ജിദ്ദ – ഉപഭോക്തൃ സംരക്ഷണം വര്‍ധിപ്പിക്കാനും ബാങ്കിംഗ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ബാങ്കുകള്‍ 25 സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് ബാങ്കുകള്‍ക്ക് അയച്ച പുതിയ സര്‍ക്കുലറില്‍ സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആവശ്യപ്പെട്ടു.
ബാങ്കുകളിലും ഇ-വാലറ്റുകളിലും കറന്റ് അക്കൗണ്ടുകള്‍ തുറക്കല്‍, പണം പിന്‍വലിക്കലും നിക്ഷേപവും, ചെക്ക് ഡെപ്പോസിറ്റ്, പുതിയ മദ കാര്‍ഡുകള്‍ നല്‍കല്‍, പുതുക്കല്‍, എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചതിന് ശേഷം വീണ്ടും കാര്‍ഡുകള്‍ ഇഷ്യു ചെയ്യല്‍ എന്നിവ സൗജന്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
പോയിന്റ്-ഓഫ്-സെയില്‍ ടെര്‍മിനലുകളിലും ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സിംഗുകള്‍ക്കും മദ കാര്‍ഡുകള്‍ പ്രാദേശികമായി ഉപയോഗിക്കല്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നെറ്റ്വര്‍ക്കിനുള്ളില്‍ മദ കാര്‍ഡുകള്‍ ഉപയോഗിക്കല്‍, ബാലന്‍സുകള്‍ പരിശോധിക്കല്‍, എ.ടി.എമ്മുകള്‍ വഴി മിനി-സ്റ്റേറ്റ്മെന്റുകള്‍ നേടല്‍, ബില്ലുകളും സേവന ഫീസും അടക്കല്‍, റീഫണ്ട് ചെയ്യല്‍, 25 ചെക്കുകള്‍ അടങ്ങിയ ചെക്ക്ബുക്ക് ഇഷ്യു ചെയ്യല്‍ എന്നിവയും സൗജന്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍ റദ്ദാക്കല്‍, പണം ട്രാന്‍സ്ഫര്‍ ചെയ്യാനായി ഗുണഭോക്താക്കളെ നിര്‍വചിക്കല്‍, ഒരേ ബാങ്കിനുള്ളിലെ അക്കൗണ്ടുകള്‍ക്കിടയിലോ ഇലക്‌ട്രോണിക് മണി കമ്പനികളിലെ വാലറ്റുകള്‍ക്കിടയിലോ പണം കൈമാറ്റം നടത്തല്‍ എന്നിവയും സൗജന്യ സേവനങ്ങളാണ്. വായ്പാ കരാറിന് കീഴിലുള്ള എല്ലാ ബാധ്യതകളും പൂര്‍ണ്ണമായി തീര്‍പ്പാക്കുമ്പോള്‍ ഉപഭോക്താവിന്റെ ഈട് വസ്തു യാതൊരുവിധ ഫീസുകളും കൂടാതെ സൗജന്യമായി വിട്ടുകൊടുക്കണം. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ഉപഭോക്താവിന്റെ അഭ്യര്‍ഥന പ്രകാരം ആനുകാലിക അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും ഒരു വര്‍ഷത്തില്‍ താഴെ കാലയളവിലെ വാര്‍ഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും ബാങ്ക് ശാഖകളില്‍ നിന്ന് നല്‍കല്‍, ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവിലെ സ്റ്റേറ്റ്മെന്റുകള്‍ ഇലക്‌ട്രോണിക് ആയി നല്‍കല്‍ എന്നിവയും സൗജന്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. കടം സ്ഥിരീകരണ രേഖ, കടം കൈമാറ്റം രേഖ, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ റിലീസ് സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) സര്‍ട്ടിഫിക്കറ്റ് എന്നിവയും സൗജന്യ സേവനങ്ങളാണെന്ന് സാമ വ്യക്തമാക്കി.



