റിയാദ് – അടുത്ത മാസാദ്യം മുതല്‍ സൗദി ഓഹരി വിപണി ലോകത്തെങ്ങും നിന്നുള്ള എല്ലാ വിഭാഗം വിദേശ നിക്ഷേപകര്‍ക്കും തുറന്നുകൊടുക്കുമെന്ന് സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സി.എം.എ) അറിയിച്ചു. ഓഹരി വിപണിയില്‍ സൗദിയില്‍ കഴിയുന്ന പ്രവാസികളല്ലാത്ത വിദേശ നിക്ഷേപകരുടെ പ്രവേശനം നിയന്ത്രിക്കുന്ന പുതിയ ചട്ടക്കൂടിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ബോര്‍ഡ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണിത്. ഈ നടപടി ലോകമെമ്പാടുമുള്ള വിവിധ നിക്ഷേപക വിഭാഗങ്ങള്‍ക്ക് സൗദി ഓഹരി വിപണി പ്രാപ്യമാക്കും. ഇത് വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്നും ആഗോളതലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വളര്‍ന്നുവരുന്ന സാമ്പത്തിക വിപണികളില്‍ ഒന്നായി അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും സി.എം.എ വിശദീകരിച്ചു.
പ്രധാന ഓഹരി വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അനുമതിയുള്ള നിക്ഷേപക അടിത്തറ വിശാലമാക്കാനും വൈവിധ്യവല്‍ക്കരിക്കാനും അംഗീകൃത ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു. ഇത് വിദേശ നിക്ഷേപ ഒഴുക്കിനെ പിന്തുണക്കുകയും പണലഭ്യതയും വിപണി കാര്യക്ഷമതയും വര്‍ധിപ്പിക്കുകയും ചെയ്യും. പുതിയ ചട്ടക്കൂടിന് കീഴില്‍ സൗദിയിലെ പ്രവാസികളല്ലാത്ത വിദേശ നിക്ഷേപകര്‍ക്ക് പ്രധാന വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തോടെ സൗദി ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ ആകെ നിക്ഷേപങ്ങള്‍ 590 ബില്യണിലേറെ റിയാല്‍ കവിഞ്ഞു. ഇത് സൗദി ഓഹരി വിപണിയിലുള്ള വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിച്ചുവരുന്നതും, പ്രാദേശികമായും ആഗോളമായും ഓഹരി വിപണിയുടെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതില്‍ നിയന്ത്രണ പരിഷ്‌കാരങ്ങളുടെ പങ്കും പ്രതിഫലിപ്പിക്കുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന 2030 വിഷന്‍ ലക്ഷ്യങ്ങളെ പിന്തുണക്കാനും ഓഹരി വിപണി വികസിപ്പിക്കാനും കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.



