313 ആടുകൾ, എട്ട് ഒട്ടകങ്ങൾ, ഒരു കഴുത. മരുഭൂമിയിൽ ഇടയനായി കുപ്പായമിടുമ്പോൾ പാലക്കാട്ടുകാരൻ പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുൽ ഗഫൂറിന്റെ കൈവശം സൗദിയിലെ സ്പോൺസർ ഏൽപ്പിച്ചത് ഇതൊക്കെയായിരുന്നു. ആടുകൾക്കും ഒട്ടകങ്ങൾക്കുമൊപ്പം ജീവിച്ചതിന്റെ കരുത്തുമായി നാലര പതിറ്റാണ്ടോളമായുള്ള പ്രവാസം ഇപ്പോഴും തുടരുകയാണ് പാലക്കാട്ടുകാരൻ അബ്ദുൽ ഗഫൂർ.
റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ ഖവിയ്യയിലായിരുന്നു 43 വർഷം മുമ്പ് ഗഫൂർ ആടു ജീവിതം നയിച്ചത്. ആടുജീവിതവും കടന്ന് മക്ക വഴി ജിദ്ദയിലെത്തിയ ഗഫൂർ, വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന വി.ഐ.പി സന്ദർശകർ താമസിക്കുന്ന ജിദ്ദയിലെ അറേബ്യൻ ഹോംസിന്റെ ഡ്രൈവറാണ് ഇപ്പോൾ. കഴിഞ്ഞ മുപ്പതു വർഷമായി രാത്രി ജോലി മാത്രം ചെയ്ത് ഗഫൂർ പ്രവാസ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നു. ത്രസിപ്പിക്കുന്ന ജീവിതകഥയാണ് അബ്ദുൽ ഗഫൂറിന്റേത്. പ്രണയവും വിരഹവും കയ്പ്പും മധുരവുമെല്ലാം ഗഫൂറിന്റെ ഒറ്റക്കഥയിൽ കൂട്ടായുണ്ട്.
1981 നവംബറിലാണ് ഗഫൂർ മുംബൈ വഴി റിയാദിലെത്തുന്നത്. പാലക്കാട് മേൽപ്പറമ്പ് സ്വദേശിയായ ഗഫൂറിന് എട്ടാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂ. ഉപ്പയുടെ ചായക്കടയിൽ സഹായിയായി നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രണയത്തിൽ പെട്ടത്. പ്രണയത്തിൽനിന്ന് മകനെ ഊരിയെടുക്കാനായി ഉപ്പ കണ്ട വഴിയായിരുന്നു സൗദിയിലേക്ക് അയക്കുക എന്നത്. ഞാൻ തിരിച്ചെത്തുമെന്നും മകളെ എനിക്ക് തന്നെ വിവാഹം ചെയ്തു തരണമെന്നും കാമുകിയുടെ പിതാവിനെ കണ്ട് പറഞ്ഞാണ് ഗഫൂർ ബോംബെയിലേക്ക് വണ്ടി കയറിയത്. രണ്ടാഴ്ച ബോംബെയിൽ കഴിഞ്ഞ ഗഫൂർ അവസാനം വിമാനതാവളത്തിലെ ചവിട്ടിക്കയറ്റലിലൂടെ റിയാദിലെത്തി.
റിയാദ് വിമാനതാവളവത്തിന് സമീപത്തുള്ള മുറിയിലായിരുന്നു ഗഫൂറും മറ്റ് ഒമ്പത് പേരും താമസിച്ചിരുന്നത്. പിറ്റേന്ന് രാവിലെ ജി.എം.സി വാനിൽ ഒരു സൗദിയെത്തി.
ആരാണ് പൂത്താൻ- സൗദിയുടെ ചോദ്യം.
അങ്ങിനെ ഒരാളില്ലായിരുന്നു. സൗദി പൗരൻ ഓരോരുത്തരുടെയും പാസ്പോർട്ട് വാങ്ങി പരിശോധിച്ചു. പൂത്താൻ എന്നയാൾ പുത്തൻ വീട്ടിൽ ഗഫൂറായിരുന്നു. പുത്തനെയാണ് സൗദി പൂത്താൻ എന്ന് വിളിച്ചത്.
ഗഫൂറിന്റെ പ്രവാസം ആ ജി.എം.സി വണ്ടിയിൽ കയറി യാത്ര തുടങ്ങുകയായിരുന്നു. റിയാദിൽനിന്ന് മൂന്നു മണിക്കൂറോളം സഞ്ചരിച്ചാണ് അൽ ഖവിയ്യയിൽ എത്തിയത്. സൗദിയുടെ വീടിനോട് ചേർന്നുള്ള ചെറിയ മുറിയിലായിരുന്നു ഗഫൂറിന്റെ താമസം. മൂന്നു മാസത്തോളം അവിടെ കഴിഞ്ഞു. വീടിന് പിറകിലെ വിശാലമായ സ്ഥലത്ത് ആടുകളെ മേയ്ക്കും. നാട്ടിലേക്ക് ഫോൺ ചെയ്യാനോ വിവരങ്ങളറിയാനോ സൗകര്യമില്ലായിരുന്നു. ഐ.എസ്.ഡി വിളിക്കുന്നത് എങ്ങിനെയെന്ന് അറിയില്ല.
തൊട്ടടുത്തുള്ള പട്ടണത്തിലെ മലയാളികളായ കോട്ടയം സ്വദേശി ജോണി, കൊടുങ്ങല്ലൂർ സ്വദേശി അലി എന്നിവരുടെ സഹായത്തോടെയായിരുന്നു നാട്ടിലേക്ക് കത്തും പണവും അയച്ചത്. ന്റെ മോൻ ആടിനെ നോക്കിയ പൈസയാണല്ലേ ഇതെന്ന് പറഞ്ഞ് ഉമ്മ നെഞ്ചുരുകി.
1250 രൂപയായിരുന്നു അക്കാലത്ത് ഗഫൂർ നാട്ടിലേക്ക് അയച്ചത്. ആദ്യത്തെ മൂന്നു മാസം കഴിഞ്ഞതോടെ ഗഫൂറിന്റെ പ്രവാസം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. മരുഭൂമിയിലാണ് ഇനിയുള്ള ജീവിതം. മരുഭൂമിയിലൂടെ മുപ്പത് കിലോമീറ്റർ വാഹനമോടിച്ചാണ് അവിടെ എത്തിയത്. ടെന്റിൽ ഒറ്റയ്ക്ക് താമസം. കൂട്ടായി 313 ആടുകളും എട്ട് ഒട്ടകവും ഒരു കഴുതയും. മരുഭൂമിയിലെ യാത്രയ്ക്കുള്ളതായിരുന്നു കഴുത.
ആടിനെ മേയ്ക്കാനുള്ള സിദ്ധി അധികം വൈകാതെ ഗഫൂർ സ്വായത്തമാക്കി. ആടുകൾക്ക് തീറ്റകൊടുക്കുന്നതും തീറ്റക്കായി ആടുകളെ വിളിക്കുന്നതുമെല്ലാം അറബി പഠിപ്പിച്ചു കൊടുത്തു. നാലോ അഞ്ചോ ആടുകളെ തന്റെ അടുത്തു നിർത്തി മേയാൻ വിടും. ഭക്ഷണത്തിന് സമയമായാൽ പ്രത്യേക ശബ്ദമുണ്ടാക്കും. തന്റെ അടുത്തുള്ള ആടുകൾക്ക് തിന്നാൻ കൊടുക്കും. അതുകണ്ട് മറ്റ് ആടുകൾ ഓടിയെത്തും.
പ്രസവിച്ചുവീണ ആട്ടിൻ കുഞ്ഞുങ്ങളെ തല ഒഴികെയുള്ള ഭാഗം മണലിലിൽ അരമണിക്കൂറോളം പൊതിഞ്ഞുവെക്കും. ശേഷം പുറത്തേക്കെടുത്താൽ അവയുടെ ദേഹം പൂർണമായും ശുദ്ധമായിട്ടുണ്ടാകും. കുഞ്ഞുങ്ങളെയും തോളിലേറ്റി ടെന്റിലേക്ക് നടന്നുവരും. രാത്രി മുഴുവൻ മരുഭൂമിയിൽ ആടുകൾക്കൊപ്പമിരിക്കും. കൂരിരിട്ടിലും നിലാവിലും കൊടുംചൂടിലുമെല്ലാം.. മഴ പെയ്തതായി ഓർമയേ ഇല്ല.
അറബിയിൽനിന്ന് ചിലപ്പോഴെല്ലാം അടിയും കിട്ടും. ആദ്യം കിട്ടിയ അടി സൗദിയുടെ മകൾ തന്നെ കെട്ടിപ്പിടിച്ചതിനായിരുന്നുവെന്ന് ഗഫൂർ ഓർക്കുന്നു. ആടുകളെ ഇണചേർക്കുന്ന ദിവസമായിരുന്നു അത്. പെണ്ണാടിനെയും ആണാടിനെയും കുറെനേരം ഒരുമിച്ചുനിർത്തണം. സൗദിയുടെ മകളും ഗഫൂറും കൂടിയായിരുന്നു അത് ചെയ്തത്. എല്ലാം കഴിഞ്ഞ് പോകാൻ നേരം സൗദിയുടെ മകൾ ഓടിയെത്തി ഗഫൂറിനെ കെട്ടിപ്പിടിച്ചു. ഇത് സൗദി കണ്ടു. മകളെ അയാൾ പൊതിരെ തല്ലി. തടയാൻ ചെന്നതിനായിരുന്നു ഗഫൂറിന് അടി കിട്ടിയത്. സ്പോൺസറുടെ ചീത്ത വിളി പിന്നീടും തുടർന്നു.
ഇനിയും ഇവിടെ നിൽക്കാനാകില്ലെന്ന് തോന്നിയതോടെ എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്നായി ഗഫൂറിന്. അക്കൊല്ലത്തെ ഹജിന് പോയി അവിടെനിന്ന് മുങ്ങാൻ ആരൊക്കെയോ ഉപദേശിച്ചു. ഗഫൂർ താമസിക്കുന്നതിന് കൂറെ ദൂരെയുള്ള ചില മലയാളികളായിരുന്നു ഇക്കാര്യം ഉപദേശിച്ചത്. അവർ തന്നെ ഗഫൂറിന്റെ സ്പപോൺസറോട്ഞ്ഞ് സംസാരിച്ച് പോകാനുള്ള അനുമതി വാങ്ങിപ്പിച്ചു. ഈജിപ്ഷ്യൻ സ്വദേശിയായ ഒരാളുടെ കൂടെയാണ് ഗഫൂറിനെ അയച്ചത്. പാസ്പോർട്ട് സ്പോൺസർ വാങ്ങിവെക്കാനുള്ള ശ്രമം നടത്തി.
ഹജ് കർമ്മങ്ങളെല്ലാം കഴിഞ്ഞ് ഗഫൂർ തനിക്കൊപ്പം വന്ന ഈജിപ്ഷ്യൻ പൗരന്റെ അടുത്തുനിന്ന് മുങ്ങി. ആടുകൾക്കിടയിൽനിന്ന് നേരെ വന്നതിനാൽ മുടിയെല്ലാം വലുതായി ജട പിടിച്ചിരുന്നു. ഹറമിൽ കിടന്നുറങ്ങി. ആ ഉറക്കത്തിൽ തന്റെ സ്വപ്നത്തിൽ ഒരു നിലാവ് വന്നുവെന്ന് ഗഫൂർ പറയുന്നു. പൂർണ്ണചന്ദ്രൻ ഗഫൂറിന്റെ കിനാവിൽ നിലാവ് പരത്തി.
ഉറക്കമുണർന്നപ്പോൾ ഒരാൾ മുന്നിലുണ്ടായിരുന്നു. അയാളോട് ഗഫൂർ തന്റെ സങ്കടം പറഞ്ഞു. ഇനിയും തിരിച്ചുപോയാൽ സൗദിയുടെ മർദ്ദനം ഏൽക്കേണ്ടി വരുമെന്ന സങ്കടം. മണ്ണാർക്കാട് സ്വദേശി സെയ്തലവി ആയിരുന്നു അത്. ഗഫൂറിനെയും കൂട്ടി സെയ്തലവി നടന്നു. ഹജിനുള്ള ടെന്റിൽ തൂതക്കാരൻ മുഹമ്മദ് കുട്ടിയും ഉണ്ടായിരുന്നു.
ഞങ്ങളെ കൂടെ പോര് എന്ന് പറഞ്ഞ് സെയ്തലവിയും മുഹമ്മദ് കുട്ടിയും ഗഫൂറിനെയുമായി ജിദ്ദയിലേക്ക് തിരിച്ചു.
ഷറഫിയയിൽ അക്കാലത്ത് പ്രശസ്തമായ റഹ്മത്ത് മെസ്സിലേക്കായിരുന്നു ആ യാത്ര. അവിടെ അന്ന് പി.എം.എ സലാം(ഇപ്പോഴത്തെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി), പിന്നീട് വ്യവസായ പ്രമുഖനായ റബീഉള്ള തുടങ്ങിയ നിരവധി പേരുണ്ടായിരുന്നു. അവിടെ മെസ് വെക്കാൻ തുടങ്ങിയാണ് ഗഫൂറിന്റെ ജിദ്ദ ജീവിതം ആരംഭിച്ചത്. വേറെയും മെസ് തുടങ്ങി. ഏതെങ്കിലും കുടുംബങ്ങൾ താമസിക്കാനെത്തിയാൽ അവർക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുത്തു. ഒരു രേഖയുമില്ലാതെ ആറു വർഷം ഷറഫിയയിൽ തുടർന്നു. പോലീസിനെ കണ്ടാൽ കുതിച്ചോടും. ഇഖാമയും ഡ്രൈവിംഗ് ലൈസൻസുമില്ലാതെ കാറോടിച്ചു. പോലീസിനെ കാണുമ്പോൾ കാർ വഴിയിലുപേക്ഷിച്ച് ഓടും. ഇതിനിടയിൽ ഷറഫിയയിൽ വീഡിയോ കാസറ്റുകളും വി.സി.ആറുകളും വാടകക്ക് കൊടുക്കുന്ന ഷോപ്പ് തുടങ്ങി. സിനിമാ വീഡിയോകളായിരുന്നു വാടകക്ക് കൊടുതത്ത്. സൈതലവി എന്ന കൂട്ടുകാരനും സഹായത്തിനുണ്ടായിരുന്നു. ഗഫൂറിനെയും സൈതലവിയെയും മല്ലനും മാധവനും എന്നായിരുന്നു ആളുകൾ സ്നേഹത്തോടെ വിളിച്ചിരുന്നത്.
ഇതിനിടയിൽ മെസ് വളർന്നിരുന്നു. താമരശേരി മെസിൽ അപ്പോഴേക്കും 22 പേരുണ്ടായി. 1986-ലെ ലോകകപ്പ് ഫുട്ബോൾ വന്നത് ഗഫൂറിന് മറ്റൊരു തരത്തിൽ വിനയായി. മെസിൽ ഭക്ഷണമുണ്ടാക്കാതെ ലോകകപ്പ് കാണാനായി ഗഫൂർ സമയം ചെലവിട്ടു. മറഡോണയുടെ കാലുകളിൽ പന്ത് കവിത നെയ്യുമ്പോൾ ഗഫൂറിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. കളിയുമായി നടന്നു. അതോടെ അത് പൂട്ടി. കാസറ്റ് കച്ചവടത്തിലൂടെ ലഭിച്ച 13000 റിയാലിന് ജാമിഅയിൽ ഹോട്ടൽ തുടങ്ങിയെങ്കിലും 23 ദിവസം കൊണ്ട് അത് പൊട്ടിപാളീസായി. പണം മുഴുവൻ പോയി.
വൈകാതെ, ഷറഫിയയിൽനിന്ന് താമസം ബവാദിയിലേക്ക് മാറ്റി. സി.ടി അബ്ദുറഹിമാനൊപ്പമായിരുന്നു അത്. ഇവിടെ ഫൈസൽ അസൈഹ് എന്ന സൗദിയുടെ കൂടെയായി. ഫൈസലിനൊപ്പം ഗഫൂർ ചേർന്നതും അതീവ രസകരമാണ്.
ഫൈസലിന് പുതുപുത്തൻ വോൾവോ കാറുണ്ടായിരുന്നു. കാർ കഴുകാൻ ഏൽപ്പിച്ചത് ഗഫൂറിനെയും. ബുധനാഴ്ച ഓഫീസ് വിട്ടുവന്നാൽ കാറിന്റെ കീ ഗഫൂറിനെ ഏൽപ്പിച്ച് ഫൈസൽ ഉറങ്ങാൻ പോകും. ഫൈസൽ ഇല്ലല്ലോ എന്നുറപ്പിച്ച് ഗഫൂർ വോൾവോ കാർ പുറത്തിറക്കി. ആ കെട്ടിടത്തിന് ചുറ്റും ഒരു റൗണ്ട് ഓടിച്ച് ഒറ്റയടിക്ക് കാർ പാർക്ക് ചെയ്തു.
വീടിന് മുകളിൽനിന്ന് ഫൈസൽ ഇതു കാണുന്നുണ്ടായിരുന്നു. ഗഫൂറിനെ ഫൈസൽ വിളിപ്പിച്ചു. പേടിച്ചുവിറച്ചാണ് ഫൈസലിന് അടുത്തേക്ക് ഗഫൂർ വന്നത്. എന്നാൽ ഗഫൂറിനെ വിസ്മയിപ്പിച്ച്, ഞാൻ വിസ തന്നാൽ എന്റെ അടുത്തേക്ക് വരാമോ എന്നായിരുന്നു ഫൈസൽ ചോദിച്ചത്. എങ്ങിനെയെങ്കിലും നാട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്ന ഗഫൂർ ഉടൻ സമ്മതം പൂളി. തലവെട്ടിയൊട്ടിച്ച പാസ്പോർട്ടും സംഘടിപ്പിച്ച് ഗഫൂർ നാട്ടിലേക്ക് തിരിച്ചു. 288 കിലോ ലഗേജാണ് ഗഫൂർ നാട്ടിലേക്ക് കൊണ്ടുപോയത്. തന്റെ പഴയ കാമുകിയെ കാണാൻ വീട്ടിലേക്ക് പോയെങ്കിലും അപ്പോഴേക്കും അവരുടെ വിവാഹം കഴിഞ്ഞിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിൽ വിവാഹിതനായി. സുഹറാബിയായിരുന്നു വധു.
പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച് ഫൈസൽ നൽകിയ വിസയിൽ തിരികെയെത്തി. ഫൈസലിന്റെ ഭാര്യയെ കോളേജിൽ കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതുമായിരുന്നു പ്രധാന തൊഴിൽ. പിന്നീടുള്ള സമയത്ത് ടാക്സി ഡ്രൈവറായും ജോലി ചെയ്തു. കുറെ വർഷത്തിന് ശേഷം ഫൈസലിന്റെ സ്പോൺസർഷിപ്പിൽനിന്ന് മാറി പുതിയ ജോലി തുടങ്ങി. അതും ടാക്സി ഡ്രൈവറായിട്ടായിരുന്നു.
1990 ഓഗസ്റ്റ് ഒന്നിന് സദ്ദാം ഹുസൈൻ കുവൈത്ത് അക്രമിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ടാക്സി ഓടിക്കാൻ കഴിയാതെയായി. ചേളാരി സ്വദേശി മൂസക്കോയ തനിക്ക് ലഭിച്ചിരുന്ന സ്ഥിരം ട്രിപ്പുകളിലൊന്ന് ഗഫൂറിനെ ഏൽപ്പിച്ചു. സൗദി ഹോളണ്ട് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ദാവൂദ് ജെ ഒപേഡെകിന്റെ സ്ഥിരം ഡ്രൈവറായി ഗഫൂറെത്തി. മൂന്നുവർഷത്തോളം അദ്ദേഹത്തിന്റെ വളയം പിടിച്ചു. ദാവൂദ് താമസിച്ചിരുന്നത് അറേബ്യൻ ഹോംസ് എന്ന പ്രീമിയം വില്ലയിലായിരുന്നു. അറേബ്യൻ ഹോംസ് സി.ഇ.ഒ ഷൊണാർഡുമായി പരിചയത്തിലായി. 1994 ഏപ്രിൽ രണ്ടു മുതൽ അറേബ്യൻ ഹോംസിൽ ഡ്രൈവറാണ് ഗഫൂർ. എല്ലാ ദിവസവും രാത്രി ഡ്യൂട്ടി മാത്രം. ഇതെന്തേ രാത്രി മാത്രം ഡ്യൂട്ടിയെന്ന് ചോദിച്ചാൽ ഗഫൂർ പറയും. സൗദി മാറിയ നാലരപ്പതിറ്റാണ്ടിലൂടെയാണ് ഗഫൂർ ഇപ്പോഴും വണ്ടിയോടിക്കുന്നത്. സുഹൈറും റോഷ്നയും സൽമാനുമാണ് ഗഫൂറിന്റെ മക്കൾ. നിഷാന റൈഹാൻ, സക്കരിയ ഉമർ എന്നിവർ മരുമുക്കളും.
എനിക്കൊപ്പം മരുഭൂമിയിലെ രാത്രിയുണ്ട്, ഹറമിൽ വെച്ച് ഞാൻ പകൽ കിനാവ് കണ്ട പൂർണ്ണനിലാവുണ്ട്. ഇപ്പോഴും രാത്രിയിൽ പൂർണ്ണചന്ദ്രനെ കണ്ടാൽ ഞാൻ വണ്ടി നിർത്തി മതിവരുന്നത് വരേ ചന്ദ്രനെയും നോക്കിയിരിക്കും.. ഹറമിൽ കണ്ട അതേ നിലാവാണ് എന്നെ ഇപ്പോഴും സന്തോഷിപ്പിക്കുന്നത്.