മക്ക: മക്ക അൽറാശിദിയ ഡിസ്ട്രിക്ടിലെ ഓഡിറ്റോറിയത്തിൽ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണുകിട്ടിയ 11,000 റിയാൽ ഉടമസ്ഥന് തിരികെ എത്തിച്ച് സൗദി വിദ്യാർത്ഥി മാതൃകയായി. 13 വയസുകാരനായ ഹുസാം അൽഫഹ്മിയാണ് പണം അവകാശിയെ കണ്ടെത്തി തിരിച്ചുനൽകി സത്യസന്ധതയും ഉന്നത ധാർമിക മൂല്യങ്ങളും ജീവിതത്തിൽ പകർത്തി മറ്റുള്ളവർക്ക് മാതൃകയായത്.
വിവാഹത്തിൽ പങ്കെടുത്ത ശാഹിർ അൽമആവിയുടെ പണമാണ് നഷ്ടപ്പെട്ടത്. ഇക്കാര്യം ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. നോട്ടുകെട്ട് വീണുകിട്ടിയ ഉടൻ ഒട്ടും ശങ്കിച്ചുനിൽക്കാതെ ഹുസാം അൽഫഹ്മി വിവാഹം സംഘടിപ്പിച്ച ഗൃഹനാഥനെ തുക ഏൽപിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിൽ നിന്ന് പണം വീണുകിട്ടിയ കാര്യം ഗൃഹനാഥൻ ഉടനെ മൈക്കിലൂടെ അറിയിച്ചു. ഇത് കേട്ട് ശാഹിർ അൽമആവി മുന്നോട്ടുവന്ന് പണം വീണ്ടെടുക്കുകയായിരുന്നു.
വിദ്യാർത്ഥിയെ ശാഹിർ അൽമആവി അഗാധമായ നന്ദി അറിയിച്ചതോടൊപ്പം പാരിതോഷികം നൽകി സന്തോഷവും അറിയിച്ചു. ബാലന്റെ സത്യസന്ധതയെയും നല്ല ശിക്ഷണത്തെയും കൂടിനിന്നവരെല്ലാം അഭിനന്ദിച്ചു. ഹുസാം അൽഫഹ്മിയുടെ സത്യസന്ധതയെ അഭിനന്ദിച്ച് സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ മുൻകൈയെടുത്ത് വിദ്യാർത്ഥിയെ ഔദ്യോഗികമായി ആദരിക്കുകയുമുണ്ടായി.