ജിദ്ദ – ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദിയില്‍ 17,561 പേര്‍ക്ക് തൊഴില്‍ പരിക്കുകള്‍ നേരിട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) വിവരങ്ങള്‍ വ്യക്തമാക്കുന്നു. യന്ത്രങ്ങളിലും ഉപകരണങ്ങളിലും ചില്ലുകളിലും വസ്തുക്കളിലും ഇടിച്ച് 8,974 പേര്‍ക്ക് ആറു മാസത്തിനിടെ പരിക്കേറ്റു. ഇക്കാലയവളവില്‍ തൊഴില്‍ പരിക്കേറ്റവരില്‍ 51.1 ശതമാനവും ഈ ഗണത്തില്‍ പെടുന്നു. ഉയരത്തില്‍ നിന്ന് വീണ് 5,422 പേര്‍ക്ക് പരിക്കേറ്റു. ആകെ പരിക്കേറ്റവരില്‍ 30.88 ശതമാനം ഈ വിഭാഗത്തില്‍ പെടുന്നു. തൊഴില്‍ സ്ഥലത്തേക്കുള്ള യാത്രക്കിടെ 2,296 പേര്‍ക്ക് പരിക്കേറ്റു. ആകെ പരിക്കേറ്റവരില്‍ 13.07 ശതമാനത്തിന് ഈ രീതിയിലാണ് പരിക്കേറ്റത്. മനുഷ്യരുമായും മൃഗങ്ങളുമായും പക്ഷികളുമായും മറ്റും കൂട്ടിയിടിച്ച് 239 പേര്‍ക്ക് പരിക്കേറ്റു. ചൂടുള്ള വസ്തുക്കളില്‍ തട്ടി 212 പേര്‍ക്കും പരിക്കേറ്റു. പുകയേല്‍ക്കല്‍, ഷോക്കേല്‍ക്കല്‍, അഗ്നിബാധ, ഉയര്‍ന്ന താപനില, ആക്രമണം, സ്‌ഫോടനം, വിഷപദാര്‍ഥങ്ങള്‍, വിഷബാധ, വെള്ളത്തില്‍ മുങ്ങല്‍ എന്നിവ മൂലമാണ് ബാക്കിയുള്ളവര്‍ക്ക് പരിക്കേറ്റത്.
സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തൊഴില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഗോസി നടപ്പാക്കുന്നുണ്ട്. തൊഴില്‍ അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഗോസി സമഗ്ര വൈദ്യപരിചരണം ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടില്ല. തൊഴില്‍ പരിക്കുകളെ കുറിച്ച് ഏഴു ദിവസത്തിനകം തൊഴിലാളിയോ പകരക്കാരനോ തൊഴിലുടമയെ അറിയിക്കല്‍ നിര്‍ബന്ധമാണ്. പ്രാഥമിക ശുശ്രൂഷകള്‍ കൊണ്ട് ഭേദമാകാത്ത പരിക്കുകളെ കുറിച്ച് തൊഴിലുടമകള്‍ തങ്ങള്‍ക്ക് വിവരം ലഭിച്ച് മൂന്നു ദിവസത്തിനകം ഗോസി ഓഫീസിനെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴില്‍ സ്ഥലത്തുണ്ടാകുന്ന അപകടങ്ങളിലും തൊഴില്‍ മൂലമുണ്ടാകുന്ന അപകടങ്ങളിലും സംഭവിക്കുന്ന പരിക്കുകള്‍ തൊഴില്‍ പരിക്കുകളായി പരിഗണിക്കപ്പെടും. താമസസ്ഥലത്തു നിന്ന് തൊഴില്‍ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെയുണ്ടാകുന്ന അപകടങ്ങളില്‍ സംഭവിക്കുന്ന പരിക്കുകളും തൊഴില്‍ പരിക്കുകളായി കണക്കാക്കപ്പെടും. തൊഴില്‍ സ്വഭാവം മൂലമുണ്ടാകുന്ന രോഗങ്ങളും ഇതേ പോലെ തൊഴില്‍ പരിക്കുകളായി പരിഗണിക്കപ്പെടും.
തൊഴില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയില്‍ അടക്കേണ്ടത്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം തൊഴില്‍ അപകട ഇന്‍ഷുറന്‍സ് വിഹിതം ഗോസിയില്‍ അടക്കല്‍ നിര്‍ബന്ധമാണ്.
ഇതിനു പുറമെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്കായി തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയായ സാനിദും ഗോസി നടപ്പാക്കുന്നുണ്ട്. സാനിദ് പദ്ധതി വിഹിതമായി അടിസ്ഥാന വേനത്തിന്റെ ഒന്നര ശതമാനമാണ് അടക്കേണ്ടത്. നേരത്തെ ഇത് രണ്ടു ശതമാനമായിരുന്നു. സമീപ കാലത്താണ് ഒന്നര ശതമാനമായി കുറച്ചത്. ഇതിന്റെ പകുതി തൊഴിലുടമയും പകുതി സ്വദേശി തൊഴിലാളികളുമാണ് വഹിക്കേണ്ടത്.
സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും ഗോസി നടപ്പാക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വിഹിതമായി അടിസ്ഥാന വേതനത്തിന്റെ 18 ശതമാനത്തിന് തുല്യമായ തുകയാണ് നേരത്തെ ഗോസിയില്‍ അടക്കേണ്ടിയിരുന്നത്. ഇത് തൊഴിലാളിയും തൊഴിലുടമയും തുല്യമായാണ് വഹിക്കേണ്ടത്. ഇതനുസരിച്ച് തൊഴിലാളികള്‍ പെന്‍ഷന്‍ പദ്ധതി വിഹിതമായി വേതനത്തിന്റെ ഒമ്പതു ശതമാനാണ് അടക്കേണ്ടിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ദുല്‍ഹജ് മാസത്തില്‍ അംഗീകരിച്ച പുതിയ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമം അനുസരിച്ച് ഇത് 11 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ നിയമ പ്രഖ്യാപിച്ച് 12 മാസം പിന്നിട്ട ശേഷം 2025 ജൂലൈ ഒന്നു മുതല്‍ വര്‍ഷത്തില്‍ അര ശതമാനം തോതില്‍ നാലു വര്‍ഷത്തിനുള്ളിലാണ് പങ്കാളിത്ത പെന്‍ഷന്‍ വിഹിതത്തില്‍ രണ്ടു ശതമാനം വര്‍ധനവ് വരുത്തുക. ഗോസി പെന്‍ഷന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പത്തു ലക്ഷത്തിലേറെ പെന്‍ഷന്‍കാരുണ്ട്. നിലവില്‍ ഗോസിയില്‍ ജീവനക്കാരായ 1.15 കോടി വരിക്കാരുമുണ്ട്. പത്തു ലക്ഷം സ്ഥാപനങ്ങള്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സ്വദേശി ജീവനക്കാരുടെ കുടുംബാംഗങ്ങളായി 8,30,000 പേരെയും ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.