ജിദ്ദ – യെമനില്‍ തടവുകാരെയും ബന്ദികളെയും കൈമാറാനായി ഹൂത്തികളും നിയമാനുസൃത യെമന്‍ സര്‍ക്കാരും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ഒപ്പുവച്ച കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും മാനുഷിക ദുരിതങ്ങള്‍ ലഘൂകരിക്കാനും സുരക്ഷക്കും സ്ഥിരതക്കുമുള്ള അവസരങ്ങളും വിശ്വാസവും വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു നല്ല പുരോഗതിയായി സൗദി വിദേശ മന്ത്രാലയം കരാറിനെ വിശേഷിപ്പിച്ചു. ഈ കരാറിലെത്താന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങളെയും കഴിഞ്ഞ ഏതാനും മാസങ്ങളായി ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ജോര്‍ദാന്‍ നടത്തിയ ആത്മാര്‍ഥമായ ശ്രമങ്ങളെയും ഉദാരമായ ശ്രമങ്ങളെയും സൗദി അറേബ്യ പ്രശംസിച്ചു. യെമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതന്റെ ഓഫീസും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയും നടത്തിയ ശ്രമങ്ങളെയും സൗദി അറേബ്യ എടുത്തുപ്പറഞ്ഞു. സഹോദര യെമന്‍ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും സൗദി പിന്തുണ ആവര്‍ത്തിച്ചു.
എല്ലാ യെമന്‍ കക്ഷികളില്‍ നിന്നും സഖ്യസേനയില്‍ നിന്നും തടവിലാക്കിയിരിക്കുന്ന 1,750 തടവുകാരെയും ബന്ദികളെയും മോചിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഏഴ് സൗദി സൈനികര്‍ ഉള്‍പ്പെടെ 27 സഖ്യസേനാ തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു. 2026 മെയ് 14 വ്യാഴാഴ്ച വൈകുന്നേരം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍, യെമന്‍ കക്ഷികളുടെ പങ്കാളിത്തത്തോടെയും സംയുക്ത സേന ചര്‍ച്ചാ സമിതിയുടെ സാന്നിധ്യത്തിലും യെമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതന്‍ ഹാന്‍സ് ഗ്രുണ്ട്‌ബെര്‍ഗിന്റെ ഓഫീസിന്റെ ആഭിമുഖ്യത്തിലുമാണ് കരാര്‍ ഒപ്പുവെച്ചതെന്ന് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി വിശദീകരിച്ചു.



