ജിദ്ദ: കഴിഞ്ഞ വർഷം 1.85 കോടിയിലേറെ വിദേശ ഹജ്, ഉംറ തീർത്ഥാടകരെ സൗദി അറേബ്യ സ്വീകരിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.
മതപരമായ മൂല്യങ്ങൾ, നൂതനാശയങ്ങൾ, സേവനം എന്നിവ സമന്വയിപ്പിക്കുന്ന വിശിഷ്ടമായ ഹജ്, ഉംറ അനുഭവം നൽകാൻ സൗദി അറേബ്യക്ക് അചഞ്ചലമായ പ്രതിബദ്ധതയുള്ളതായി ഓക്‌സ്‌ഫോർഡ് സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസിൽ നടത്തിയ പ്രസംഗത്തിൽ ഹജ്, ഉംറ മന്ത്രി പറഞ്ഞു. തീർത്ഥാടകരെ സേവിക്കുക എന്നത് വെറുമൊരു കടമയല്ല. മറിച്ച്, ഇത് ഒരു ആദരവും പവിത്രമായ വിശ്വാസ്യതയുമാണ്. തീർത്ഥാടകർക്ക് സുഗമവും അന്തസ്സുള്ളതും ആത്മീയവുമായ വിശ്വാസ യാത്ര നൽകാൻ സൗദി അറേബ്യ ശ്രമിക്കുന്നു.
ഡിജിറ്റൽ പരിവർത്തനം മൂല്യങ്ങളെ മാറ്റി സ്ഥാപിക്കുകയല്ല. മറിച്ച്, അവയെ പിന്തുണക്കുകയാണ് ചെയ്യുന്നത്. സാങ്കേതിക വിദ്യ നമ്മുടെ മൂല്യങ്ങളെ മാറ്റിസ്ഥാപിക്കുകയല്ല, പിന്തുണക്കുകയാണ് വേണ്ടത്. അല്ലാഹുവിന്റെ പ്രീതി തേടി വരുന്ന ഓരോ തീർത്ഥാടകന്റെയും അന്തസ്സിനോടും വിശ്വാസത്തോടും യാത്രയുടെ പവിത്രതയോടും ഉള്ള നമ്മുടെ പ്രതിബദ്ധതയെ നമ്മൾ നിർമിക്കുന്ന എല്ലാ കാര്യങ്ങളും പ്രതിഫലിപ്പിക്കണം.
തീർത്ഥാടകർക്ക് സേവനം നൽകുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ച നിരവധി മുൻനിര സംരംഭങ്ങൾ സൗദി അറേബ്യ നടപ്പാക്കിയിട്ടുണ്ട്. 80-ലേറെ രാജ്യങ്ങളുമായി സഹകരിച്ച് നടപ്പാക്കിയ ഇ ട്രാക്ക്, 126 രാജ്യങ്ങളിൽ ലഭ്യമായ നുസുക് പ്ലാറ്റ്‌ഫോം എന്നിവ ഇതിൽ പെടുന്നു. ഇത് തീർത്ഥാടകർക്ക് ഇടനിലക്കാരില്ലാതെ തീർത്ഥാടന യാത്രകൾ സ്വന്തം നിലക്ക് മാനേജ് ചെയ്യാൻ അവസരമൊരുക്കുന്നു. തീർത്ഥാടകരുടെ വ്യക്തിഗത, ആരോഗ്യ വിവരങ്ങളുമായി ബന്ധിപ്പിക്കുന്ന സ്മാർട്ട് കാർഡുകൾ അവരുടെ യാത്ര സുഗമമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സ്ഥലത്തിന്റെ ശാന്തതക്ക് ഭംഗം വരുത്താതെ അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും വിശുദ്ധ ഹറമിൽ നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇരുപതു ഭാഷകളിലായി 100-ലേറെ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നുസുക് ആപ്പ് മദീന മസ്ജിദുന്നബവി റൗദ ശരീഫ് സന്ദർശനത്തിന് കഴിഞ്ഞ വർഷം 1.3 കോടിയിലേറെ പെർമിറ്റുകൾ അനുവദച്ചു.
2022-ൽ റൗദ ശരീഫ് സന്ദർശനത്തിന് 40 ലക്ഷം പെർമിറ്റുകളാണ് അനുവദിച്ചത്. ഇസ്‌ലാമിക പൈതൃകം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. മക്കയുടെയും മദീനയുടെയും ആധികാരിക ഇസ്‌ലാമിക ചരിത്രവുമായി സന്ദർശകരുടെ ബന്ധം വർധിപ്പിക്കാനായി സൗദി അറേബ്യ 55 ഇസ്‌ലാമിക, സാംസ്‌കാരിക കേന്ദ്രങ്ങൾ പുനരുദ്ധരിച്ചിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ഓക്‌സ്‌ഫോർഡ് സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടർ ഡോ. ഫർഹാൻ നിസാമി പ്രശംസിച്ചു. വിശ്വാസം, ചരിത്രം, നൂതന സാങ്കേതിക പരിഹാരങ്ങൾ എന്നിവയുടെ സംയോജനം ആഗോള നിലവാരം സ്ഥാപിക്കുകയും പാരമ്പര്യത്തിനും നവീകരണത്തിനും ഇടയിൽ പ്രചോദനാത്മകമായ സന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതായും ഡോ. ഫർഹാൻ നിസാമി പറഞ്ഞു.