റിയാദ് – കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ സൈനിക ധനവിനിയോഗത്തില്‍ പ്രാദേശികവല്‍ക്കരണ നിരക്ക് 24.89 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ഊഹലി പറഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷത്തെ ലക്ഷ്യത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്. 2023 ല്‍ സൈനിക ധനവിനിയോഗത്തില്‍ പ്രാദേശികവല്‍ക്കരണ നിരക്ക് 19.35 ശതമാനമായിരുന്നു. സൈനിക ധനവിനിയോഗത്തില്‍ പ്രാദേശിക ഉള്ളടക്കം 40.47 ശതമാനമായി ഉയര്‍ന്നു. 2023 ല്‍ ഇത് 38.39 ശതമാനമായിരുന്നു.
മേഖലയിലെ വര്‍ധിച്ച നിക്ഷേപം ഉള്‍പ്പെടെ ഏതാനും ഘടകങ്ങള്‍ സൈനിക ധനവിയോഗത്തിലെ പ്രാദേശികവല്‍ക്കരണ നിരക്ക് ഏകദേശം 25 ശതമാനമായി ഉയരാന്‍ സഹായിച്ചതായി സൈനിക വ്യവസായ മേഖലാ വാര്‍ഷിക യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ഊഹലി പറഞ്ഞു. മേഖലയിലെ വര്‍ധിച്ച നിക്ഷേപം പ്രാദേശിക വ്യാവസായിക ശേഷികള്‍ക്കായുള്ള ആവശ്യം നിറവേറ്റുന്നതിന് കമ്പനികളുടെ വ്യാവസായിക ശേഷികള്‍ വര്‍ധിപ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ ഉറപ്പാക്കാനുള്ള അവസരം തദ്ദേശീയ കമ്പനികള്‍ക്ക് നല്‍കുന്നതിലും ഗുണഭോക്താക്കളായ വകുപ്പുകള്‍ പ്രധാന പങ്ക് വഹിച്ചു.
2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ തന്ത്രപരമായ സുരക്ഷ വര്‍ധിപ്പിക്കാനും സൈനിക ധനവിനിയോഗത്തിന്റെ 50 ശതമാനമെങ്കിലും പ്രാദേശികവല്‍ക്കരിക്കാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. രാജ്യത്തിനും പൗരന്മാര്‍ക്കും സുരക്ഷയും സാമ്പത്തിക നേട്ടങ്ങളും സൃഷ്ടിക്കുന്ന സുസ്ഥിര പ്രാദേശിക വ്യാവസായിക മേഖല കെട്ടിപ്പടുക്കാനാണ് അതോറിറ്റി മുന്‍ഗണന നല്‍കുന്നത്. ഈ പങ്ക് ശക്തിപ്പെടുത്താന്‍ സൈനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി പങ്കാളിത്തത്തോടെ അതോറിറ്റി പ്രവര്‍ത്തിക്കുന്നു.
വ്യാവസായിക, പ്രതിരോധ ശേഷികളുടെ വികസനത്തിനും നിര്‍മ്മാണത്തിനും പ്രാദേശിക വ്യാവസായിക ശേഷികള്‍ കെട്ടിപ്പടുക്കാനും ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതോറിറ്റി പ്രവര്‍ത്തിക്കുന്നു. ദേശീയ സുരക്ഷ വര്‍ധിപ്പിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനും സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അതോറിറ്റി ആത്യന്തികമായി ലക്ഷ്യമിടുന്നു.
സൈനിക മേഖലയിലെ പ്രാദേശിക വ്യവസായം വിശാലവും വൈവിധ്യപൂര്‍ണവും ശക്തവുമായ വിതരണ ശൃംഖലകളെ ആശ്രയിക്കുന്നു. അതിനാല്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താനും അവരെ ശാക്തീകരിക്കാനും കരാറുകളിലൂടെ എസ്.എം.ഇകളെ പിന്തുണക്കാന്‍ പ്രമുഖ ആഗോള, പ്രാദേശിക കമ്പനികളെ നിര്‍ബന്ധിതരാക്കുന്ന നിയമനിര്‍മ്മാണങ്ങളും ചട്ടങ്ങളും നടപ്പിലാക്കാനും പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അതോറിറ്റി താല്‍പ്പര്യപ്പെടുന്നു.
സൈനിക വ്യവസായ മേഖലയെയും അതിന്റെ മാനവ വിഭവശേഷിയെയും വികസിപ്പിക്കാനും വിദ്യാഭ്യാസത്തിലും പരിശീലനത്തിലുമുള്ള വിടവ് നികത്താനും സ്ഥാപിതമായതു മുതല്‍ അതോറിറ്റി പ്രവര്‍ത്തിച്ചുവരികയാണ്. സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ് പ്രോഗ്രാമില്‍ നിന്നുള്ള ആദ്യ ബാച്ച് ഇതിനകം ബിരുദം നേടിയിട്ടുണ്ട്. നാഷണല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് പ്ലാറ്റ്ഫോം നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗദിയില്‍ സൈനിക മേഖലയിലെ സംരംഭങ്ങളുടെ വ്യക്തവും വിശദവുമായ അവലോകനം പ്ലാറ്റ്‌ഫോം നല്‍കുന്നു.
രാജ്യത്തിന്റെ സൈനിക സ്വാതന്ത്ര്യം കൈവരിക്കാനായി അതോറിറ്റി പ്രകടനത്തിന്റെയും ഗവേണന്‍സിന്റെയും നിലവാരം ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍, സൈനിക വ്യവസായ മേഖലയുടെ വളര്‍ച്ചയെ പിന്തുണക്കുന്നതും നിക്ഷേപകരെ ശാക്തീകരിക്കുന്നതുമായ നയങ്ങള്‍, നിയമനിര്‍മ്മാണം, നിയന്ത്രണങ്ങള്‍, പ്രോത്സാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ ഒരുകൂട്ടം ശാക്തീകരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സൈനിക വ്യവസായങ്ങളുടെ പ്രാദേശികവല്‍ക്കണം പ്രോത്സാഹിപ്പിക്കാനുള്ള ആദ്യ എക്സലന്‍സ് അവാര്‍ഡിന് എന്‍ജിനീയര്‍ അഹ്മദ് അല്‍ഊഹലി യോഗത്തില്‍ സമാരംഭം കുറിച്ചു. സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിലൂടെ പ്രാദേശികവല്‍ക്കരണം മെച്ചപ്പെടുത്താനും പ്രാദേശിക ഉള്ളടക്കം വര്‍ധിപ്പിക്കാനും സഹായിക്കുന്ന മികച്ച രീതികള്‍ സ്വീകരിക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനിക, സുരക്ഷാ സ്ഥാപനങ്ങളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കാനുള്ള അതോറിറ്റിയുടെ സംരംഭങ്ങളില്‍ ഒന്നാണ് ഈ അവാര്‍ഡ്.



