റിയാദ് – സൗദി അറേബ്യക്കും ഖത്തറിനും ഇടയില്‍ അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ കരാര്‍ ഒപ്പുവെച്ചു. സൗദി-ഖത്തര്‍ ഏകോപന സിമിതി യോഗത്തിന്റെ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെയും സാന്നിധ്യത്തില്‍ സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ഖത്തര്‍ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഥാനി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യപരവും ചരിത്രപരവുമായ ബന്ധങ്ങളുടെ ആഴമാണ് പുതിയ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. സഹകരണവും വികസന സംയോജനവും വര്‍ധിപ്പിക്കാനും സുസ്ഥിര വികസനം ശക്തമാക്കാനും മേഖലയില്‍ വികസനത്തിന്റെയും സമൃദ്ധിയുടെയും വിശാലമായ ചക്രവാളങ്ങളോടുള്ള പങ്കിട്ട പ്രതിബദ്ധത പ്രകടിപ്പിക്കാനും ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളിലെ തന്ത്രപരമായ ചുവടുവെപ്പാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അതിവേഗ ട്രെയിന്‍ പദ്ധതി.
സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിനെയും ഖത്തറിന്റെ തലസ്ഥാനമായ ദോഹയെയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ പദ്ധതി 785 കിലോമീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചുകിടക്കും. കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫ്, ദമാം തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ പദ്ധതി റിയാദ് കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുകയും ചെയ്യും. മണിക്കൂറില്‍ 300 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് ട്രെയിനുകളാണ് ഈ പാതയില്‍ സര്‍വീസിന് ഉപയോഗിക്കുക. ഇത് രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ വേഗത്തിലുള്ളതും സുസ്ഥിരവുമായ ഗതാഗതത്തിന് വഴിയൊരുക്കും. പ്രാദേശിക യാത്രാനുഭവം മെച്ചപ്പെടുത്തുകയും അതുവഴി രണ്ട് തലസ്ഥാന നഗരികള്‍ക്കുമിടയിലെ യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി കുറക്കുകയും ചെയ്യും. ഇത് ഗതാഗതത്തെ പിന്തുണക്കുകയും വ്യാപാരവും ടൂറിസവും വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യും.
അതിവേഗ ട്രെയിന്‍ പ്രതിവര്‍ഷം ഒരു കോടിയിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കും. സൗദിയിലെയും ഖത്തറിലെയും ലാന്‍ഡ്മാര്‍ക്കുകള്‍ എളുപ്പത്തില്‍ പര്യവേക്ഷണം ചെയ്യാന്‍ ഇത് യാത്രക്കാര്‍ക്ക് അവസരമൊരുക്കും. പ്രത്യക്ഷമായും പരോക്ഷമായും 30,000 ലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായിക്കും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, ഇരു രാജ്യങ്ങളുടെയും ജി.ഡി.പിയില്‍ ഏകദേശം 115 ബില്യണ്‍ റിയാലിന്റെ സാമ്പത്തിക സ്വാധീനം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് പ്രാദേശിക വികസനത്തെ പിന്തുണക്കും. അത്യാധുനിക റെയില്‍വേ ശൃംഖലയിലൂടെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയിലെ കണക്റ്റിവിറ്റിയും സംയോജനവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പദ്ധതികളില്‍ ഒന്നായി റിയാദ്-ദോഹ ട്രെയിന്‍ സര്‍വീസ് മാറും.
സുരക്ഷിതവും സുസ്ഥിരവുമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തിലും സുരക്ഷയിലും, ഏറ്റവും പുതിയ റെയില്‍വേ സാങ്കേതികവിദ്യകളും സ്മാര്‍ട്ട് എന്‍ജിനീയറിംഗും ഉപയോഗിച്ച് ആറ് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. ഇത് പരിസ്ഥിതി സുസ്ഥിരത കൈവരിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും മേഖലയിലെ സ്മാര്‍ട്ട്, സുസ്ഥിര മൊബിലിറ്റിക്കായി കൂടുതല്‍ കാര്യക്ഷമവും നൂതനവുമായ ഗതാഗത മാതൃകകളിലേക്കുള്ള പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കും.
സൗദി-ഖത്തര്‍ ഏകോപന സിമിതി യോഗത്തില്‍ റെയില്‍ ഗതാഗതം, നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, ഭക്ഷ്യസുരക്ഷ, മാധ്യമങ്ങള്‍, നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സഹകരണം എന്നീ മേഖലകളില്‍ ഏതാനും കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും നവീകരണവും, വ്യവസായവും ഖനനവും, വ്യാവസായിക സംയോജനത്തിനായുള്ള സംയുക്ത ശ്രമങ്ങള്‍ ത്വരിതപ്പെടുത്തല്‍, യുവജന, കായിക, സാംസ്‌കാരിക പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, സംയുക്തവും ഉയര്‍ന്ന നിലവാരമുള്ളതുമായ അക്കാദമിക് പ്രോഗ്രാമുകള്‍ സ്ഥാപിക്കല്‍, മാധ്യമ ഉള്ളടക്കത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കല്‍, സംയുക്ത മാധ്യമ നിര്‍മ്മാണം, ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും മാധ്യമ കവറേജ്, സൈബര്‍ സുരക്ഷ, ആരോഗ്യം എന്നീ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സൗദി-ഖത്തര്‍ ഏകോപന സിമിതി യോഗത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.
ഇരു രാജ്യങ്ങളുടെയും പൊതുതാല്‍പ്പര്യങ്ങള്‍ നിറവേറ്റാനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാനും പ്രാദേശിക വെല്ലുവിളികളെ നേരിടുന്നതില്‍ നിലപാടുകള്‍ ഏകോപിപ്പിക്കാനും അതുവഴി മേഖലയുടെ സുരക്ഷ സംരക്ഷിക്കാനും സുസജ്ജത വര്‍ധിപ്പിക്കാനും സഹായിക്കുന്ന നിലക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും വ്യക്തമാക്കി.
വൈദഗ്ധ്യ കൈമാറ്റം, സുരക്ഷാ സന്ദര്‍ശനങ്ങള്‍, ഇരു രാജ്യങ്ങളിലെയും യാത്രക്കാരുടെ സുരക്ഷയെ കുറിച്ചുള്ള വിവര കൈമാറ്റം, പരിശീലന കോഴ്സുകള്‍ നടത്തല്‍, ഇരു രാജ്യങ്ങളിലും നടക്കുന്ന സൈബര്‍ സുരക്ഷാ സമ്മേളനങ്ങളിലെ പങ്കാളിത്തം, അതിര്‍ത്തി സുരക്ഷ, മയക്കുമരുന്ന്, തീവ്രവാദം, ഭീകരത, ഇവക്കുള്ള ധനസഹായം എന്നിവക്കെതിരായ പോരാട്ടം, എല്ലാത്തരം കുറ്റകൃത്യങ്ങളും തടയല്‍ എന്നിവയുള്‍പ്പെടെ സുരക്ഷാ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സുരക്ഷാ ഏകോപനത്തിന്റെയും നിലവാരത്തെ യോഗം പ്രശംസിക്കുകയും ഇരുരാജ്യങ്ങളിലും സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ഈ സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.



