ജിദ്ദ– ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ കാത്തിരിക്കുന്ന പുണ്യയാത്രയായ ഹജ്ജിനായുള്ള പ്രധാനപ്പെട്ട കരാറിൽ സൗദിയും ഇന്ത്യയും ഒപ്പുവെച്ചു. 2026-ലെ ഹജ്ജ് തീർഥാടനത്തിനുള്ള ക്വോട്ടയും മറ്റ് സൗകര്യങ്ങളുമാണ് ഈ കരാറിലൂടെ ഉറപ്പാക്കിയിരിക്കുന്നത്.
സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയും ഇന്ത്യൻ പാർലമെൻ്ററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവും ചേർന്നാണ് ഹജ്ജ് കരാറിൽ ഒപ്പുവെച്ചത്.
ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ക്വോട്ടയിൽ മാറ്റമില്ല. കഴിഞ്ഞ വർഷത്തെ അതേ ക്വോട്ടയായ 1,75,025 തീർഥാടകർക്ക് തന്നെയായിരിക്കും 2026-ൽ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്താൻ അവസരം ലഭിക്കുക.
കരാർ ഒപ്പിട്ടതിന് പിന്നാലെ ഇരു മന്ത്രിമാരും ഇന്ത്യൻ തീർഥാടകർക്കായി ഒരുക്കേണ്ട സൗകര്യങ്ങൾ ചർച്ച ചെയ്തു. ഹജ്ജ് യാത്ര സുഗമമാക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടുള്ള നിർദ്ദേശങ്ങളാണ് പ്രധാനമായും പരിഗണിച്ചത്: തീർഥാടകർക്കുള്ള ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങൾ എന്നിവയുടെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ. തീർഥാടന പ്രക്രിയയിലുടനീളം ആവശ്യമായ ഏകോപനവും ലോജിസ്റ്റിക് പിന്തുണയും ശക്തിപ്പെടുത്താനുള്ള പദ്ധതികൾ എന്നിവ ചർച്ച ചെയ്തു.
ഹജ്ജ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരൺ റിജിജു റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദ കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകന യോഗം നടത്തി. ഇന്ത്യൻ തീർഥാടകരുടെ ക്ഷേമത്തിനുവേണ്ടി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
കൂടാതെ, ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളായ ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്, ഹറമൈൻ റെയിൽവേ സ്റ്റേഷൻ, ത്വാഇഫിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി. ജിദ്ദയിലും ത്വാഇഫിലുമുള്ള ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിച്ചു. ഈ കരാറോടെ, 2026-ലെ ഹജ്ജ് തീർഥാടനത്തിന് തയ്യാറെടുപ്പുകൾക്ക് ഔദ്യോഗികമായി തുടക്കമായി.



