റിയാദ് – നേരത്തെ സൗദിയില്‍ വെച്ച് വിജയകരമായ ശസ്ത്രക്രിയകളിലൂടെ വേര്‍പ്പെടുത്തിയ സയാമിസ് ഇരട്ടകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ റിയാദ് സീസണ്‍ 2025 ലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ ബുളിവാര്‍ഡ് വേള്‍ഡിലേക്ക് സന്ദര്‍ശനം സംഘടിപ്പിച്ചു.
സൗദി അറേബ്യ, കുവൈത്ത്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, അമേരിക്ക, ഈജിപ്ത്, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ സാംസ്‌കാരിക മേഖലകള്‍ സന്ദര്‍ശിച്ച് സയാമിസ് ഇരട്ടകള്‍ രസകരമായ അനുഭവം ആസ്വദിച്ചു. പരമ്പരാഗത ഭക്ഷണങ്ങള്‍, സംഗീത പ്രകടനങ്ങള്‍, കരകൗശല വസ്തുക്കള്‍, നാടോടി പ്രദര്‍ശനങ്ങള്‍, ഓരോ രാജ്യത്തിന്റെയും പ്രധാന സാംസ്‌കാരിക അടയാളങ്ങളുടെ പ്രദര്‍ശനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രസകരമായ അന്തരീക്ഷത്തില്‍ അവര്‍ ആഗോള സംസ്‌കാരങ്ങളുടെ വൈവിധ്യം അടുത്തറിഞ്ഞു.
പിന്നീട് ഇവര്‍ ഡോള്‍ഫിന്‍ ഷോ സന്ദര്‍ശിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത കുളത്തില്‍ അതിശയകരമായ ബുദ്ധി, അക്രോബാറ്റിക് നീക്കങ്ങള്‍, സംവേദനാത്മക നൃത്തങ്ങള്‍ എന്നിവ നിറഞ്ഞ ഡോള്‍ഫിനുകളുടെ മിന്നുന്ന പ്രകടനങ്ങള്‍ വീക്ഷിച്ചു. ഡോള്‍ഫിനുകളുടെ രസകരമായ പ്രകടനത്തിനിടെ ചിത്രരചന, പന്തെറിയല്‍ തുടങ്ങിയ ആവേശകരമായ സംവേദനാത്മക പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പങ്കെടുത്തു.


സൗദി ജനതയുടെ ഉദാരതയും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുന്ന ഈ സന്ദര്‍ശനം സംഘടിപ്പിച്ചതിന് സയാമിസ് ഇരട്ടകളും അവരുടെ കുടുംബങ്ങളും സൗദി അറേബ്യക്ക് അഗാധമായ നന്ദി അറിയിച്ചു. വിനോദം, സാങ്കേതികവിദ്യ, ആതിഥ്യം എന്നിവയെ സമന്വയിപ്പിക്കുന്ന ആധുനിക നഗരത്തിന്റെ സവിശേഷ മാതൃകയാണ് ബുളിവാര്‍ഡ് വേള്‍ഡ്. വിവിധ വിനോദ, ടൂറിസം മേഖലകളില്‍ റിയാദ് നഗരം സാക്ഷ്യം വഹിക്കുന്ന ദ്രുതഗതിയിലുള്ള വികസനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.


പ്രധാന അന്താരാഷ്ട്ര നഗരങ്ങളുമായി മത്സരിക്കുന്ന വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്ന ആഗോള ലക്ഷ്യസ്ഥാനമായി റിയാദ് മാറിയിരിക്കുന്നതായും സംഘാടനത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും കാര്യത്തില്‍ അഭൂതപൂര്‍വമായ അനുഭവം പ്രദാനം ചെയ്യുന്നതായും സയാമിസ് ഇരട്ടകളും കുടുംബങ്ങളും പറഞ്ഞു.



