ജിദ്ദ: ഫെബ്രുവരി മാസത്തിൽ സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയിൽ 14.3 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. പുനർ കയറ്റുമതി (റീഎക്‌സ്‌പോർട്ട്) ഉൾപ്പെടെയുള്ള എണ്ണ ഇതര കയറ്റുമതിയാണ് 2024 ഫെബ്രുവരിയെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 14.3 ശതമാനം തോതിൽ വർധിച്ചത്.
അതേസമയം പുനർകയറ്റുമതി ഒഴികെയുള്ള എണ്ണ ഇതര കയറ്റുമതി 0.7 ശതമാനം തോതിൽ വർധിച്ചു. ഫെബ്രുവരിയിൽ പുനർകയറ്റുമതി 45.9 ശതമാനം തോതിൽ വർധിച്ചു. പെട്രോളിയം കയറ്റുമതി 7.9 ശതമാനം തോതിൽ കുറഞ്ഞു. ഇതിന്റെ ഫലമായി ആകെ കയറ്റുമതി 2.6 ശതമാനം തോതിൽ കുറഞ്ഞു. മൊത്തം കയറ്റുമതിയിൽ പെട്രോളിയം കയറ്റുമതി വഹിതം 2024 ഫെബ്രുവരിയിൽ 76.3 ശതമാനമായിരുന്നു. ഇത് കഴിഞ്ഞ ഫെബ്രുവരിയിൽ 72.1 ശതമാനമായി കുറഞ്ഞു.
ഫെബ്രുവരിയിൽ ഇറക്കുമതി 5.6 ശതമാനം തോതിൽ കുറഞ്ഞു. വ്യാപാര മിച്ചം 2024 ഫെബ്രുവരിയെ അപേക്ഷിച്ച് നാലു ശതമാനം തോതിൽ വർധിച്ചു. ഫെബ്രുവരിയിൽ അന്താരാഷ്ട്ര വ്യാപാരം 156.9 ബില്യൺ റിയാലായി. ആകെ കയറ്റുമതി 93.7 ബില്യൺ റിയാലായിരുന്നു. ഇതിൽ എണ്ണയിതര കയറ്റുമതി 16 ബില്യൺ റിയാലായിരുന്നു. മൊത്തം ഇറക്കുമതി 63.2 ബില്യൺ റിയാലും വ്യാപാര മിച്ചം 30.5 ബില്യൺ റിയാലുമായിരുന്നു.