ജിദ്ദ – സൗദിയില്‍ നിന്ന് ഒരാഴ്ചക്കിടെ 12,000 ലേറെ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകള്‍ വഴി 12,238 നിയമ ലംഘകരെയാണ് നാടുകടത്തിയത്.
സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി പാസ്‌പോര്‍ട്ടുകളില്ലാത്ത 20,555 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 3,904 പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് 28,411 നിയമ ലംഘകര്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നു. ഇക്കൂട്ടത്തില്‍ 26,855 പേര്‍ പുരുഷന്മാരും 1,556 പേര്‍ വനിതകളുമാണ്.
കഴിഞ്ഞ ഒരാഴ്ക്കിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 11,752 ഇഖാമ നിയമ ലംഘകരും 4,239 നുഴഞ്ഞുകയറ്റക്കാരും 2,814 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 18,805 നിയമ ലംഘകര്‍ പിടിയിലായി. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 1,739 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തില്‍ 37 ശതമാനം പേര്‍ യെമനികളും 62 ശതമാനം പേര്‍ എത്യോപ്യക്കാരും ഒരു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 46 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നല്‍കിയ 14 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.


സൗദിയില്‍ നുഴഞ്ഞുകയറാന്‍ നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നല്‍കുന്നവര്‍ക്കും 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.



