റിയാദ് – സൗദി അറേബ്യയും പാക്കിസ്ഥാനും തന്ത്രപരമായ കരാര്‍ ഒപ്പുവെച്ച് പ്രതിരോധ പങ്കാളിത്തം വിപുലീകരിച്ചു. രണ്ട് രാജ്യങ്ങള്‍ക്കുമെതിരായ ഏതെങ്കിലും ബാഹ്യ സായുധ ആക്രമണത്തെ ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന വ്യവസ്ഥ പുതിയ തന്ത്രപരമായ കരാറില്‍ ഉള്‍പ്പെടുന്നു.
റിയാദില്‍ നടന്ന ഔദ്യോഗിക ചര്‍ക്കൊടുവില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫുമാണ് തന്ത്രപരമായ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള ഏകോപന ശ്രമങ്ങളും പൊതു താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, സൈനിക സഹകരണത്തിന്റെ നീണ്ട ചരിത്രത്തിന്റെ പരിസമാപ്തിയായ പുതിയ കരാര്‍ പങ്കിട്ട സുരക്ഷാ വിധിയുടെ തത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിലേക്ക് നീങ്ങുന്നു.
മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും കൈവരിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാറെന്ന് സൗദി അറേബ്യയും പാക്കിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പ്രതിരോധ സഹകരണം വികസിപ്പിക്കുകയും ഏതെങ്കിലും ആക്രമണത്തിനെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. രണ്ട് രാജ്യങ്ങള്‍ക്കുമെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമാണെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
സൗദി അറേബ്യയും പാക്കിസ്ഥാനും… ആക്രമണകാരിയെ നേരിടുന്നതില്‍ ഒറ്റക്കെട്ട്… എന്നും എക്കാലവും – സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ എക്‌സ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പോസ്റ്റില്‍ പങ്കാളിത്ത കരാറിനെ കുറിച്ച് അഭിപ്രായപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങളെ പാക്കിസ്ഥാന്റെ സൈനിക അനുഭവത്തിന്റെയും ശക്തിയുടെയും സൗദി അറേബ്യയുടെ സാമ്പത്തിക ശേഷികളുടെയും തന്ത്രപരമായ സ്ഥാനത്തിന്റെയും സംയോജനമായി പാക്കിസ്ഥാനിലെ മുന്‍ സൗദി അംബാസഡര്‍ അലി അവാദ് അസീരി വിശേഷിപ്പിച്ചു. രണ്ട് രാജ്യങ്ങളിലും ഭരണാധികാരികള്‍ എത്ര മാറിയാലും, ഓരോ പുതിയ നേതൃത്വവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും ആഴമേറിയതുമായി വളരുന്നു. രണ്ട് രാജ്യങ്ങളുടെയും സുരക്ഷയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ വിശിഷ്ട സഹകരണം ശക്തമായ സന്ദേശം നല്‍കുന്നതായും അലി അവാദ് അസീരി പറഞ്ഞു.
പുതിയ കരാര്‍ ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മറ്റ് രാജ്യങ്ങളുമായുള്ള നിലവിലുള്ള സഹകരണത്തിന് ഒരു ബദലല്ല ഇതെന്നും നിരീക്ഷകര്‍ കരുതുന്നു. മറിച്ച്, ഇത് നിയമാനുസൃതമായ ഒരു പരമാധികാര അവകാശത്തിന്റെ സ്വാഭാവിക പ്രയോഗമാണ്. സമകാലിക സുരക്ഷാ വെല്ലുവിളികള്‍ ഇനി ദേശീയ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. മറിച്ച്, മേഖലയെയും ഭൂഖണ്ഡങ്ങളെയും മറികടക്കുന്നു എന്ന പരസ്പര അംഗീകാരത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. അതിനാല്‍, അന്താരാഷ്ട്ര സംവിധാനത്തിലെ തുടര്‍ച്ചയായ പരിവര്‍ത്തനങ്ങളുടെയും പരമ്പരാഗത സഖ്യങ്ങളിലെ മാറ്റത്തിന്റെയും വെളിച്ചത്തില്‍ ഇരു രാജ്യങ്ങളെയും ഒരു ഏകീകൃത പ്രതിരോധ മുന്നണിയില്‍ നിര്‍ത്തുകയും അധിക പ്രതിരോധ ശക്തി നല്‍കുകയും ചെയ്യുന്ന വ്യക്തമായ കരാര്‍ എന്നോണം പുതിയ കരാര്‍ ഏറെ പ്രധാനമാണ്.
കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി സൗദി-പാക്കിസ്ഥാന്‍ ബന്ധങ്ങള്‍ക്ക് ഗണ്യമായ ആക്കം വര്‍ധിച്ചു. ചരിത്രപരമായ ബന്ധങ്ങളെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റുന്നതിന് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള പരസ്പര സന്ദര്‍ശനങ്ങള്‍ കാരണമായി. 2019 ല്‍ സൗദി കിരീടാവകാശിയുടെ ഇസ്‌ലാമാബാദ് സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍ നാഴികക്കല്ലായി. സന്ദര്‍ശന വേളയില്‍, സൗദി-പാക്കിസ്ഥാന്‍ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതായി പ്രഖ്യാപിക്കുകയും 20 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. സുരക്ഷ സമ്പദ്വ്യവസ്ഥയില്‍ നിന്ന് വേര്‍തിരിക്കാനാവാത്തതാണെന്നും, ഉറച്ച സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് വികസന താല്‍പ്പര്യങ്ങള്‍ സുരക്ഷാ പ്രതിബദ്ധതകളുമായി സംയോജിപ്പിക്കേണ്ടതുണ്ടെന്നുമള്ള പങ്കിട്ട കാഴ്ചപ്പാട് ഈ നടപടികള്‍ പ്രതിഫലിപ്പിക്കുന്നു.
കരാറിന്റെ പ്രാധാന്യം പ്രഖ്യാപനത്തിനപ്പുറം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അതിന്റെ വിജയത്തിന് വിശാലമായ സൈനിക ഏകോപനം, ആഴത്തിലുള്ള ഇന്റലിജന്‍സ് പങ്കിടല്‍, സംയുക്ത കമാന്‍ഡ്, കണ്‍ട്രോള്‍ ഘടനകളുടെ രൂപീകരണം എന്നിവ ആവശ്യമാണ്. സൗദി അറേബ്യയും പാക്കിസ്ഥാനും പരസ്പര പ്രതിരോധ പ്രതിബദ്ധതകളുടെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നും ഭാവിയിലെ ഏതൊരു ഭീഷണിയും ഒറ്റ മുന്നണിക്കെതിരായ ആക്രമണമായി മാത്രമേ വ്യാഖ്യാനിക്കപ്പെടുകയുള്ളൂ എന്നുമുള്ള ശക്തമായ സന്ദേശം കരാര്‍ നല്‍കുന്നു. അതിനാല്‍, കരാര്‍ ഒരു നിയമപരമായ രേഖയേക്കാള്‍ ഉപരി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു നാഴികക്കല്ലാണ്. സൗദി-പാക്കിസ്ഥാന്‍ പങ്കാളിത്തം പ്രതിരോധം, തന്ത്രപരമായ സംയോജനം എന്നിവയുടെ ഉയര്‍ന്ന തലത്തിലേക്ക് നീങ്ങിയിട്ടുണ്ടെന്ന സന്ദേശം ആഭ്യന്തരമായും അന്തര്‍ദേശീയമായും ഇത് നല്‍കുന്നു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കും സംഘത്തിനും ഊഷ്മള സ്വീകരണമാണ് സൗദിയില്‍ ലഭിച്ചത്. സൗദി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ശേഷം റോയല്‍ സൗദി വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനങ്ങള്‍ പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടി സേവിച്ചു. അടിയന്തിര അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്കിടെ ദോഹയില്‍ വെച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാക് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് രണ്ട് ദിവസത്തിനു ശേഷമാണ് ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദര്‍ശനം.