ജിദ്ദ – സൗദിയില്‍ കഴിഞ്ഞ മാസം വ്യവസായ, ധാതുവിഭവ മന്ത്രാലയം 168 പുതിയ വ്യാവസായിക പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചു. ഡിസംബറില്‍ 117 പുതിയ ഫാക്ടറികളില്‍ ഉല്‍പാദനം ആരംഭിച്ചു. പുതുതായി ലൈസന്‍സുകള്‍ അനുവദിച്ച വ്യാവസായിക പദ്ധതികളില്‍ 198 കോടിയിലറെ റിയാലിന്റെ നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ പദ്ധതികള്‍ രാജ്യത്തുടനീളം 1,576 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കാക്കുന്നു.
ഡിസംബറില്‍ ഉല്‍പാദനം ആരംഭിച്ച ഫാക്ടറികളിലെ ആകെ നിക്ഷേപങ്ങള്‍ 168 കോടി റിയാലാണ്. ഇവ ഏകദേശം 2,587 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഈ കണക്കുകള്‍ രാജ്യത്തെ വ്യാവസായിക അടിത്തറയുടെ തുടര്‍ച്ചയായ വികാസത്തെയും ഫാക്ടറികള്‍ പ്രവര്‍ത്തനക്ഷമമാകുന്ന നിരക്കിന്റെ വര്‍ധനവിനെയും പ്രതിഫലിപ്പിക്കുന്നു. ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 12,946 ഫാക്ടറികളുണ്ട്. 2024 ഡിസംബറില്‍ ഫാക്ടറികള്‍ 12,002 ആയിരുന്നു.



