ദോഹ: മേഖലയിലെ സംഘർഷ കലുഷിതമായ സംഭവവികാസങ്ങളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഖത്തർ ചർച്ച. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും നേതൃത്വത്തിലാണ് ദോഹയിൽ ചർച്ച നടന്നത്.
ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന നിലക്ക് ഉഭയകക്ഷി ബന്ധങ്ങൾ, സംയുക്ത സഹകരണ മേഖലകൾ, ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ എന്നിവ ഇരു വിഭാഗവും ചർച്ച ചെയ്തു.
സൗദി, ഖത്തർ കോ-ഓർഡിനേഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശക്തമായ സാഹോദര്യ ബന്ധങ്ങൾ അവലോകനം ചെയ്യുകയും അന്താരാഷ്ട്ര തലത്തിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കാനുള്ള സംവിധാനങ്ങളെ കുറിച്ചും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ വിശാലമായ ചക്രവാളങ്ങളിലേക്ക് ഉയർത്തുന്ന സംരംഭങ്ങളിലൂടെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികളെ കുറിച്ചും ചർച്ച ചെയ്തു.
സൗദി, ഖത്തർ കോ-ഓർഡിനേഷൻ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടേറിയറ്റ്, കഴിഞ്ഞ കാലയളവിൽ കൗൺസിലിന്റെയും അതിന്റെ കമ്മിറ്റികളുടെയും പ്രവർത്തനങ്ങളും എട്ടാമത് യോഗത്തിനായുള്ള തയ്യാറെടുപ്പുകളും അവലോകനം ചെയ്തു. 2023 ഡിസംബർ 5ന് ദോഹയിൽ നടന്ന ഏഴാമത് യോഗത്തിൽ തുടക്കം കുറിച്ച സംരംഭങ്ങളിലും പ്രവർത്തനങ്ങളിലും ഉണ്ടായ പുരോഗതിയും കമ്മിറ്റി സെക്രട്ടേറിയറ്റ് അവലോകനം ചെയ്തു.
കോ-ഓർഡിനേഷൻ കൗൺസിൽ കമ്മിറ്റികളും വർക്കിംഗ് ഗ്രൂപ്പുകളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തെയും ഏകോപനത്തെയും ഇരുപക്ഷവും പ്രശംസിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുവായ താൽപര്യങ്ങൾ നേടിയെടുക്കാൻ ഈ വേഗത തുടരേണ്ടതിന്റെ പ്രാധാന്യം ഇരു വിഭാഗവും ഊന്നിപ്പറഞ്ഞു.
മേഖല നേരിടുന്ന അസാധാരണമായ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളുടെയും വെല്ലുവിളികളുടെയും വെളിച്ചത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള വിലപ്പെട്ട അവസരമാണ് ഈ കൂടിക്കാഴ്ചയെന്ന് ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. മേഖല നേരിടുന്ന അസാധാരണമായ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളും വെല്ലുവിളികളും സൗദി, ഖത്തർ സഹകരണം ശക്തിപ്പെടുത്താനും തുടർച്ചയായ ഏകോപനം ഊർജിതമാക്കാനും ഉയർന്ന തലത്തിലുള്ള സംയോജനം കൈവരിക്കാനും ആവശ്യപ്പെടുന്നു. എല്ലാ ദിശകളിൽ നിന്നും എല്ലാ തലങ്ങളിൽ നിന്നുമുള്ള വെല്ലുവിളികളെയും അപകടങ്ങളെയും നേരിടുന്ന കാര്യത്തിൽ പങ്കിട്ട ധാരണ വർധിപ്പിക്കാനും പൊതുവായ നിലപാടുകൾ രൂപപ്പെടുത്താനും നമുക്കിടയിലെ ദർശനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും കൈമാറ്റം കൂടുതൽ പ്രധാനമായിക്കൊണ്ടിരിക്കുകയാണ്. രണ്ടു സഹോദര രാജ്യങ്ങൾ തമ്മിലുള്ള തുറന്നതും ക്രിയാത്മകവുമായ സംഭാഷണം വിവിധ മേഖലകളിലെ സഹകരണം ഏകീകരിക്കാൻ നമ്മെ പ്രാപ്തരാക്കുകയും മേഖലയിൽ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിവ് യോഗങ്ങളുടെ പൂരകമെന്നോണമാണ് ഈ യോഗം നടക്കുന്നത്. റിയാദിൽ നടന്ന രണ്ടാമത്തെ യോഗത്തിന്റെ ഫലങ്ങൾ പ്രശംസനീയമാണ്. സംയുക്ത കമ്മിറ്റികളുടെ ചട്ടക്കൂടിനുള്ളിൽ കായിക, ഊർജ മേഖലകളിൽ അടക്കം ഏതാനും പുതിയ സംരംഭങ്ങൾ നിർദേശിക്കപ്പെട്ടു. ഇതിന്റെ ഫലമായി അഞ്ച് ലക്ഷ്യങ്ങളും ഏഴ് പുതിയ സംരംഭങ്ങളും അംഗീകരിച്ചു. രാഷ്ട്രീയം, സുരക്ഷ, സൈനിക സഹകരണം എന്നീ മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് നാം തെളിയിച്ചിട്ടുണ്ടെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഇത് മേഖലാ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിൽ ഗുണപരമായ സ്വാധീനം ചെലുത്തുന്നു. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ കൂടുതൽ ഏകോപനത്തിനും ഏകീകൃത നിലപാടുകൾക്കുമുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ ദർശനങ്ങളും മികച്ച നിർദേശങ്ങളും ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പ്രധാന കായിക, സാംസ്‌കാരിക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്ന മാതൃകാപരമായ ആഗോള ലക്ഷ്യസ്ഥാനങ്ങളായി ഇരു രാജ്യങ്ങളും മാറിയിട്ടുണ്ട്. സ്‌പോർട്‌സ്, സംസ്‌കാരം, ടൂറിസം എന്നീ മേഖലകളിൽ വ്യത്യസ്തവും മാതൃകാപരവുമായ സഹകരണത്തിന് ഉഭയകക്ഷി ബന്ധം സാക്ഷ്യം വഹിച്ചു. ഈ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രാദേശിക സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും അന്താരാഷ്ട്ര വേദിയിൽ ഇരു രാജ്യങ്ങളുടെയും പ്രതിച്ഛായ വർധിപ്പിക്കാനും മേഖലയിൽ രണ്ടു രാജ്യങ്ങളുടെയും മുൻനിര സ്ഥാനങ്ങൾ ഉയർത്താനും സഹായിക്കുന്നു.
സമ്പദ് വ്യവസ്ഥ, വ്യാപാരം, വ്യവസായം എന്നീ മേഖലകളിൽ സഹകരണത്തിനുള്ള മുൻഗണനാ മേഖലകളെ തിരിച്ചറിയുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക, വാണിജ്യ സംയോജനം ശക്തിപ്പെടുത്താൻ ബന്ധപ്പെട്ട കമ്മിറ്റികൾ സഹായിച്ചിട്ടുണ്ട്. ഇത് ഇരു സമ്പദ് വ്യവസ്ഥകൾക്കും പ്രയോജനകരമായ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ സഹായകമാകും. രണ്ടു രാജ്യങ്ങൾക്കും സുസ്ഥിര വികസനം കൈവരിക്കുന്നതിലേക്ക് ഇത് നയിക്കും.
നിക്ഷേപ, ഊർജ മേഖലകളിൽ നിക്ഷേപ സഹകരണം വർധിപ്പിക്കാനും നിക്ഷേപാവസരങ്ങളും പരസ്പരം പ്രയോജനകരമായ പദ്ധതികളും കണ്ടെത്താനും ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട ഭാവിക്കായി അഭിവൃദ്ധി കൈവരിക്കാനുമുള്ള പങ്കിട്ട അഭിലാഷങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നതായും ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
സൗദി വിദേശ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. സൗദ് അൽസാത്തി, ഖത്തറിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ രാജകുമാരൻ, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ വലീദ് അസ്സമായിൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി എൻജിനീയർ ഫഹദ് അൽഹാരിസി എന്നിവർ യോഗത്തിൽ പങ്കെടുത്തു.