ജിദ്ദ – ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരു ലക്ഷത്തിലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാനും തൊഴിലുടമകള്‍ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ നടപ്പാക്കാനും, പ്രവര്‍ത്തന കാര്യക്ഷമതയും സുസ്ഥിര വളര്‍ച്ചയും തൊഴില്‍ വിപണി ആകര്‍ഷണവും വര്‍ധിപ്പിക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 3,70,000 ലേറെ സ്ഥാപനങ്ങളില്‍ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി.
ഇതിന്റെ ഫലമായി ഏകദേശം 52,000 സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നോട്ടീസുകള്‍ നല്‍കി. ഗുരുതരമല്ലാത്ത തൊഴില്‍ നിയമ ലംഘനങ്ങള്‍ തിരുത്താന്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഗ്രേസ് പിരീഡ് നല്‍കി. ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയതോ മുമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും നിയമ ലംഘനങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്ത 1,16,868 സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.
തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കാതിരിക്കല്‍, സൗദിവല്‍ക്കരണ നിയമ ലംഘനങ്ങള്‍, യഥാര്‍ഥ തൊഴില്‍ ബന്ധമില്ലാതെ സ്വദേശികളെ സ്ഥാപനങ്ങളിലെ തൊഴിലാളികളെന്നോണം രജിസ്റ്റര്‍ ചെയ്യല്‍ (വ്യാജ സൗദിവല്‍ക്കരണം), നിയമ ലംഘകരായ തൊഴിലാളികളെ ജോലിക്ക് വെക്കല്‍, തൊഴില്‍ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാതിരിക്കല്‍ എന്നിവയാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട നിയമ ലംഘനങ്ങള്‍. സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനായി ഈ വര്‍ഷം മൂന്നാം പാദാവസാനം വരെയുള്ള കാലയളവില്‍ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 7,51,000 പരിശോധനള്‍ നടത്തി.
\സ്വകാര്യ സ്ഥാപനങ്ങളുടെ വേതന സുരക്ഷാ പ്രോഗ്രാം പാലന തോത് 93.4 ശതമാനമായി ഉയര്‍ന്നു. ഇത് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കാനും സഹായിക്കുന്നു. മന്ത്രാലയ സംഘങ്ങള്‍ സന്ദര്‍ശിച്ച ആകെ സ്ഥാപനങ്ങളില്‍ 93 ശതമാനം സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പൂര്‍ണ തോതില്‍ പാലിക്കുന്നതായി വ്യക്തമായി. സൗദിവല്‍ക്കരണ ലക്ഷ്യങ്ങളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള തൊഴിലുടമകളുടെ വര്‍ധിച്ചുവരുന്ന അവബോധം ഇത് പ്രതിഫലിപ്പിക്കുന്നു.
സ്വയം വിലയിരുത്തല്‍ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി, ഈ കാലയളവില്‍ 60,000 ലേറെ സ്ഥാപനങ്ങള്‍ അവരുടെ വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കി. സ്ഥാപനങ്ങളുടെ നിയമ പാലന നിലവാരം നിര്‍ണ്ണയിക്കാനും നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൂര്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും ഈ സേവനം സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നു.
വൈകല്യമുള്ളവരെ തൊഴില്‍ വിപണിയില്‍ ശാക്തീകരിക്കാനും ലയിപ്പിക്കാനുമുള്ള മുവാഅമ പ്രോഗ്രാം നടപ്പാക്കാന്‍ മന്ത്രാലയം ശ്രമങ്ങള്‍ തുടര്‍ന്നു. വികലാംഗര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യകതകള്‍ നിറവേറ്റിയ 3,497 സ്ഥാപനങ്ങള്‍ക്ക് മുവാഅമ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇതില്‍ 25 സ്ഥാപനങ്ങള്‍ക്ക് ഗോള്‍ഡ് കോംപാറ്റിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈ കാലയളവില്‍ 4,497 സ്ഥാപനങ്ങളുടെ ആന്തരിക തൊഴില്‍ നിയമാവലികളും മന്ത്രാലയം അംഗീകരിച്ചു. തൊഴില്‍ നിയമ ലംഘന പരിഹാര സംരംഭത്തിന്റെ പ്രയോജനം 1,200 ലേറെ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. നിയമ ലംഘനങ്ങളുടെ പേരില്‍ സ്ഥാപനങ്ങള്‍ സ്വന്തം തൊഴിലാളികള്‍ക്ക് ചുമത്തുന്ന പിഴകളുടെ വിനിയോഗം വെളിപ്പെടുത്തുന്നതിനുള്ള സേവനം വികസിപ്പിച്ച് പൂര്‍ണ്ണമായും ഇലക്‌ട്രോണിക്‌വല്‍ക്കരിച്ചു.
തൊഴില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതേ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ ഏകീകൃത നമ്പറിലൂടെയോ (19911) ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സ്വദേശികളും വിദേശികളും അടക്കം സമൂഹത്തിലെ എല്ലാ അംഗങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു. പരാതികള്‍ ഗൗരവത്തോടെയും സ്വകാര്യത പാലിച്ചും മന്ത്രാലയ സംഘങ്ങള്‍ കൈകാര്യം ചെയ്യുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.



