ദമാം – 2023 ആദ്യ പാദത്തില്‍ ആരംഭിച്ച ശേഷം ദമാമിലും ഖത്തീഫിലും കിഴക്കന്‍ പ്രവിശ്യ പബ്ലിക് ബസ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയിൽ യാത്രക്കാരുടെ എണ്ണം 63 ലക്ഷം കവിഞ്ഞു. ഇത് കിഴക്കന്‍ പ്രവിശ്യ നഗരങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്താനും വാഹന തിരക്ക് കുറക്കാനും സഹായിച്ചു. പദ്ധതിയില്‍ 85 ബസുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും 300 സ്റ്റോപ്പുകളുള്ള 10 റൂട്ടുകളില്‍ പ്രതിദിനം 18 മണിക്കൂര്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അശ്ശര്‍ഖിയ നഗരസഭ പൊതുഗതാഗത വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ദഖീല്‍ പറഞ്ഞു. ബസ് സര്‍വീസുള്‍ പ്രതിമാസം രണ്ടര ലക്ഷം യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്നു.
പദ്ധതിയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളില്‍ റിസര്‍വ് ബസുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിലും ഏതെങ്കിലും ബസുകള്‍ തകരാറിലായാലും റിസര്‍വ് ബസുകള്‍ തത്സമയം ഉപയോഗിക്കുന്നതായും എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ദഖീല്‍ പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യ പബ്ലിക് ബസ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. നഗര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റി പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പ്രവിശ്യയിലെ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും വിനോദസഞ്ചാരത്തെ പിന്തുണക്കാനും അശ്ശര്‍ഖിയ നഗരസഭ പ്രവര്‍ത്തിക്കുന്നതായും എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ദഖീല്‍ പറഞ്ഞു.