ജിദ്ദ – തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം, സൗദി അറേബ്യയിലെ പൗരന്മാർക്ക് സർക്കാർ സബ്‌സിഡി ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതിയും, അതിലെ ഗുണഭോക്താക്കൾക്ക് അധിക സഹായം നൽകുന്ന പദ്ധതിയും അടുത്ത വർഷാവസാനം വരെ ദീർഘിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇരു പദ്ധതികളും ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ രാജാവ് നിര്‍ദേശിച്ചത്. സിറ്റസണ്‍ അക്കൗണ്ട് പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷനും തുടരും. ഇന്ധന, വൈദ്യുതി ഇനത്തിലെയും മറ്റും സബ്‌സിഡി ആനുകൂല്യങ്ങള്‍ അര്‍ഹരായ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനും അമിത ഉപഭോഗം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് സിറ്റിസണ്‍ അക്കൗണ്ട് പദ്ധതി ആരംഭിച്ചത്. പദ്ധതി വഴി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 300 കോടിയിലേറെ റിയാല്‍ വിതരണം ചെയ്യുന്നുണ്ട്.



