റിയാദ്– പെട്രോള്‍ പമ്പില്‍ തന്റെ കണ്മുന്നില്‍ തീഗോളങ്ങളില്‍ പെട്ട ട്രക്ക് കണ്ടയുടന്‍ അമാന്തിച്ചു നില്‍ക്കാതെ ചാടിക്കയറി ഡ്രൈവ് ചെയ്ത് സൗദി യുവാവ് രക്ഷിച്ചത് നിരവധി പേരുടെ ജീവനും സ്വത്തും.
സൗദി അറേബ്യയിലെ ദവാദ്മിയിൽ പെട്രോൾ പമ്പിന് സമീപം കാലിത്തീറ്റ നിറച്ച ട്രക്കിന് തീപ്പിടിച്ചപ്പോൾ, ജീവൻ പണയം വെച്ച് വാഹനം സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചുമാറ്റി വൻ ദുരന്തം തടഞ്ഞ യുവാവാണ് ലോകശ്രദ്ധ നേടിയത്. സൗദി പൗരനായ മാഹിർ ഫഹദ് അൽ ദൽബാഹിയാണ് ഈ ധീരനായകൻ.
റിയാദ് പ്രവിശ്യയിലെ ദവാദ്മിയിൽ നടന്ന ഈ സംഭവത്തിൽ, പെട്രോൾ പമ്പിനോട് ചേർന്ന് നിന്ന ട്രക്കിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീ ആളിപ്പടർന്ന് സമീപത്തെ ഇന്ധന ടാങ്കുകളിലേക്ക് വ്യാപിക്കാനുള്ള സാഹചര്യത്തിൽ, മാഹിർ ഫഹദ് അൽ ദൽബാഹി ധൈര്യപൂർവ്വം കത്തുന്ന ട്രക്കിലേക്ക് ചാടിക്കയറി, അത് സുരക്ഷിതമായ ദൂരത്തേക്ക് ഓടിച്ചുമാറ്റി.
ഈ ധീരോദാത്ത പ്രവൃത്തിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ, മാഹിറിന് ആശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്. “എന്റെ ഗ്രാമമായ അൽ സാലിഹിയയിലേക്കുള്ള യാത്രാമധ്യേ, സമീപത്തെ ഒരു കടയിൽ സാധനം വാങ്ങാനായി നിന്നപ്പോഴാണ് ട്രക്കിൽ തീ കത്തുന്നത് ശ്രദ്ധിച്ചത്. ഡ്രൈവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം നിയന്ത്രണാതീതമായിരുന്നു. പെട്രോൾ പമ്പും അവിടെ കൂടിയിരുന്നവരെയും രക്ഷിക്കണമെന്ന ചിന്ത മാത്രമാണ് മനസ്സിൽ ഉണ്ടായിരുന്നത്. ഞാൻ ട്രക്കിലേക്ക് ഓടിക്കയറി, അത് ഇന്ധന ടാങ്കുകളിൽ നിന്ന് അകലെ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിച്ചു,” ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാഹിർ വിശദീകരിച്ചു.


ഈ സാഹസിക പ്രവൃത്തിയിൽ ദൽബാഹിയുടെ മുഖത്തും തലയിലും കൈകാലുകളിലും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തെ ഉടൻ റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. നിലവിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ ചികിത്സയിലാണ് മാഹിർ ഫഹദ് അൽ ദൽബാഹി .