ജിദ്ദ – ആഗോള തലത്തില്‍ എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു. ഇതിനുള്ള ധാരണാപത്രത്തില്‍ സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് സി.ഇ.ഒ സുല്‍ത്താന്‍ ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍മുര്‍ശിദും എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരെ പോരാടാനുള്ള ആഗോള ഫണ്ടിന്റെ (ദി ഗ്ലോബല്‍ ഫണ്ട് ടു ഫൈറ്റ് എയിഡ്‌സ്, ട്യൂബര്‍കുലോസിസ് ആന്റ് മലേറിയ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സാന്‍ഡ്സും ജനീവയില്‍ ഒപ്പുവെച്ചു. എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരെ പോരാടാനുള്ള ആഗോള പ്രോഗ്രാമുകളെ സൗദി ധനസഹായം പിന്തുണക്കും. ഐക്യരാഷ്ട്രസഭയിലേക്കും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്‍മുഹ്സിന്‍ ബിന്‍ ഖുഥൈല ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരെ പോരാടാനുള്ള ആഗോള പ്രോഗ്രാമുകളെ പിന്തുണക്കുക, ആരോഗ്യ, കമ്മ്യൂണിറ്റി സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ഈ രോഗങ്ങളുടെ പ്രതിരോധം, ചികിത്സ, പരിചരണം എന്നിവക്ക് സംഭാവന നല്‍കുക, 2026-2028 വര്‍ഷങ്ങളില്‍ വികസ്വര രാജ്യങ്ങളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സേവനങ്ങളെ പിന്തുണക്കുക എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും ദുര്‍ബലരായ സമൂഹങ്ങള്‍ക്ക് അവശ്യ ആരോഗ്യ പ്രോഗ്രാമുകള്‍ ലഭ്യമാക്കാനും ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ആഗോളതലത്തില്‍ ദീര്‍ഘകാല സുസ്ഥിര വികസനത്തെ പിന്തുണക്കാനും ലക്ഷ്യമിട്ട്, ആഗോള ആരോഗ്യ മേഖലയെ പിന്തുണക്കാനും ലോകമെമ്പാടും രോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും ചെറുക്കാനും സൗദി ഫണ്ട് ഫോര്‍ ഡെവലപ്പ്‌മെന്റിലൂടെ സൗദി അറേബ്യ ശ്രമങ്ങള്‍ നടത്തുന്നതായി സുല്‍ത്താന്‍ ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍മുര്‍ശിദ് പറഞ്ഞു.


ഗ്ലോബല്‍ ഫണ്ടിന്റെ തുടക്കം മുതല്‍ സൗദി അറേബ്യ അതിന്റെ പ്രതിബദ്ധതയുള്ള പങ്കാളിയാണെന്ന് ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. 3.9 കോടി ഡോളറിന്റെ പുതിയ സംഭാവന ആഗോള ആരോഗ്യ മേഖലയില്‍ സൗദി അറേബ്യ വഹിക്കുന്ന നേതൃപരവും തുടര്‍ച്ചയായതുമായ പങ്കിനെ വീണ്ടും ഉറപ്പിക്കുന്നു. ലോകമെമ്പാടുമുള്ള സമൂഹങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ഭാവിയിലെ ആരോഗ്യ വെല്ലുവിളികളെ ചെറുക്കാനും സൗദി അറേബ്യയുടെ പിന്തുണ സഹായിക്കുന്നതായും പീറ്റര്‍ സാന്‍ഡ്സ് പറഞ്ഞു.
2002 മുതല്‍ സൗദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് വഴി ഗ്ലോബല്‍ ഫണ്ടിലേക്ക് സൗദി അറേബ്യ മൊത്തം 20 കോടിയിലേറെ ഡോളറിന്റെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇത് വികസന പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുകയും ആഗോള ആരോഗ്യ മേഖലയെ പിന്തുണക്കുന്നതിലും വെല്ലുവിളികളെ നേരിടാനുള്ള ആരോഗ്യ സംവിധാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും രാജ്യത്തിന്റെ പ്രധാന പങ്കിന് അടിവരയിടുകയും ചെയ്യുന്നു. ഇത് ഗുണഭോക്തൃ രാജ്യങ്ങളില്‍ സുസ്ഥിര ആരോഗ്യ-വികസന സ്വാധീനത്തിന് സഹായിക്കുന്നു.



