റിയാദ്: ലോകത്തെ ഏറ്റവും വലിയ സംയോജിത ഊർജ, രാസവസ്തു കമ്പനിയായ സൗദി അറാംകൊ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചു.
ദ്രവീകൃത പ്രകൃതിവാതകം, ഇന്ധനങ്ങൾ, രാസവസ്തുക്കൾ, ഉദ്വമനം കുറക്കാനുള്ള സാങ്കേതികവിദ്യകൾ, കൃത്രിമബുദ്ധി, മറ്റു ഡിജിറ്റൽ പരിഹാരങ്ങൾ, നിർമാണം, സാമ്പത്തിക ആസ്തി മാനേജ്‌മെന്റ്, ഹ്രസ്വകാല പണ നിക്ഷേപങ്ങൾ, മെറ്റീരിയലുകൾ, ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവയുടെ പർച്ചേയ്‌സിംഗ് എന്നിവയുൾപ്പെടെ സൗദി അറാംകൊയുടെ ബിസിനസ്സുമായി ബന്ധപ്പെട്ട സഹകരണവും പങ്കാളിത്തവും സൗദിയു.എസ് നിക്ഷേപ ഫോറത്തിൽ ഒപ്പുവച്ച ധാരണാപത്രങ്ങളിലും കരാറുകളിലും ഉൾപ്പെടുന്നതായി അറാംകൊ പ്രസ്താവനയിൽ അറിയിച്ചുു.
അറാംകൊയും അമേരിക്കൻ കമ്പനികളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്താനും ഓഹരി ഉടമകളുടെ മൂല്യം പരമാവധിയാക്കാനും ഊർജ മേഖലയിലും അതിനപ്പുറത്തും സഹകരണവും നവീകരണവും പ്രോത്സാഹിപ്പിക്കാനും ധാരണാപത്രങ്ങളിലൂടെയും കരാറുകളിലൂടെയും ലക്ഷ്യമിടുന്നു.
90 വർഷം മുമ്പ് സൗദി അറാംകൊ എണ്ണ കണ്ടെത്തിയതു മുതൽ അമേരിക്കൻ കമ്പനികളുമായി നിലനിൽക്കുന്ന ആഴത്തിലുള്ളതും അതുല്യവുമായ ചരിത്രപരമായ ബന്ധങ്ങളെയാണ് പുതിയ കരാറുകളുടെയും ധാരണാപത്രങ്ങളുടെയും വ്യാപ്തിയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ അമീൻ നാസിർ പറഞ്ഞു. ഈ ബന്ധങ്ങൾ ഊർജ സുരക്ഷ വർധിപ്പിക്കുകയും മേഖലയുടെയും ലോകത്തിന്റെയും സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യും.
അമേരിക്കയുമായി ബന്ധപ്പെട്ട ഞങ്ങളുടെ പ്രവർത്തനങ്ങൾ പതിറ്റാണ്ടുകളായി വികസിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ഇപ്പോൾ ഒപ്പുവെച്ച കരാറുകളും ധാരണാപത്രങ്ങളും നിരവധി വിഷയങ്ങളിലെ ഗവേഷണവും വികസനവും, അമേരിക്കയിലെ ഏറ്റവും വലിയ പോർട്ട് ആർതറിലെ മോട്ടിവ റിഫൈനറി, നൂതന സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾ, ദ്രവീകൃത പ്രകൃതിവാതക മേഖലാ സഹകരണം, മറ്റു നിരവധി സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതായി അമീൻ അൽനാസിർ പറഞ്ഞു.
അമേരിക്കൻ കമ്പനികൾ പോലുള്ള ലോകോത്തര പങ്കാളികളുമായി പ്രവർത്തിക്കുന്നത് ഞങ്ങളുടെ ബിസിനസ്സിന്റെ വികസനത്തെ പിന്തുണക്കുകയും നിക്ഷേപ പോർട്ട്‌ഫോളിയോയുടെ തന്ത്രപരമായ വൈവിധ്യവൽക്കരണം വർധിപ്പിക്കുകയും വ്യാവസായിക നവീകരണത്തിന്റെ വേഗത ശക്തിപ്പെടുത്തുകയും ചെയ്യും. സൗദി അറാംകൊയുടെ അഭിലാഷവും ഉയർന്ന മൂല്യമുള്ളതുമായ വളർച്ചാ തന്ത്രം കൈവരിക്കാനും ഇതിലൂടെ സാധിക്കും. ഇത് സൗദി അറേബ്യയുടെ വ്യാവസായിക, സാങ്കേതിക, വാണിജ്യ ശേഷികൾ വികസിപ്പിക്കുന്നതിൽ അനുകൂല സ്വാധീനം ചെലുത്തുമെന്നും അമീൻ അൽനാസിർ പറഞ്ഞു.