ജിദ്ദ: ചൈനീസ് നിർമിത ഉൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പുതിയ ചുങ്കം ഒഴിവാക്കാൻ ലെനോവോ, എച്ച്.പി, ഡെൽ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ സൗദിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ നിർമിക്കാൻ പുതിയ ഫാക്ടറികൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് യാഥാർത്ഥ്യമായാൽ കംപ്യൂട്ടർ നിർമാണ മേഖലയിൽ വൈകാതെ ലോകശക്തിയായി സൗദി അറേബ്യ മാറും.
സൗദിയിൽ കംപ്യൂട്ടർ ഫാക്ടറി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ലെനോവോ നേതൃത്വം നൽകുമെന്ന് സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾക്കുള്ള ടെക്‌റഡാർ, ടെക്‌സ്‌പോട്ട് വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. സൗദി സോവറീൻ വെൽത്ത് ഫണ്ടിന്റെ (പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്) അനുബന്ധ സ്ഥാപനത്തിൽ നിന്ന് 200 കോടി ഡോളറിന്റെ പിന്തുണ ലഭിച്ചതോടെ റിയാദിൽ കംപ്യൂട്ടർ, സെർവർ ഫാക്ടറി സ്ഥാപിക്കാനുള്ള കരാറിൽ 2025 ജനുവരിയിൽ ലെനോവോ ഒപ്പുവെച്ചിരുന്നു.
ഹോങ്കോംഗ് ആസ്ഥാനമായ കമ്പനി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക ശാഖ സൗദി അറേബ്യയിൽ തുറക്കാൻ പദ്ധതിയിടുന്നു. എച്ച്.പിയും ഡെല്ലും തങ്ങളുടെ ഫാക്ടറികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനായി സൗദിയിലേക്ക് ടീമുകളെ അയച്ചിട്ടുണ്ടെന്ന് ഡിജിടൈംസ് റിപ്പോർട്ട് ചെയ്തു.
കംപ്യൂട്ടർ നിർമാതാക്കൾ സൗദി അറേബ്യയിൽ അതുല്യമായ ബിസിനസ് അവസരം കാണുന്നു. സൗദി കയറ്റുമതിക്ക് അമേരിക്കയുടെ പുതിയ ചുങ്കം പത്തു ശതമാനം കവിയില്ല. എന്നാൽ ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക 245 ശതമാനം താരിഫുകൾ ചുമത്തിയിട്ടുണ്ട്. സൗദി അറേബ്യയിൽ കംപ്യൂട്ടർ ഫാക്ടറികൾ സ്ഥാപിക്കുന്നത് ഡെൽ, ലെനോവോ, എച്ച്.പി എന്നിവക്ക് മിഡിൽ ഈസ്റ്റ്, ഉത്തര ആഫ്രിക്ക വിപണികളിലേക്ക് അഭൂതപൂർവമായ പ്രവേശനം നൽകും.
2024-ൽ ലെനോവോ അമേരിക്കയിലേക്ക് 11,872 കംപ്യൂട്ടറുൾ കയറ്റുമതി ചെയ്തു. അമേരിക്കയിലേക്കുള്ള മൂന്നാമത്തെ വലിയ കംപ്യൂട്ടർ കയറ്റുമതിക്കാരായി ലെനോവോ മാറി. യു.എസ് കമ്പ്യൂട്ടർ വിപണിയിൽ 17.2 ശതമാനം വിഹിതമാണ് ലെനോവോക്കുള്ളത്. 22.8 ശതമാനം വിപണി വിഹിതവുമായി ഡെൽ രണ്ടാം സ്ഥാനത്തും 25.3 ശതമാനം വിപണി വിഹിതവുമായി എച്ച്.പി ഒന്നാം സ്ഥാനത്തുമാണ്.
ഡെല്ലിന്റെയും എച്ച്.പിയുടെയും വ്യവസായങ്ങൾക്കുള്ള കേന്ദ്രമായി സൗദി അറേബ്യയെ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ സൗദി സോവറീൻ വെൽത്ത് ഫണ്ട് പിന്തുണക്കുമെന്ന് ടെക്‌സ്‌പോട്ട് പ്രതീക്ഷിക്കുന്നു. ഫോക്‌സ്‌കോൺ, ക്വാണ്ട്ര, കോമ്പൽ, ഇൻവെന്റക് എന്നിവയുൾപ്പെടെയുള്ള മറ്റു പ്രമുഖ സാങ്കേതിക കമ്പനികളെയും സൗദിയിലെ വിപണി അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സൗദി അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ഫാക്ടറികൾ സ്ഥാപിക്കാനുള്ള മുഴുവൻ ചെലവുകളും വഹിക്കുന്നത് ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ ഈ പ്രധാന സാങ്കേതിക കമ്പനികൾക്കുള്ള സൗദി വാഗ്ദാനത്തിൽ ഉൾപ്പെടുന്നതായി ടെക്‌സ്‌പോട്ട് റിപ്പോർട്ടിൽ വ്യക്തമാക്കി.