ജിദ്ദ: സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വരും. ഫാർമസികളിലും ജനറൽ, സ്പെഷ്യലൈസ്ഡ് മെഡിക്കൽ കോംപ്ലക്സുകളിലും 35 ശതമാനവും, ആശുപത്രി ഫാർമസികളിൽ 65 ശതമാനവും, ഫാർമസ്യൂട്ടിക്കൽ ഫാക്ടറികൾ, മരുന്ന് മൊത്തവിതരണ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ 55 ശതമാനവും തൊഴിലുകൾ സൗദി പൗരന്മാർക്കായി നീക്കിവയ്ക്കണം.
സൗദി ഫാർമസിസ്റ്റുകൾക്ക് 7,000 റിയാൽ മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട്, ഇത് സൗദിവൽക്കരണ അനുപാതം കണക്കാക്കുന്നതിന് അടിസ്ഥാനമാകും. സൗദി ഫാർമസിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നതിനും, യോഗ്യരായ തൊഴിലാളികളെ കണ്ടെത്തുന്നതിനും, പരിശീലന-യോഗ്യതാ പ്രക്രിയകൾക്ക് പിന്തുണ നൽകുന്നതിനും, തൊഴിൽ സ്ഥിരത ഉറപ്പാക്കുന്നതിനും സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫാർമസി മേഖലയിൽ ജനറൽ ഫാർമസിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഫാർമസിസ്റ്റ്, ഫാർമസി ടെക്നീഷ്യൻ എന്നിവ ഉൾപ്പെടെ 22 അംഗീകൃത തൊഴിലുകൾ സൗദിവൽക്കരണ പരിധിയിൽ വരും. ‘മൈ പ്രിസ്ക്രിപ്ഷൻ’ പ്രോഗ്രാമിലൂടെ സർക്കാർ ആരോഗ്യ മേഖലകൾ മരുന്ന് വിതരണ ചുമതല സ്വകാര്യ ഫാർമസികൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനാൽ, ഈ തീരുമാനം ആയിരക്കണക്കിന് സൗദി ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, രാജ്യത്തെ സ്വദേശികൾക്ക് ഉൽപ്പാദനക്ഷമവും ഉത്തേജകവുമായ തൊഴിലവസരങ്ങൾ നൽകാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും ഈ സൗദിവൽക്കരണം ലക്ഷ്യമിടുന്നു. ഫാർമസി മേഖലയിൽ പാലിക്കേണ്ട സൗദിവൽക്കരണ അനുപാതം, പ്രൊഫഷണൽ വ്യവസ്ഥകൾ, അംഗീകൃത തൊഴിൽ പേര്, മിനിമം വേതനം എന്നിവ ഉൾക്കൊള്ളുന്ന മാർഗനിർദേശങ്ങൾ ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയങ്ങൾ സംയുക്തമായി പുറത്തിറക്കി.
2024-ലെ കണക്കനുസരിച്ച്, സൗദിയിൽ ഏകദേശം 14,000 ഫാർമസികൾ പ്രവർത്തിക്കുന്നു. ഇതിൽ 80-85 ശതമാനം സ്വകാര്യ ഫാർമസികളും, 15-20 ശതമാനം ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും പ്രവർത്തിക്കുന്നവയുമാണ്. വൻകിട ഫാർമസി ശൃംഖലകൾ വിപണിയുടെ പ്രധാന പങ്ക് കൈവശപ്പെടുത്തിയിട്ടുണ്ട്, ഇവയ്ക്ക് കീഴിൽ 3,000-ലേറെ ശാഖകൾ പ്രവർത്തിക്കുന്നു.