ജിദ്ദ – ഓഗസ്റ്റില്‍ സൗദി ബാങ്കുകളുടെ ലാഭത്തില്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കുകളുടെ വായ്പാ വളര്‍ച്ച കുറഞ്ഞ പലിശ നിരക്കുകളുടെ ആഘാതം നികത്താനും ഉയര്‍ന്ന ലാഭം കൈവരിക്കാനും സഹായിച്ചു. ഓഗസ്റ്റില്‍ സൗദി ബാങ്കുകള്‍ 870 കോടി റിയാല്‍ ലാഭം നേടിയതായി സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ഡാറ്റകള്‍ വ്യക്തമാക്കുന്നു. ഇത് 2024 ഓഗസ്റ്റില്‍ കൈവരിച്ച ലാഭത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. 2025 ജൂലൈ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ബാങ്കുകളുടെ ലാഭം അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 750 കോടി റിയാലും ഇക്കഴിഞ്ഞ ജൂലൈയില്‍ 820 കോടി റിയാലുമായിരുന്നു ബാങ്കുകളുടെ ലാഭം. ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ ബാങ്കുകളുടെ സഞ്ചിത ലാഭം 6,790 കോടി റിയാലിലെത്തി. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 വര്‍ധനവാണിത്.
ഓഗസ്റ്റില്‍ ബാങ്ക് വായ്പാ വളര്‍ച്ച തുടര്‍ന്നു. വായ്പകളില്‍ 14.6 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഓഗസ്റ്റ് അവസാനത്തോടെ ആകെ ബാങ്ക് വായ്പകള്‍ 3.2 ട്രില്യണ്‍ റിയാലായി. ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ ഒമ്പതു ശതമാനം വളര്‍ച്ചയുണ്ടായി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബാങ്കുകളിലെ നിക്ഷേപങ്ങള്‍ 2.9 ട്രില്യണ്‍ റിയാലിലെത്തി.
നിക്ഷേപങ്ങളെക്കാള്‍ കൂടുതലായി വായ്പകള്‍ ഉയര്‍ന്നിട്ടും, ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും ദീര്‍ഘകാല കടത്തിനും ഉയര്‍ന്ന വെയ്‌റ്റേജ് നല്‍കുന്ന സംവിധാനം ഉപയോഗിച്ച് സൗദി സെന്‍ട്രല്‍ ബാങ്ക് വായ്പാ-നിക്ഷേപ അനുപാതം കണക്കാക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നത് തുടരാന്‍ കഴിയും. മൂന്ന് മാസത്തെ ശരാശരി സൗദി ഇന്റര്‍ബാങ്ക് ഓഫേര്‍ഡ് റേറ്റ് ഓഗസ്റ്റില്‍ ഏകദേശം 70 ബേസിസ് പോയിന്റ് കുറഞ്ഞ് 5.40 ശതമാനമായി. തുടര്‍ച്ചയായി 11-ാം മാസമാണ് ഇന്റര്‍ബാങ്ക് ഓഫേര്‍ഡ് റേറ്റ് കുറയുന്നത്. ക്രെഡിറ്റ് ഡിമാന്‍ഡിലെ തുടര്‍ച്ചയായ വളര്‍ച്ചയുടെ ഫലമായി ഇന്റര്‍ബാങ്ക് ഓഫേര്‍ഡ് റേറ്റില്‍ ഇടിവ് ഉണ്ടായിട്ടും ബാങ്കുകള്‍ക്ക് ലാഭം വര്‍ധിപ്പിക്കുന്നത് തുടരാന്‍ അവസരമുണ്ട്.