ജിദ്ദ: പത്തു വർഷത്തെ ഇടവേളക്കു ശേഷം സൗദി വിമാനം ഇറാനിൽ നിന്ന് സർവീസുകൾ ആരംഭിച്ചു. ഹജ് തീർത്ഥാടകരെ പുണ്യഭൂമിയിലെത്തിക്കാൻ സൗദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ആണ് ഇറാനിൽ നിന്ന് സർവീസ് ആരംഭിച്ചത്.
ഇറാനിലെ സൗദി അംബാസഡർ അബ്ദുല്ല അൽഅനസി തെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ ആദ്യത്തെ ഫ്‌ളൈ നാസ് വിമാനത്തെ സ്വീകരിച്ചു. തെഹ്‌റാനിലെ ഇന്റർനാഷണൽ പീസ് ടെർമിനലിൽ ആദ്യത്തെ ഫ്‌ളൈ നാസ് വിമാനത്തെ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അംബാസഡർ തന്റെ എക്‌സ് അക്കൗണ്ടിൽ പറഞ്ഞു.
ഏകദേശം പത്തു വർഷത്തെ ഇടവേളക്കു ശേഷം ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ആദ്യ വിമാന സർവീസാണിത്. 2016 ജനുവരിയിൽ ആരംഭിച്ച നയതന്ത്ര വിള്ളൽ അവസാനിപ്പിച്ച് ചൈനയുടെ മധ്യസ്ഥതയിലുള്ള കരാർ പ്രകാരം 2023 മാർച്ചിൽ ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനരാരംഭിക്കുകയായിരുന്നു. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലെ ഓപ്പറേഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾ ഇരട്ടിയാക്കിയും വിമാനനിരക്ക് വിപുലീകരിച്ചും 2025-ലെ ഹജ് സീസണിൽ 15 രാജ്യങ്ങളിൽ നിന്നുള്ള 1,20,000 ലേറെ തീർത്ഥാടകർക്ക് യാത്രാ സൗകര്യം നൽകുമെന്ന് മെയ് ആദ്യത്തിൽ ഫ്‌ളൈ നാസ് അറിയിച്ചിരുന്നു.
മൊറോക്കോ, ജിബൂത്തി, മൗറിത്താനിയ, അൾജീരിയ, ഇന്ത്യ, കൊമോറോസ്, ബംഗ്ലാദേശ്, ടോഗോ, ഇറാൻ, കോട്ട് ഡി ഐവയർ, നൈജീരിയ, കസാക്കിസ്ഥാൻ, സെനഗൽ, ഘാന, ഉസ്‌ബെക്കിസ്ഥാൻ എന്നീ 15 രാജ്യങ്ങളിലെ നഗരങ്ങളിൽ നിന്ന് ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള തീർത്ഥാടകരെ എത്തിക്കുന്ന 72 ദിവസത്തെ ഹജ് സീസൺ പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചത്.
ഈ വർഷം ഇറാനിൽ നിന്നുള്ള തീർത്ഥാടകർക്ക് സേവനം നൽകുന്ന ഏക സൗദി വിമാന കമ്പനിയാണ് ഫ്‌ളൈ നാസ് എന്ന് ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു. ഇറാനിലെ തെഹ്‌റാൻ, മശ്ഹദ് നഗരങ്ങളിൽ നിന്ന് ദിവസേനയുള്ള സർവീസുകളിൽ തീർത്ഥാടകരെ ഫ്‌ളൈ നാസ് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
തെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്ന് ഇറാൻ തീർത്ഥാടകർക്കുള്ള സർവീസുകൾ ഫ്‌ളൈ നാസ് പുനരാരംഭിച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വടക്കുകിഴക്കൻ ഇറാനിലെ മശ്ഹദ് എയർപോർട്ടിൽ നിന്നും ഫ്‌ളൈ നാസ് ഹജ് സർവീസുകൾ നടത്തും. ജൂലൈ ഒന്നു വരെയുള്ള കാലത്ത് ഫ്‌ളൈ നാസ് ഏകദേശം 225 ഹജ് സർവീസുകൾ നടത്തും. 35,000-ത്തിലേറെ ഇറാൻ തീർത്ഥാടകർക്ക് ഫ്‌ളൈ നാസ് സൗദിയിലേക്കും തിരിച്ചും യാത്രാ സൗകര്യം നൽകും. ഈ സർവീസുകൾ ഹജിന് മാത്രമുള്ളതാണ്. ഇവ കൊമേഴ്‌സ്യൽ സർവീസുകളല്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
സൗദി വിഷൻ 2030-ന്റെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെ ഭാഗമായി 2019-ൽ ആരംഭിച്ച മക്ക റൂട്ട് പദ്ധതിയിൽ ഫ്‌ളൈ നാസ് പങ്കാളിത്തം വഹിക്കുന്നു. 30 രാജ്യങ്ങളിലെ 70-ലേറെ നഗരങ്ങളിലേക്ക് 139 റൂട്ടുകളിലൂടെ ഫ്‌ളൈ നാസ് പ്രതിവാരം 1,500 ലേറെ സർവീസുകൾ നടത്തുന്നുണ്ട്. 2007-ൽ പ്രവർത്തനം ആരംഭിച്ച ശേഷം, ഫ്‌ളൈ നാസ് സർവീസുകളിൽ എട്ടു കോടിയിലേറെ പേർ യാത്ര ചെയ്തിട്ടുണ്ട്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വളർച്ചയുടെയും വിപുലീകരണത്തിന്റെയും ഭാഗമായി, സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 165 ഡെസ്റ്റിനേഷനുകളായി ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നു.
ഇറാൻ തീർത്ഥാടകരിൽ ഒരു ഭാഗത്തെ തെഹ്‌റാനിൽ നിന്നും മശ്ഹദിൽ നിന്നും ഫ്‌ളൈ നാസ് എത്തിക്കുമെന്ന് സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ അലി രിദ ഇനായത്തി പറഞ്ഞു. ഇറാൻ, സൗദി നഗരങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഇരു രാജ്യങ്ങളുടെയും അജണ്ടയിലുണ്ടെന്നും ദമാമിനും മശ്ഹദിനും ഇടയിൽ ഷെഡ്യൂൾ ചെയ്ത വാണിജ്യ വിമാന സർവീസുകൾ മാസങ്ങളായി തുടരുകയാണെന്നും അംബാസഡർ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ പ്രവേശനം സുഗമമാക്കുന്നത് ഇറാൻ-സൗദി ബന്ധം ശക്തിപ്പെടുത്തുകയും സുദൃഢമാക്കുകയും ചെയ്യുമെന്നും, ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് രാജ്യങ്ങളെ കുറിച്ച് പരസ്പരം പഠിക്കാനുള്ള അവസരം നൽകുമെന്നും ഇറാൻ അംബാസഡർ പറഞ്ഞു.
ഇത്തവണ അനുവദിച്ച ക്വാട്ട പ്രകാരം ഇറാനിൽ നിന്ന് 85,000-ത്തിലേറെ പേർക്കാണ് ഹജിന് അവസരം ലഭിച്ചിരിക്കുന്നത്. അവർ തങ്ങളുടെ ഹജ് എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിർവഹിച്ച് സ്വീകാര്യമായ ഹജോടെയും പ്രതിഫലദായകമായ പരിശ്രമത്തിലൂടെയും സ്വന്തം നാട്ടിലേക്ക് മടങ്ങും. തീർത്ഥാടകർക്ക്, പ്രത്യേകിച്ച് ഇറാൻ തീർത്ഥാടകർക്ക് നൽകുന്ന വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് ബന്ധപ്പെട്ട സൗദി വകുപ്പുകൾക്ക് നന്ദി അറിയിക്കുന്നതായും ഇറാൻ അംബാസഡർ പറഞ്ഞു.