റിയാദ്: സൊമാലിയയുടെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിർത്ത് സൗദി അറേബ്യ. സൊമാലിയൻ വിഷയത്തിൽ ചേർന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിലാണ് സൗദി വിദേശകാര്യ സഹമന്ത്രി വലീദ് അൽഖുറൈജി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. സൊമാലിയാൻഡ് മേഖലയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച ഇസ്രായേൽ നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൊമാലിയയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതുമായ സമാന്തര നീക്കങ്ങളെ സൗദി അറേബ്യ ഒരു കാരണവശാലും പിന്തുണയ്ക്കില്ല. വിഘടനവാദികൾക്ക് നൽകുന്ന പിന്തുണ മേഖലയിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനായിരിക്കുമെന്നും അൽഖുറൈജി മുന്നറിയിപ്പ് നൽകി. ഒ.ഐ.സി അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കും ദേശീയ സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണികളെ ‘ചുവന്ന വര’യായാണ് സൗദി കാണുന്നത്.
ഇത്തരം കീഴ്വഴക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും സൗദി ആവശ്യപ്പെട്ടു. സൊമാലിയൻ സർക്കാരിന് ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനും ജനങ്ങളെ ഒന്നിപ്പിക്കാനും സാധിക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ച സഹമന്ത്രി, സൊമാലിയയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സൗദിയുടെ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു.



