ജിദ്ദ – പെട്രോള്‍ ബങ്കുകള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കുമായുള്ള സ്ഥിരം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു കീഴിലെ പരിശോധനാ സംഘങ്ങള്‍ ചിലയിനം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വിസമ്മതിച്ചത് ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ക്ക് വിധേയമായി മൂന്ന് പെട്രോള്‍ ബങ്കുകള്‍ അടച്ചുപൂട്ടി. ജിദ്ദ, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ നഗരസഭ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കുകളാണ് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് അടച്ചുപൂട്ടിയത്.
ബങ്കുകള്‍ വ്യവസ്ഥകള്‍ പാലിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യത, വിതരണ സുരക്ഷ ഉറപ്പാക്കല്‍, എല്ലാ ബങ്കുകളിലെയും വില്‍പ്പന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്നിവ നിരീക്ഷിക്കാന്‍ ഫീല്‍ഡ് സംഘങ്ങള്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്. പെട്രോള്‍ ബങ്കുകളും സര്‍വീസ് സെന്ററുകളും ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, എല്ലാ ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് പരിശോധനാ സംഘങ്ങള്‍ വര്‍ഷം മുഴുവനും തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുകയാണ്. പെട്രോള്‍ ബങ്കുകളുടെയും സര്‍വീസ് സെന്ററുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 8001244777 ല്‍ ബന്ധപ്പെട്ടോ ആപ്പിള്‍, ആന്‍ഡ്രോയ്ഡ് സ്‌റ്റോറുകളില്‍ ലഭ്യമായ ഖിദ്മതുശ്ശുറകാ ആപ്പ് വഴിയോ എല്ലാവരും അറിയിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.



