പെടെ ഇന്ത്യന്‍ അംബാസഡറായിരുന്ന, പ്രമുഖ നയതന്ത്രജ്ഞന്‍ രഞ്ജന്‍ മത്തായി എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്റെ ശുപാര്‍ശയിലാണ് ജയകുമാര്‍ ജിദ്ദയിലെത്തുന്നത്. അന്നത്തെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ തല്‍മീസ് അഹമ്മദിന്റെ സഹായം ഇക്കാര്യത്തില്‍ വലിയ തുണയായി. അദ്ദേഹം പിന്നീട് സൗദിയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനപതിയും കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ ഉന്നതപദവിയിലിരുന്ന നയതന്ത്രജ്ഞനുമായി ഉയര്‍ന്നു. തല്‍മീസ് അഹമ്മദിന്റെ ജിദ്ദാകാലം മുതല്‍ തുടര്‍ന്നങ്ങോട്ട് പത്ത് കോണ്‍സല്‍ ജനറല്‍മാരോടൊപ്പം ജോലി ചെയ്യുകയെന്ന അപൂര്‍വഭാഗ്യമാണ് ജയകുമാറിന് ലഭിച്ചത്. ഏതാണ്ട് മൂന്നര പതിറ്റാണ്ടിന്റെ സേവനം പൂര്‍ത്തിയാക്കി ജയകുമാര്‍ അടുത്ത ദിവസം പ്രവാസത്തിന് വിരാമമിടും. നാട്ടില്‍ വിശ്രമജീവിതമാണ് ഉദ്ദേശിക്കുന്നതെന്ന് ദീര്‍ഘകാലത്തെ കോണ്‍സുലേറ്റ് സേവനത്തിന്റെയും അനുഭവ സമ്പന്നമായ ജിദ്ദാ ജീവിതത്തിന്റേയും ഓര്‍മകള്‍ അയവിറക്കുന്ന ജയകുമാര്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു. പത്ത് കോണ്‍സല്‍ജ നറല്‍മാരോടൊത്തുള്ള സേവനകാലം മറക്കാനാവാത്തതാണ്. ഇത്രയും പരിചയസമ്പത്തുള്ള ജിദ്ദാ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ എണ്ണം, ജയകുമാര്‍ കൂടി നാട്ടിലേക്ക് പോകുന്നതോടെ രണ്ടോ മൂന്നോ ആയി ചുരുങ്ങും.
മദീനാ റോഡിലെ പഴയ കോണ്‍സുലേറ്റ് കാലം തൊട്ട് ഇപ്പോഴുള്ള കോണ്‍സുലേറ്റ് കെട്ടിടത്തില്‍ വരെ വിവിധ വകുപ്പുകളിലായി നീണ്ടകാലത്തെ സേവനം പൂര്‍ത്തിയാക്കിയാണ് ജയകുമാര്‍ മടങ്ങുന്നത്. പാസ്‌പോര്‍ട്ട് വിഭാഗത്തിലും ലേബര്‍- വിസാ വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കോണ്‍സല്‍ ജനറലുടെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. നാട്ടിലേക്ക് മടങ്ങുന്ന ജയകുമാറിന് സഹപ്രവര്‍ത്തകര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കൃഷ്ണന്‍ എന്ന പേരിലാണ് ജയകുമാര്‍ പൊതുവെ അറിയപ്പെടുന്നത്. ഭാര്യ ഷീല ജയകുമാര്‍. മകന്‍ നിതീഷ് ജോര്‍ദാനിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. രേവതിയാണ് നിതീഷിന്റെ ഭാര്യ. മകള്‍ നീതു തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു. മരുമകന്‍ പ്രശാന്ത്.