റിയാദ് – ഈ വര്‍ഷം രണ്ടാ പാദത്തില്‍ റിയാദ് മെട്രോ സര്‍വീസുകള്‍ 2.36 കോടിയിലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. രണ്ടാം പാദത്തില്‍ സൗദിയില്‍ റെയില്‍ ഗതാഗത മേഖല അസാധാരണമായ വളര്‍ച്ച കൈവരിച്ചു. ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 3.65 കോടി കവിഞ്ഞു. ഈ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ പത്തു ലക്ഷത്തിലേറെ പേരുടെ വര്‍ധന രേഖപ്പെടുത്തി.
രണ്ടാം പാദത്തില്‍ നഗര റെയില്‍ ഗതാഗത മേഖല ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു. നഗരങ്ങള്‍ക്കകത്തെ ട്രെയിന്‍ സര്‍വീസുകളില്‍ 3.38 കോടിയിലേറെ പേര്‍ യാത്ര ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി നഗര റെയില്‍ ഗതാഗത മേഖലയില്‍ വര്‍ധിച്ചുവരുന്ന ആവശ്യകത ഇത് പ്രതിഫലിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയ ട്രെയിനുകളുടെ പട്ടികയില്‍ റിയാദ് മെട്രോ ഒന്നാമതെത്തി. മൂന്നു മാസത്തിനിടെ 2.36 കോടിയിലേറെ യാത്രക്കാര്‍ റിയാദ് മെട്രോ ഉപയോഗപ്പെടുത്തി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ഷട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ 77.6 ലക്ഷത്തിലേറെ യാത്രക്കാക്ക് പ്രയോജനപ്പെട്ടു. റിയാദിലെ പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകലാശാലയിലെ ഓട്ടോമേറ്റഡ് ഷട്ടില്‍ ട്രെയിന്‍ സര്‍വീസ് 5,12,000 ലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കി. മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന മശാഇര്‍ മെട്രോയില്‍ 18.7 ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു.
രണ്ടാം പാദത്തില്‍ 26.7 ലക്ഷത്തിലധികം യാത്രക്കാര്‍ ഇന്റര്‍സിറ്റി ട്രെയിനുകളില്‍ യാത്ര ചെയ്തു. ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ ഇന്റര്‍സിറ്റി ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 10 ശതമാനം തോതില്‍ വര്‍ധിച്ചു. മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ 20.6 ലക്ഷത്തിലേറെ പേരും ഉത്തര സൗദി റെയില്‍വെ സര്‍വീസുകള്‍ 2,31,000 ലേറെ പേരും റിയാദ്-ദമാം റെയില്‍വെ നെറ്റ്‌വര്‍ക്ക് 3,82,000 ലേറെ പേരും മൂന്നു മാസത്തിനിടെ പ്രയോജനപ്പെടുത്തി.
മൂന്നു മാസത്തിനിടെ 40.8 ലക്ഷത്തിലേറെ ടണ്‍ ചരക്കും 2,32,000 ലേറെ കണ്ടെയ്‌നറുകളും ഗുഡ്‌സ് ട്രെയിനുകളില്‍ നീക്കം ചെയ്തു. റിയാദ്-ദമാം റെയില്‍വെ നെറ്റ്‌വര്‍ക്കില്‍ 2,32,000 ലേറെ കണ്ടെയ്‌നറുകളും 4,08,000 ലേറെ ടണ്‍ ചരക്കും നീക്കം ചെയ്തു. ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കില്‍ രണ്ടാം പാദത്തില്‍ 36.7 ലക്ഷത്തിലേറെ ടണ്‍ ചരക്ക് നീക്കം ചെയ്തു. ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ റിയാദ്-ദമാം റെയില്‍വെ നെറ്റ്‌വര്‍ക്കില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ 13 ശതമാനവും ചരക്ക് നീക്കത്തില്‍ 44 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഉത്തര സൗദി റെയില്‍വെ നെറ്റ്‌വര്‍ക്കില്‍ ചരക്ക് നീക്കത്തില്‍ നാലു ശതമാനം വളര്‍ച്ചയാണുണ്ടായത്.
വ്യാവസായിക, ഖനന മേഖലകളില്‍ വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിലും, ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ട്രെയിനുകളുടെ പ്രധാന പങ്ക് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു. ട്രെയിന്‍ ഗതാഗതം യാത്രക്കാരുടെയും ചരക്കുകളുടെയും ചലനം സുഗമമാക്കുകയും സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത മാര്‍ഗങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും രാജ്യത്ത് ജീവിത നിലവാരം മെച്ചപ്പെടുത്താനും ട്രെയിന്‍ ഗതാഗതം സഹായിക്കുന്നു.