റിയാദ് – ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണറും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ യാസിര്‍ അല്‍റുമയാന്‍ വെളിപ്പെടുത്തി. ഒമ്പതു വര്‍ഷം മുമ്പായിരുന്നു ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചത്.
റിയാദില്‍ ഇന്ന് ആരംഭിച്ച ഒമ്പതാമത് ത്രിദിന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു യാസിര്‍ അല്‍റുമയാന്‍. ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാവിയില്‍ യഥാര്‍ഥ സ്വാധീനം ചെലുത്താനായി ലോകമെമ്പാടുമുള്ള നേതാക്കളെയും തീരുമാനമെടുക്കുന്നവരെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഏറ്റവും വലിയ ആഗോള പ്ലാറ്റ്ഫോമായി ഈ സംരംഭം മാറി. ഈ വര്‍ഷത്തെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിന്റെ സ്വാധീനം ആഗോള ഫലപ്രാപ്തിയുടെ പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
ഇനീഷ്യേറ്റീവില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍, സ്വകാര്യ മേഖലാ നേതാക്കള്‍ പ്രധാന സാമ്പത്തിക ശക്തിയെ പ്രതിനിധീകരിക്കുന്നു. ഇവര്‍ വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ സംഭാവന നല്‍കാന്‍ ഇവര്‍ക്ക് ഗണ്യമായ അവസരങ്ങളുണ്ട്. ലഭ്യമായ അവസരങ്ങളില്‍ അവബോധത്തോടെയും ഉത്തരവാദിത്തത്തോടെയുമുള്ള നിക്ഷേപത്തിലൂടെ ഈ ലക്ഷ്യത്തിലേക്ക് നീങ്ങേണ്ടത് പ്രധാനമാണ്.
ദ്രുതഗതിയിലുള്ള സാമ്പത്തിക, സാങ്കേതിക മാറ്റങ്ങളുടെ ഫലമായി നിക്ഷേപകരുടെയും കമ്പനികളുടെയും അഭിലാഷങ്ങളില്‍ കഴിഞ്ഞ വര്‍ഷം കാര്യമായ മാറ്റങ്ങള്‍ ഉണ്ടായി. പരമ്പരാഗത സാമ്പത്തിക മാതൃകകള്‍ ഇനി പര്യാപ്തമല്ല. അന്താരാഷ്ട്ര സഹകരണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പുതിയ മാതൃക ആരംഭിക്കാന്‍ സര്‍ക്കാരുകളും സ്വകാര്യ മേഖലയും തമ്മിലുള്ള ഫലപ്രദമായ പങ്കാളിത്തം ആവശ്യമാണ്.
ആഗോള സാമ്പത്തിക അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് നേതാക്കളും തീരുമാനമെടുക്കുന്നവരും തമ്മിലുള്ള സംഭാഷണത്തിനുള്ള പ്രധാന വേദിയായി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് മാറിയിട്ടുണ്ട്. വ്യക്തികളുടെ വ്യക്തിപരമായ ഭാവിയെ കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും ലോകത്തിന്റെ ഭാവിയെ കുറിച്ചുള്ള അവരുടെ അശുഭാപ്തിവിശ്വാസവും തമ്മില്‍ ആശങ്കാജനകമായ വിടവുണ്ട്. ഇത് എല്ലാ സമൂഹങ്ങളുടെയും പ്രയോജനത്തിനായി സാങ്കേതികവിദ്യയുടെ ന്യായമായ ഉപയോഗം ആവശ്യപ്പെടുന്നു.
കൃത്രിമബുദ്ധി ന്യായമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്തില്ലെങ്കില്‍ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്യാഭ്യാസ വിടവ് വര്‍ധിക്കും. അസമത്വം മനുഷ്യ പുരോഗതിക്ക് ഏറ്റവും പ്രധാനപ്പെട്ട തടസ്സങ്ങളിലൊന്നാണ്. ഈ വര്‍ഷാവസാനത്തോടെ ലോകജനസംഖ്യയുടെ ഏകദേശം പത്തു ശതമാനം പേര്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കേണ്ടിവരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതി സാമ്പത്തിക പരിവര്‍ത്തനത്തിന് പുതിയ ആഗോള മാനദണ്ഡം നിശ്ചയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്കില്‍ 3.4 ശതമാനം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 31.7 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തി. പ്രധാന പദ്ധതികളും എക്‌സ്‌പോ 2030, 2034 ഫിഫ ലോകകപ്പ് എന്നിവക്ക് ആതിഥേയത്വം വഹിക്കുന്നതും മുന്‍നിര നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തി. യഥാര്‍ഥ സമ്പത്ത് അളക്കുന്നത് സംഖ്യകളിലൂടെയല്ല. മറിച്ച്, ജനങ്ങളുടെ സമൃദ്ധിയിലൂടെയാണ്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ മൂന്ന് ദിവസങ്ങളില്‍ അതിര്‍ത്തികള്‍ കടന്നുള്ള പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാനും മനുഷ്യരാശിയെ മൊത്തത്തില്‍ സേവിക്കുന്ന പോസിറ്റീവ് പരിവര്‍ത്തനം കൊണ്ടുവരുന്ന അവസരങ്ങള്‍ തുറക്കുന്നതിന് സംഭാവന നല്‍കാനും ഫോറത്തില്‍ പങ്കെടുക്കുന്നവരോട് യാസിര്‍ അല്‍റുമയാന്‍ ആഹ്വാനം ചെയ്തു.



