ജിദ്ദ – സൗദിയിൽ വിൽപ്പന നടത്തുന്ന പഴങ്ങളുടെയും പച്ചക്കറിയുടെയുമെല്ലാം പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പരിസ്ഥിതി – ജല – കൃഷി മന്ത്രാലയം. ഭക്ഷ്യോൽപനങ്ങളുടെ ഗുണനിലവാരവും, ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. ഇനി മുതൽ ഇത്തരം കാർഷിക ഉൽപ്പന്നങ്ങളുടെ എല്ലാത്തരം പാക്കേജിംഗിലും കൃത്യമായ ലേബൽ ഉണ്ടായിരിക്കണം. കാർഷിക രജിസ്ട്രേഷൻ നമ്പർ, പേര്, ലോഗോ എന്നിവ കൂടാതെ ഉൽപ്പന്നത്തിന്റെ പേര്, ഭാരം, പാക്കേജ് ചെയ്ത തീയതി, ഉൽപ്പന്ന രാജ്യം, നിർമ്മാതാവ് അല്ലെങ്കിൽ വിതരണക്കാരൻ ഇവരുടെ വിവരങ്ങൾ എന്നിവയെല്ലാം ലേബലിംഗിലും ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്ലാത്തരം പാക്കേജിംഗും വായുസഞ്ചാരം കടക്കാൻ പറ്റുന്നതും, വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള പാക്കേജിങ്ങും വേണമെന്നും നിയമം ഉറപ്പുവരുത്തുന്നു. കാർഡ്ബോർഡ് പാക്കേജിംഗ് ആണേൽ കോറഗേറ്റഡ് ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം, മലിനീകരണം പോലെയുള്ള പ്രശ്നങ്ങൾ തടയുന്നതിന് ഇത്തരം ബോക്സുകൾ വളരെ സൂക്ഷിച്ച് മൂടണമെന്നും ഇവർ ചൂണ്ടിക്കാട്ടി. ഉൽപ്പന്നങ്ങൾക്ക് കേടു വരാത്ത വിധം ബോക്സുകളിൽ ലൈനിങ്, കോട്ടിങ് ചെയ്യുന്നതിലും ഈർപ്പം പ്രതിരോധിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലും കുഴപ്പമില്ല. ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പുതിയ നിയമങ്ങൾ നിർബന്ധമായും പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു