ജിദ്ദ: 2025-ന്റെ ആദ്യ പകുതിയിൽ മാനവശേഷി വികസന നിധി (HRDF) പിന്തുണയോടെ 2,67,000 സൗദി പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതായി ഫണ്ട് അറിയിച്ചു. 2024-ന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് സ്വദേശികളുടെ തൊഴിൽ നേട്ടത്തിൽ 74% വളർച്ച രേഖപ്പെടുത്തി. ഈ കാലയളവിൽ 1,36,000 സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദികളെ നിയമിക്കുന്നതിന് HRDF-ൽ നിന്ന് ധനസഹായം ലഭിച്ചു, ഇത് 36% വർധനവിനെ സൂചിപ്പിക്കുന്നു.
ധനസഹായം ലഭിച്ച 94% സ്ഥാപനങ്ങളും ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളാണ്, ഇത് സ്വകാര്യ മേഖലയുടെ ശാക്തീകരണത്തിലും വളർച്ചയിലും HRDF-ന്റെ നിർണായക പങ്ക് വ്യക്തമാക്കുന്നു. ഫണ്ടിന്റെ തൊഴിൽ പരിശീലനം, ശാക്തീകരണം, കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ 14.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെട്ടു, സൗദി ജീവനക്കാരുടെ മത്സരശേഷിയും തൊഴിൽ വിപണിയിലെ സുസ്ഥിരതയും വർധിപ്പിച്ചു.
ആറ് മാസത്തിനിടെ പരിശീലന, ശാക്തീകരണ, കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾക്കായി HRDF 377 കോടി റിയാലിലേറെ ചെലവഴിച്ചു, ഇത് മനുഷ്യ മൂലധന വികസനത്തിൽ സുസ്ഥിരമായ ദേശീയ നിക്ഷേപത്തെ പ്രതിഫലിപ്പിക്കുന്നു. “സൗദിവൽക്കരണം, സുസ്ഥിര സാമ്പത്തിക വികസനം എന്നിവയ്ക്കുള്ള ലക്ഷ്യങ്ങളെ പിന്തുണച്ച്, സൗദി തൊഴിൽ വിപണിയുടെ പരിവർത്തനത്തിന് നേതൃത്വം നൽകുന്നതിന്റെ തുടർച്ചയാണ് ഈ നേട്ടങ്ങൾ,” HRDF ഡയറക്ടർ ജനറൽ തുർക്കി ബിൻ അബ്ദുല്ല അൽ-ജഅവീനി പറഞ്ഞു.
വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർധന, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും സർക്കാർ-സ്വകാര്യ മേഖലകളുമായുള്ള സംയോജിത പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും HRDF-ന്റെ നിർണായക പങ്ക് വെളിവാക്കുന്നു. ഇത് സാമ്പത്തിക വൈവിധ്യവൽക്കരണം ത്വരിതപ്പെടുത്താനും മനുഷ്യ ശേഷി വികസിപ്പിക്കാനും സൗദികളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാനും സഹായിക്കുന്നുവെന്ന് അൽ-ജഅവീനി വ്യക്തമാക്കി.