ജിദ്ദ: കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഫലസ്തീനില്‍ നിന്ന് ആയിരം പേര്‍ക്ക് ഇത്തവണ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം. ഇസ്രായില്‍ ആക്രമണത്തില്‍ വീരമൃത്യുവരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ഇസ്രായില്‍ ജയിലുകളില്‍ തടങ്കലില്‍ കഴിയുന്നവരുടെയും ബന്ധുക്കള്‍ക്കാണ് രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്നത്.
ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാം നടപ്പാക്കുന്നത്. മുപ്പതു വര്‍ഷം മുമ്പ് ഹിജ്‌റ 1417 ല്‍ ആരംഭിച്ച ശേഷം സൗദി ഭരണാധികാരികളുടെ പേരിലുള്ള ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാം വഴി ഇതിനകം ലോക രാജ്യങ്ങളില്‍ നിന്നുള്ള 64,000 ലേറെ പേര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രിയും കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാം സൂപ്പര്‍വൈസര്‍ ജനറലുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.
രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിസ, സൗദിയിലേക്കും തിരിച്ചുമുള്ള യാത്ര, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും താമസം, യാത്ര, ഭക്ഷണം എന്നിവയുടെയെല്ലാം ചെലവ് സല്‍മാന്‍ രാജാവ് വഹിക്കും. ഇവര്‍ക്ക് ആവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുക സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയമാണ്.