മക്ക– സൗദി വെസ്റ്റ് നാഷണൽ കലാലയം സംസ്‍കാരിക വേദിയുടെ കീഴിൽ സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. ‘പ്രയാണം’ എന്ന ശീർഷകത്തിൽ കലയുടെ നിറക്കൂട്ടുകൾക്ക് നിറം പകർന്നു കെട്ടിലും മട്ടിലും പുതുമകൾ നിറഞ്ഞ പ്രവാസി നാഷണൽ സാഹിത്യോത്സവിൽ യൂണിറ്റ്, സെക്ടർ, സോൺ എന്നീ തലങ്ങളിൽ മത്സരിച്ച് ജയിച്ച പ്രതിഭകളാണ് മാറ്റുരച്ചത്. രജിസ്ട്രേഷൻ മുതൽ ജഡ്ജിങ്, ഫലപ്രഖ്യാപനം വരെ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിൽ ക്രമീകരിച്ച ‘പേപ്പർലെസ് സാഹിത്യോത്സവ്’ ആയിരുന്നു ഇത്തവണത്തേത് എന്നത് 15-ാം എഡിഷന്റെ പ്രത്യേകതയായി.
മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കലാ വിരുന്നിൽ ജിസാൻ, തായിഫ്, അൽബഹ, മദീന, യാമ്പു, അസീർ, ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മക്ക, റാബിഗ്, തുടങ്ങിയ 11 സോണിൽ നിന്നെത്തിയ 300 മത്സരാർഥികൾ മാറ്റുരച്ച പരിപാടിയിൽ 259 പോയിന്റ് നേടി ജിസാൻ ഓവറോൾ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടു. 196 പോയിന്റ് നേടി ജിദ്ദ സിറ്റി രണ്ടാം സ്ഥാനവും 151 പോയിന്റ് നേടി മദീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്യാമ്പസ് വിഭാഗത്തിൽ 86 പോയിന്റ് നേടി ജിദ്ദ നോർത്ത് ചാമ്പ്യൻമാരായപ്പോൾ, 55 പോയിന്റ് നേടി മക്ക രണ്ടാം സ്ഥാനവും, 49 പോയിന്റ് നേടി അസീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാഹിത്യോത്സവിന്റെ കലാ പ്രതിഭയായി ജിസാൻ സോണിലെ മുഹമ്മദ് റബീഹിനെയും സർഗ പ്രതിഭയായി മദീന സോണിലെ ആസിഫിനെയും, വനിത വിഭാഗത്തിൽ നിന്നും സർഗപ്രതിഭായി മദീന സോണിൽ നിന്നു തന്നെയുള്ള മുംതാസിനെയും തിരഞ്ഞെടുത്തു.
വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം ആർ.എസ്.സി നാഷണൽ സെക്രട്ടറി സയ്യിദ് ശബീറലി തങ്ങളുടെ അധ്യക്ഷതയിൽ പ്രമുഖ സാഹിത്യകാരൻ ശിഹാബ് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ കലകൾക്കുള്ള പ്രാധാന്യവും അതിൽ സാഹിത്യോത്സവ് വഹിക്കുന്ന പങ്കും നിസ്തുലമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷണൽ കലാലയം സെക്രട്ടറി റഫീഖ് കൂട്ടായി സമ്മേളനത്തിൽ സ്വാഗത ഭാഷണവും ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് സിറാജ് കുറ്റ്യാടി മുഖ്യ പ്രഭാഷണവും ഗ്ലോബൽ കലാലയം സെക്രട്ടറി മുഹമ്മദലി പുത്തൂർ സന്ദേശ പ്രഭാഷണവും നടത്തി. സാഹിത്യ മികവുകളെ അധികാര കേന്ദ്രങ്ങൾ വിലക്കെടുത്ത് തന്റെതാക്കിയ ഗതകാലത്തിൽ നിന്നും മനുഷ്യ നന്മക്കായുള്ള പ്രയാണം അനിവാര്യതയെന്ന് അദ്ദേഹം പങ്കുവെച്ചു.
സാഹിത്യോത്സവ് സംഘാടക സമിതി ജനറൽ കൺവീനറും കെ.എം.സി.സി നാഷണൽ പ്രസിഡന്റുമായ കുഞ്ഞിമോൻ കാക്കിയ മുഖ്യ അഭിവാദനഭാഷണം നിർവഹിച്ചു. പ്രവാസത്തിൽ പ്രവാസി സാഹിത്യോത്സവ് വഹിക്കുന്ന പങ്ക് പകരം വെക്കാനില്ലാത്ത കലാ സംഗമം എന്നദ്ദേഹം അഭിപ്രായപ്പെട്ടു. സലീം കണ്ണനാംകുഴി (ഒ.ഐ.സി.സി), ഷംസു തുറയിൽ (നവോദയ ), മുസ്തഫ മലയിൽ (കെ.എം.സി.സി), നൗഷാദ് പെരിന്താറ്റിരി (ഒ.ഐ.സി.സി) ഷമീം നരിക്കുനി (ജിദ്ദ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ അംഗം) തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. പ്രവാസത്തിലും സാഹിത്യ മേഖലയിൽ പ്രവാസികളുടെ മുന്നേറ്റം സാഹിത്യോത്സവുകളിലൂടെ സാധ്യമാകുന്നുണ്ട്. നാടിന്റെ നിർമിതിയിൽ വലിയ തോതിൽ പങ്കാളികളാക്കുന്ന പ്രവാസികളുടെ വോട്ടവകാശം ഉൾപ്പടെ വിവിധ മേഖലകളിൽ സർക്കാർ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമാമായ ഇടപെടലുകൾ നടത്തണമെന്നും ചർച്ചയിൽ ഉയർന്നു വന്നു.
ഹനീഫ അമാനിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സമാപന സമ്മേളനം സംഘാടക സമിതി ചെയർമാൻ ഷാഫി ബാഖവിയുടെ അധ്യക്ഷതയിൽ കബീർ ചൊവ്വ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു. വിജയികളായവർക്കുള്ള സമ്മാനദാനം സമാപന സമ്മേളനത്തിൽ നിർവഹിച്ചു.



