ജിദ്ദ: നിയമവിരുദ്ധമായി ഹജ് കർമം നിർവഹിക്കാൻ സ്വദേശികളെയും വിദേശികളെയും സഹായിച്ചതിന് വിവിധ മന്ത്രാലയങ്ങളിലെ 30 ഉദ്യോഗസ്ഥരെ സൗദി ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റി (നസാഹ) ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു. ഹജ് പെർമിറ്റ് (തസ്‌രീഹ്) ഇല്ലാത്തവരെ മക്കയിലെ ചെക്ക്‌പോസ്റ്റുകളിലൂടെ കടത്തിവിട്ടതാണ് ആരോപണം. അറസ്റ്റിലായവരിൽ ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ, ആഭ്യന്തര മന്ത്രാലയത്തിലെ 26 ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ, ഇസ്‌ലാമിക് അഫയേഴ്‌സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നു. സമീപകാലത്ത് കണ്ടെത്തിയ 10 പ്രധാന അഴിമതി കേസുകളുടെ വിശദാംശങ്ങളും അതോറിറ്റി പുറത്തുവിട്ടു.
സർവകലാശാല അക്കൗണ്ടിൽനിന്ന് 1,00,800 റിയാൽ തട്ടിയെടുത്ത മുൻ യൂനിവേഴ്സിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. താത്കാലിക തൊഴിൽ വിസകൾ നിയമവിരുദ്ധമായി ദീർഘിപ്പിച്ചതിന് പണം സ്വീകരിച്ച ജവാസാത്ത് ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പിടികൂടി. നഗരസഭാ നിയമങ്ങൾ ലംഘിച്ചതിന് ചുമത്തിയ പിഴകൾ റദ്ദാക്കാൻ വ്യവസായിയിൽനിന്നും ഒരു സൗദി പൗരനിൽനിന്നും രണ്ട് വിദേശികളിൽനിന്നും കൈക്കൂലി വാങ്ങിയ നഗരസഭാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. ഈ കേസിൽ കൈക്കൂലി നൽകിയ നാല് പേരും പിടിയിലായി.
വിമാനത്താവളത്തിൽ സകാത്ത്, നികുതി ആൻഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്ത പുകയില ശേഖരം നിയമവിരുദ്ധമായി വിട്ടുകൊടുക്കാൻ കൈക്കൂലി വാഗ്ദാനം ചെയ്ത വിദേശിയെ അറസ്റ്റ് ചെയ്തു. സിവിൽ ഡിഫൻസ് നിയമലംഘനങ്ങൾക്ക് കണ്ണടച്ച് ലൈസൻസ് പുതുക്കാൻ വ്യാപാര സ്ഥാപന ജീവനക്കാരനിൽനിന്ന് പണം സ്വീകരിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനെയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു.
നിയമാനുസൃത രേഖകളില്ലാത്ത സ്ഥലത്ത് കെട്ടിട നിർമാണം പൂർത്തിയാക്കാൻ സൗദി പൗരനെ സഹായിച്ചതിനും വൈദ്യുതി കണക്ഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തതിനും 17,000 റിയാൽ കൈപ്പറ്റിയ നഗരസഭാ ഉദ്യോഗസ്ഥനും പിടിയിലായി. കോടതിയിലെ കേസുകൾ ഫോളോ-അപ്പ് ചെയ്യുന്നതിനും വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറുന്നതിനും പണം സ്വീകരിച്ച ക്രിമിനൽ കോടതി ജീവനക്കാരനും കോടതി ക്ലർക്കും അറസ്റ്റിലായി. പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്വകാര്യ വാഹനത്തിൽ ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾ നടത്തിയ പോലീസ് ഉദ്യോഗസ്ഥനെയും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തു.
നാഷണൽ വാട്ടർ കമ്പനിയുടെ ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ വാട്ടർപ്രൂഫിംഗ് കമ്പനിയിലെ വിദേശിക്ക് കൈമാറിയതിന് കൈക്കൂലി വാങ്ങിയ കമ്പനി ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തതായി നസാഹ അറിയിച്ചു.