ജിദ്ദ – ദക്ഷിണ യെമനിലെ പുതിയ ആഭ്യന്തര സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പുതിയ വഴിത്തിരിവില്‍. യു.എ.ഇ സൈന്യത്തെ ഇരുപത്തിനാലു മണിക്കൂറിനകം യെമനില്‍ നിന്ന് പിന്‍വലിക്കണമെന്ന് യെമനും സൗദി അറേബ്യയും ആവശ്യപ്പെട്ടു. യെമനിലെ ഏതു കക്ഷിക്കും സാമ്പത്തിക, സൈനിക സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെക്കണം. സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ സൈന്യത്തെ പിന്തുണക്കാനായി യു.എ.ഇയിലെ ഫുജൈറയില്‍ നിന്ന് രണ്ടു കപ്പലുകളില്‍ യെമനിലെ അല്‍മുകല്ല തുറമുഖത്തെത്തിച്ച ആയുധങ്ങള്‍ക്കും സൈനിക വാഹനങ്ങള്‍ക്കും നേരെ സഖ്യസേന ഇന്ന് രാവിലെ വ്യോമാക്രമണം നടത്തി.
യെമന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സഹോദര രാഷ്ട്രങ്ങള്‍ക്കിടയില്‍ നല്ല അയല്‍പക്ക ബന്ധം ശക്തിപ്പെടുത്താനുമുള്ള യുക്തിസഹമായ രാഷ്ട്രീയ പരിഹാരങ്ങളെ പിന്തുണക്കുക എന്നതാണ് സൗദി അറേബ്യയുടെ നിലപാടെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യെമന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും തത്വങ്ങളോടുള്ള പ്രതിബദ്ധത ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന അടുത്ത ബന്ധങ്ങളെയും യെമനില്‍ സ്ഥിരത വര്‍ധിപ്പിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്ന ഈ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിവേകവും പരസ്പര ധാരണയും സൗദി അറേബ്യ പ്രതീക്ഷിക്കുന്നു. എല്ലാ കക്ഷികളും ആഗ്രഹിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് സൗദി അറേബ്യക്കും യു.എ.ഇക്കും ഇടയിലുള്ള ഉഭയകക്ഷി ബന്ധവും യെമന്‍ ജനതയുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കും.
ദക്ഷിണ യെമന്‍ പ്രശ്‌നം ഭാവിയിലെ ഒരു രാഷ്ട്രീയ പരിഹാരത്തിലും അവഗണിക്കാന്‍ കഴിയാത്ത ന്യായമായ പ്രശ്‌നമാണ്. യെമന്‍ ദേശീയ സംവാദത്തിന്റെയും ഭാവിയിലെ ഏതൊരു രാഷ്ട്രീയ പ്രക്രിയയുടെയും അവിഭാജ്യ ഘടകമാണ് ഈ വിഷയം. ദക്ഷിണ യെമന്‍ ജനതയിലെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഈ പ്രശ്‌നം ദേശീയ സമവായത്തിലൂടെയും പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിലൂടെയും എല്ലാ യെമനികള്‍ക്കിടയിലും വിശ്വാസം വളര്‍ത്തിയെടുക്കുന്നതിലൂടെയും ബാഹ്യ ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമായും പരിഹരിക്കണം.
യെമനില്‍ രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരത ഉറപ്പാക്കുന്നതിന് ദക്ഷിണ യെമന്‍ പ്രശ്‌നം ന്യായമായും സുതാര്യമായും പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. യെമനില്‍ സമാധാനത്തിനും വികസനത്തിനുമുള്ള പാത ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുകയും വരാനിരിക്കുന്ന രാഷ്ട്രീയ പ്രക്രിയയില്‍ എല്ലാ യെമന്‍ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുനല്‍കുകയും ചെയ്യുന്നു.
ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും അന്താരാഷ്ട്ര നിയമം പാലിക്കാനും യെമന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും സൗദി അറേബ്യ ആഹ്വാനം ചെയ്തു. യെമന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രാദേശിക സുരക്ഷ സംരക്ഷിക്കാനും യെമനില്‍ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് ഗള്‍ഫ്, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യ തുടരുമെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
യെമനിലെ എല്ലാ യെമന്‍ പാര്‍ട്ടികളെയും വിഭാഗങ്ങളെയും ദേശീയ തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, സ്ഥിരതയും സന്തുലിതാവസ്ഥയും ഉറപ്പാക്കുന്ന വിധത്തില്‍ പരിഗണിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അധികാരം പങ്കിടാനുള്ള ദക്ഷിണ യെമന്‍ ജനതയുടെ അവകാശം റിയാദ് കരാര്‍ സ്ഥാപിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ദേശീയ സുരക്ഷയെ ലംഘിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചുവന്ന വരയാണ്. അതിനെ നേരിടാനും നിര്‍വീര്യമാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മടിക്കില്ല.
സൗദി അറേബ്യയുടെ സുരക്ഷയെയോ യെമന്റെ സുരക്ഷയെയോ ബാധിക്കുന്ന ഏതൊരു സംഭവവികാസങ്ങളെയും രാജ്യം അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്നു. സംയമനം പാലിക്കുന്ന സമീപനം രാജ്യം തുടരും. ദേശീയ സുരക്ഷ സംരക്ഷിക്കാനും പ്രാദേശിക സ്ഥിരത നിലനിര്‍ത്താനുമുള്ള സൗദി അറേബ്യയുടെ പൂര്‍ണ്ണ സുസജ്ജതയും സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയുടെ ദക്ഷിണ അതിര്‍ത്തിയില്‍ യെമനിലെ ഹദ്‌റമൗത്ത്, അല്‍മഹ്‌റ ഗവര്‍ണറേറ്റുകളില്‍ സൈനിക നടപടികള്‍ സ്വീകരിക്കാന്‍ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനു മേല്‍ യു.എ.ഇ സമ്മര്‍ദം ചെലുത്തിയത് ഖേദകരമാണ്. ഇത് സൗദി അറേബ്യയുടെ ദേശീയ സുരക്ഷക്കും യെമന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ്. ഗുരുതരമായ നടപടികളാണ് യു.എ.ഇയുടെ ഭാഗത്തു നിന്നുണ്ടായത്. സഖ്യസേന സ്ഥാപിതമായ തത്വങ്ങള്‍ക്കും യെമനില്‍ സുരക്ഷയും സ്ഥിരതയുമുണ്ടാക്കാനുള്ള ശ്രമങ്ങളുമായും ഇത് പൊരുത്തപ്പെടുന്നില്ല. യെമന്റെ സുരക്ഷക്കും സ്ഥിരതക്കും പരമാധികാരത്തിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. യെമന്‍ പ്രസിഡന്റിനും സര്‍ക്കാരിനും സൗദി അറേബ്യ പൂര്‍ണ പിന്തുണ നല്‍കുന്നു. സാമൂഹിക, ചരിത്ര മാനങ്ങളുള്ള പ്രശ്‌നമാണ് ദക്ഷിണ യെമന്‍ പ്രശ്‌നം. യെമനിലെ സമഗ്ര രാഷ്ട്രീയ പരിഹാരത്തിന്റെ ഭാഗമായി യെമനിലെ മുഴുവന്‍ കക്ഷികളും പങ്കെടുക്കുന്ന ചര്‍ച്ചകളിലൂടെയാണ് ഇതിന് പരിഹാരം കാണേണ്ടതെന്നും സൗദി അറേബ്യ പറഞ്ഞു.
സഖ്യസേനയില്‍ നിന്ന് ഔദ്യോഗിക ലൈസന്‍സുകള്‍ നേടാതെ ശനി, ഞായര്‍ ദിവസങ്ങളിലാണ് ഫുജൈറ തുറമുഖത്തു നിന്ന് ആയുധങ്ങള്‍ വഹിച്ച രണ്ടു കപ്പലുകള്‍ അല്‍മുകല്ല തുറമുഖത്തെത്തിയതെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍മാലികി പറഞ്ഞു. യു.എന്‍ രക്ഷാ സമിതി 2216 -ാം നമ്പര്‍ പ്രമേയം ലംഘിച്ച് യെമനില്‍ സംഘര്‍ഷം മൂര്‍ഛിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കിഴക്കന്‍ യെമനിലെ ഹദ്‌റമൗത്ത്, അല്‍മഹ്‌റ ഗവര്‍ണറേറ്റുകളില്‍ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ സേനയെ പിന്തുണക്കാനായി വന്‍ ആയുധ ശേഖരങ്ങളും പോരാട്ട വാഹനങ്ങളും കപ്പലുകളില്‍ നിന്ന് അല്‍മുകല്ല തുറമുഖത്ത് ഇറക്കി. യെമന്‍ പ്രസിഡന്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഈ ആയുധങ്ങള്‍ക്കു നേരെ ഇന്ന് രാവിലെ സഖ്യസേന പരിമിതമായ നിലക്ക് വ്യോമാക്രമണങ്ങള്‍ നടത്തുകയായിരുന്നെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.
അതിനിടെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ യെമന്‍ പ്രസിഡന്റ് ഡോ. റശാദ് അല്‍അലീമി യെമനില്‍ 90 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. യെമനിലെ മുഴുവന്‍ തുറമുഖങ്ങള്‍ക്കും കരാതിര്‍ത്തി പോസ്റ്റുകള്‍ക്കും മേല്‍ 72 മണിക്കൂര്‍ നേരത്തെക്ക് വ്യോമ, സമുദ്ര, കര ഉപരോധവും പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. യെമനും യു.എ.ഇയും ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാര്‍ റദ്ദാക്കിയതായും യെമന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു.



