ജിദ്ദ: സൗദിയിൽ നഗരസഭാ നിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നിയമലംഘനകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനത്തിൽ കവിയാത്ത തുക പാരിതോഷികമായി കൈമാറുന്ന നിലക്ക് പിഴ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയത്തിന് നീക്കം.
പാരിതോഷികം വിതരണം ചെയ്യാൻ നഗരസഭാ നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർ നഗരസഭാ, ബലദിയ ജീവനക്കാരാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നിയമ ലംഘനങ്ങൾ കണ്ടെത്താനോ, മേൽനോട്ട, പരിശോധനാ ജോലികൾ നിർവഹിക്കാനോ നഗരസഭകൾ സഹായം തേടുന്നവരിൽ പെട്ടവരാകാനും പാടില്ല. നിശ്ചിത പിഴ തുകയുടെ 25 ശതമാനം കവിയാത്ത നിലക്കുള്ള പാരിതോഷികത്തിന് പകരമായി നിയമലംഘനങ്ങൾ കണ്ടെത്താൻ സ്വകാര്യ മേഖലയുടെ സഹായം തേടാനും പുതിയ നിർദിഷ്ട ഭേദഗതി അനുവദിക്കുന്നു.
സമൂഹത്തിലെ അംഗങ്ങളെ മേൽനോട്ട ചുമതലയിൽ ഉൾപ്പെടുത്തുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. തങ്ങളുടെ പരിസ്ഥിതിയുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നത് പ്രദേശവാസികളാണെന്നതും ജീവിത നിലവാരത്തെ ബാധിച്ചേക്കാവുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഏറ്റവും പ്രാപ്തർ നഗരവാസികളുമാണെന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ നഗരസഭയുടെ മേൽനോട്ടം കൂടുതൽ ഫലപ്രദമാക്കാൻ ഈ പങ്കാളിത്തം ഫലപ്രദമായി സഹായിക്കും. ഇത് നഗരസഭാ മേൽനോട്ടത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുകയും സുസ്ഥിരമായ രീതിയിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും. വിവിധ മേഖലകളിലെ നഗരസഭാ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്വദേശികളെ പ്രാപ്തരാക്കി അവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന പദ്ധതി നടപ്പാക്കാൻ നഗരസഭാ മേഖല പ്രവർത്തിക്കുന്നുണ്ട്.