ജിദ്ദ – സൗദി അറേബ്യ എണ്ണയെ നേരിട്ടും അല്ലാതെയും ആശ്രയിക്കുന്നത് 68 ശതമാനമായി കുറഞ്ഞതായി സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം വ്യക്തമാക്കി. നേരത്തെ ഇത് 90 ശതമാനത്തില്‍ കൂടുതല്‍ ആയിരുന്നു. എണ്ണ ഇതര പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥ ജി.ഡി.പിയുടെ 56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ബെര്‍ലിന്‍ ഗ്ലോബല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുത്ത് സാമ്പത്തിക, ആസൂത്രണ മന്ത്രി പറഞ്ഞു.
സൗദി അറേബ്യ ഇപ്പോഴും സാമ്പത്തിക പരിവര്‍ത്തനത്തിന്റെ തുടക്കത്തിലാണ്. പക്ഷേ, ധനവിനിയോഗത്തെക്കാള്‍ ഉല്‍പ്പാദനക്ഷമതയാണ് സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത്. സമ്പദ്വ്യവസ്ഥ കൂടുതല്‍ വഴക്കമുള്ളതും സുസ്ഥിരവുമായിക്കൊണ്ടിരിക്കുന്നു. സൗദി അറേബ്യ അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 4.6 ശതമാനമായി ഉയര്‍ത്തി. അടുത്ത കൊല്ലം 3.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. ഈ മാസാദ്യം ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രാഥമിക 2026 ബജറ്റ് പ്രസ്താവന പ്രകാരം, എണ്ണ ഇതര ജി.ഡി.പിയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയാണ് ഈ വളര്‍ച്ചയെ പ്രധാനമായും നയിക്കുന്നത്.
ലോകം ബഹുധ്രുവതയിലേക്കുള്ള നീണ്ട പരിവര്‍ത്തനത്തിലൂടെ കടന്നുപോകുകയാണ്. ഇത് ചാഞ്ചാട്ടങ്ങള്‍ അടയാളപ്പെടുത്തുന്ന കാലഘട്ടമാണ്. എന്നാല്‍ ആഭ്യന്തര ശേഷികള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെയും സ്ഥാപനപരമായ കാര്യക്ഷമത വര്‍ധിപ്പിച്ചും രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട അവസരങ്ങള്‍ നിറഞ്ഞ കാലഘട്ടമാണിത്. രാജ്യങ്ങളുടെ കരുത്ത് വിഭവങ്ങളില്‍ നിന്ന് മാത്രമല്ല, നിക്ഷേപിക്കാനും ഫലപ്രദമായ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനും പൊതുനയങ്ങള്‍ കാര്യക്ഷമമായി നയിക്കാനുമുള്ള ശേഷിയില്‍ നിന്നാണ് ഉണ്ടാകുന്നത്. കൂടുതല്‍ സ്ഥിരതയുള്ള ഒരു ആഗോള ക്രമം രൂപപ്പെടുത്തുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഗൗരവമായ ഇടപെടല്‍ അത്യാവശ്യമാണ്.
സ്വകാര്യ മേഖല നേരിടുന്ന അപകടസാധ്യതകള്‍ ഇല്ലാതാക്കുന്നതില്‍ സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുള്ള കണക്കുകൂട്ടിയ ഇടപെടലുകള്‍ പ്രധാനമാണ്. ഈ ഇടപെടല്‍ മത്സരക്ഷമതക്കോ വിപണി ചലനാത്മകതക്കോ പകരമാകാതെ സന്തുലിതാവസ്ഥക്കുള്ള ഒരു ഉപകരണമായിരിക്കണം. ഒമ്പത് പതിറ്റാണ്ടുകളായി അമേരിക്ക സൗദി അറേബ്യയുടെ ഏറ്റവും പഴയ വ്യാപാര പങ്കാളിയാണ്. ചൈന ഇപ്പോള്‍ സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറിയിരിക്കുന്നു. സൗദി അറേബ്യ അതിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ വിശകലനം ചെയ്യുകയും സന്തുലിതമായ തന്ത്രപരമായ പങ്കാളിത്തങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ദീര്‍ഘകാല സാധ്യതകള്‍ക്ക് ഗുണകരമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു.
സൗദി അറേബ്യ ദീര്‍ഘകാല വിപണി സ്ഥിരതയിലും ആഗോള ആവശ്യം നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി, റഷ്യന്‍ എണ്ണ കയറ്റുമതിയില്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഫൈസല്‍ അല്‍ഇബ്രാഹിം പറഞ്ഞു. സുസ്ഥിര സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, നേരത്തെ എണ്ണയുല്‍പാദനത്തില്‍ സ്വമേധയാ വരുത്തിയ വെട്ടിക്കുറക്കലുകള്‍ മാറ്റാന്‍ സൗദി അറേബ്യ നിലവില്‍ പ്രവര്‍ത്തിക്കുന്നു. സൗദി അറേബ്യയിലെ പരിവര്‍ത്തനം കേവലം താല്‍ക്കാലിക അവസരങ്ങള്‍ പിടിച്ചെടുക്കല്‍ മാത്രമല്ല. മറിച്ച്, എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഒരു സ്ഥാപന പ്രക്രിയയാണെന്നും സാമ്പത്തിക, ആസൂത്രണ മന്ത്രി പറഞ്ഞു.



