ജിദ്ദ : കഴിഞ്ഞ വര്‍ഷം ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നുള്ള 1,706 അവയവങ്ങള്‍ രോഗികളില്‍ മാറ്റിവെച്ചതായി സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അറിയിച്ചു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അവയവങ്ങള്‍ ദാനം ചെയ്തവരുടെ എണ്ണത്തില്‍ 4.9 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജീവിച്ചിരിക്കുന്ന ദാതാക്കള്‍ 1,284 വൃക്ക മാറ്റിവെക്കല്‍, 422 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ അവയവങ്ങളാണ് കഴിഞ്ഞ കൊല്ലം ദാനം ചെയ്തത്.
സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തവക്കല്‍നാ ആപ്പ് വഴി ആഗ്രഹം പ്രകടിച്ചവരുടെ എണ്ണം 5,40,346 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മരിച്ച ദാതാക്കളില്‍ നിന്ന് 393 അവയവങ്ങള്‍ മാറ്റിവെച്ചു. 2023 നെ അപേക്ഷിച്ച് 12.3 ശതമാനം കൂടുതലാണിത്. മരണപ്പെട്ട ദാതാക്കളില്‍ നിന്ന് 203 വൃക്കകളും 101 കരളുകളും 40 ഹൃദയങ്ങളും 34 ശ്വാസകോശങ്ങളും 15 പാന്‍ക്രിയാസുകളും 67 കോര്‍ണിയകളും ഏഴു ഹൃദയ വാല്‍വുകളും രോഗികളില്‍ മാറ്റിവെച്ചു.
2024 ല്‍ അവയവ മാറ്റിവെക്കല്‍ നിരക്ക് പത്തു ലക്ഷം ജനസംഖ്യയില്‍ 59.5 ശതമാനമായി. 2024 ലെ മൂന്നാം പാദാവസാനത്തില്‍ ആരംഭിച്ച ശേഷം പത്തൊന്‍പത് രോഗികള്‍ക്ക് നാഷണല്‍ ഫാമിലി കിഡ്നി എക്‌സ്‌ചേഞ്ച് പ്രോഗ്രാം പ്രയോജനപ്പെട്ടു. കഴിഞ്ഞ കൊല്ലം അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി 152 എയര്‍ ആംബുലന്‍സ് സര്‍വീസുകളും പ്രയോജനപ്പെടുത്തിയതായി സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പറഞ്ഞു.