പാരീസ്: വ്യോമയാന വ്യവസായ മേഖലാ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ഹെലികോപ്റ്റർ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും സംയുക്ത അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫും എയർബസ് ഹെലികോപ്‌റ്റേഴ്‌സ് സി.ഇ.ഒ ബ്രൂണോ ഈവനും ചർച്ച നടത്തി.
ഫാൻസിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് വ്യവസായ, ധാതുവിഭവ മന്ത്രി വ്യോമയാന വ്യവസായ മേഖലാ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും ഹെലികോപ്റ്റർ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും സംയുക്ത അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും എയർബസ് ഹെലികോപ്‌റ്റേഴ്‌സ് സി.ഇ.ഒയുമായി ചർച്ച ചെയ്തത്.
സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള സൗദി വിഷൻ 2030 ലക്ഷ്യങ്ങളിലും, സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിലും ആഗോള വ്യാവസായിക പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലുമുള്ള വിഷൻ 2030-ന്റെ പ്രധാന ശ്രദ്ധയിലും ഊന്നിയാണ് ചർച്ച നടന്നത്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം, സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ, മത്സരാധിഷ്ഠിത ഊർജ നിരക്കുകൾ, നൂതന അടിസ്ഥാന സൗകര്യങ്ങൾ, വികസിത വ്യാവസായിക നഗരങ്ങൾ, സർക്കാർ നടപടിക്രമങ്ങളുടെ ലാളിത്യം എന്നിവ ഉൾപ്പെടെ വ്യാവസായിക നിക്ഷേപങ്ങളോടുള്ള രാജ്യത്തിന്റെ ആകർഷണം വർധിപ്പിക്കുന്ന തന്ത്രപരമായ ഘടകങ്ങളും മത്സരാധിഷ്ഠിത സവിശേഷതകളും യോഗം അവലോകനം ചെയ്തു.
വ്യോമയാന വ്യവസായത്തെ വികസിപ്പിക്കുന്നതിലും മുൻഗണനാ മേഖലകളെ മുൻപന്തിയിൽ നിർത്തുന്നതിലും ദേശീയ വ്യാവസായിക തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യോമയാന വ്യവസായത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള ശ്രമങ്ങളുടെ ഭാഗമായി, അറ്റകുറ്റപ്പണികൾ, പ്രവർത്തന സേവനങ്ങൾ, ഡ്രോൺ നിർമാണം, കൃത്യതയുള്ള ഓട്ടോമേഷൻ എന്നിവയുൾപ്പെടെ പ്രധാന വ്യോമയാന വ്യവസായ മേഖലകളിൽ ആയിരം കോടി റിയാലിന്റെ നിക്ഷേപ അവസരങ്ങൾ സൗദി അറേബ്യ നിർണയിച്ചിട്ടുണ്ട്.
എയർബസ് ഹെലികോപ്‌റ്റേഴ്‌സിന്റെ നൂതന സാങ്കേതികവിദ്യകൾ, നൂതന ഹെലികോപ്റ്റർ മോഡലുകളുടെ ശ്രേണി, ഡ്രോൺ മേഖലയിലെ നൂതനാശയങ്ങൾ, നിർമാണം, അസംബ്ലി, അറ്റകുറ്റപ്പണികൾ എന്നീ മേഖലകളിൽ ആഗോള തലത്തിൽ പ്രവർത്തനം വ്യാപിക്കാനുള്ള പദ്ധതികൾ എന്നിവയെ കുറിച്ച് കമ്പനി സി.ഇ.ഒ യോഗത്തിൽ വിശദീകരിച്ചു. ഹെലികോപ്റ്റർ നിർമാണ, അറ്റകുറ്റപ്പണി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത നിക്ഷേപ അവസരങ്ങൾ, വ്യോമയാന വ്യവസായത്തിൽ ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനും ആകർഷിക്കാനുമുള്ള സൗദി അറേബ്യയുടെ ശേഷികളും പ്രോത്സാഹനങ്ങളും എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.
ഫ്രഞ്ച് നഗരമായ മാരിഗ്‌നേനിലെ എയർബസ് ഹെലികോപ്‌റ്റേഴ്‌സ് ആസ്ഥാനത്ത് നടന്ന വ്യാവസായിക ദിന പരിപാടി അൽഖുറൈഫ് ഉദ്ഘാടനം ചെയ്തു. വ്യോമയാന വ്യവസായത്തിലെ സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്താൻ ശ്രമിച്ച് എയർബസ് വിതരണക്കാരെയും സൗദി വ്യോമയാന കമ്പനികളെയും വ്യാവസായിക ദിന പരിപാടി ഒരുമിപ്പിക്കുന്നു. വ്യോമയാന വ്യവസായം സൗദിയിൽ ഏറ്റവും പ്രധാനപ്പെട്ട വികസിത വ്യാവസായിക മേഖലകളിൽ ഒന്നാണെന്നും രാജ്യത്തിന്റെ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ, ദേശീയ വ്യാവസായിക തന്ത്രം വ്യോമയാന വ്യവസായത്തിന്റെ പ്രാദേശികവൽക്കരണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ബന്ദർ അൽഖുറൈഫ് പറഞ്ഞു.
വ്യോമയാന മേഖലയുടെ പ്രാദേശികവൽക്കരണം ത്വരിതപ്പെടുത്താനും ഉൽപാദന ശേഷി വികസിപ്പിക്കാനുമുള്ള സൗദി അറേബ്യയുടെ അഭിലാഷങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. സുസ്ഥിരവും മത്സരാധിഷ്ഠിതവുമായ വ്യോമയാന സംവിധാനം കെട്ടിപ്പടുക്കുക എന്ന സംയുക്ത കാഴ്ചപ്പാട് കൈവരിക്കാനായി സൗദി അറേബ്യയുമായി സഹകരണം വികസിപ്പിക്കാൻ എയർബസ് ഹെലികോപ്‌റ്റേഴ്‌സിനോടും കമ്പനി വിതരണക്കാരുടെ ശൃംഖലയോടും വ്യവസായ, ധാതുവിഭവ മന്ത്രി ആഹ്വാനം ചെയ്തു.